കെ.എം.സി.സി ബഹ്റൈൻ 40ആം സമൂഹ രക്തദാന ക്യാമ്പ് 23ന്

ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ശിഹാബ് തങ്ങൾ അനുസ്മരണത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന കെ.എം.സി.സി ബഹ്റൈൻ 40ആം സമൂഹ രക്തദാന ക്യാമ്പ് 23ന് സൽമാനിയ മെഡിക്കൽ സെന്‍ററിൽ നടക്കുമെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 40ാമത് സമൂഹ രക്തദാന ക്യാമ്പ് നാളെ രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒന്നുവരെ സല്‍മാനിയ മെഡിക്കല്‍ സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. 2009ലാണ് ശിഹാബ് തങ്ങൾ സ്മരണാർഥം കെ.എം.സി.സി ബഹ്‌റൈന്‍ രക്തദാന പദ്ധതി ആരംഭിച്ചത്. ഇതിനകം 6100 പേരാണ് ‘ജീവസ്പര്‍ശം’ക്യാമ്പ് വഴി രക്തം നൽകിയത്. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ രക്തം നൽകുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്.
രക്തദാനം നടത്തി ജീവസ്പര്‍ശം പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് 33161984 അല്ലെങ്കിൽ 34599814 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് റജിസ്റ്റര്‍ ചെയ്യാം. വാഹന സൗകര്യം ആവശ്യമുള്ളവർ 39903647 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. രക്തദാന ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ്‌ലം വടകര, ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വൈസ് പ്രസിഡന്റുമാരായ എ.പി. ഫൈസൽ, റഫീഖ് തോട്ടക്കര, സെക്രട്ടറിമാരായ ഫൈസൽ കണ്ടിത്താഴ, ഫൈസൽ കോട്ടപ്പള്ളി, ക്യാമ്പ് കൺവീനർ അഷ്‌റഫ് മഞ്ചേശ്വരം, ക്യാമ്പ് കോഓഡിനേറ്റർ അഷ്‌റഫ് തോടന്നൂർ, ഇസ്ഹാഖ് വില്യാപ്പിള്ളി, റിയാസ് മണിയൂർ, റിയാസ് ഒമാനൂർ എന്നിവർ പങ്കെടുത്തു.