ബഹ്‌റൈൻ പ്രതിഭ വോളിഫെസ്റ്റ് സീസൺ 4 - ബഹ്‌റൈൻ കെ എം സി സി ജേതാക്കൾ

പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വോളി ബോൾ മത്സരത്തിന്റെ നാലാം സീസൺ ജൂൺ 12, 13 തീയതികളിൽ സിഞ്ചിലെ അൽ അഹ്ലി ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. വോളിഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള നിർവ്വഹിച്ചു. വോളിഫെസ്റ്റ് ജനറൽ കൺവീനർ സുലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല പ്രസിഡണ്ട് സജീവൻ മാക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. വോളി ഫെസ്റ്റ് ചെയർ പേഴ്സൺ എ വി അശോകൻ, പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ മേഖല സെക്രട്ടറി ബിനു കരുണാകരൻ, പ്രതിഭ രക്ഷാധികാരി സമതി അംഗങ്ങളായ സി വി നാരായണൻ, സുബൈർ കണ്ണൂർ എന്നിവർ സംബന്ധിച്ചു. രാധാകൃഷ്ണപിള്ളയ്ക്കുള്ള ഉപഹാരം മേഖല സെക്രട്ടറി ബിനു കരുണാകരൻ കൈമാറി. സംഘാടക സമിതി ജോയിന്റ് കൺവീനർ അജീഷ് നന്ദി പറഞ്ഞു.
പന്ത്രണ്ട് ടീമുകൾ പങ്കെടുത്ത മത്സരങ്ങളുടെ പ്രാഥമിക ലീഗ് മത്സരങ്ങൾ വ്യാഴാച്ചയും ക്വാർട്ടർ, സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ചയും നടന്നു. ആവേശം നിറഞ്ഞ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് കെഎംസിസി കോഴിക്കോട് അൽ റീഫ് വോളി ഫൈറ്റേഴ്സിനെ തോല്പിച്ച് വോളി ഫെസ്റ്റ് സീസൺ 4 കിരീടം സ്വന്തമാക്കി. വിജയികൾക്കുള്ള ട്രോഫി പ്രതിഭ രക്ഷാധികാരി പി. ശ്രീജിത്തും റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴയും നൽകി. മേഖല കമ്മിറ്റി അംഗങ്ങൾ, രക്ഷാധികാരി അംഗങ്ങൾ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ മറ്റ് ട്രോഫികളും, സ്പോൺസേഴ്‌സിനുള്ള ഉപഹാരങ്ങളും നൽകുകയുണ്ടായി. ഇതോടൊപ്പം ഫിലിപ്പൈൻ വനിതടീമുകളുടെ സൗഹൃദ മത്സരവും അരങ്ങേറി.
aa