ലോകകപ്പ് ടിക്കറ്റ്​ വില്‍ക്കാനും വാങ്ങാനും അവസരം


ലോകകപ്പ് മാച്ച്‌ ടിക്കറ്റുകളുടെ റീ സെയില്‍ പ്ലാറ്റ്ഫോം ചൊവ്വാഴ്ച പുനരാരംഭിച്ചു. അവസാനഘട്ട ടിക്കറ്റ് വില്‍പനക്ക് തുടക്കംകുറിച്ചതിനു പിന്നാലെയാണ് ഫിഫ ടിക്കറ്റ്സ് വഴിയുള്ള പുനര്‍വില്‍പന പ്ലാറ്റ്ഫോമും പ്രവര്‍ത്തനസജ്ജമായത്. കൈവശമുള്ള ടിക്കറ്റുകള്‍ വില്‍ക്കാനും അതേസമയം, ആവശ്യമുള്ള ആരാധകര്‍ക്ക് വാങ്ങാനും അനുവദിക്കുന്നതാണ് റീ സെയില്‍ പ്ലാറ്റ്ഫോം. നേരത്തേ ആവശ്യത്തിലേറെ ടിക്കറ്റുകള്‍ കൂട്ടമായി വാങ്ങുകയും എന്നാല്‍, ഇപ്പോള്‍ ഒഴിവാക്കാന്‍ താല്‍പര്യപ്പെടുന്നവരുമായി വലിയ വിഭാഗമുണ്ട്.

അതേസമയം, ഇഷ്ട ടീമുകളുടെ മാച്ച്‌ ടിക്കറ്റുകള്‍ക്കായി ഇനിയും അന്വേഷിക്കുന്ന ഒരുപാട് ആരാധകരുമുണ്ട്. അവര്‍ക്ക് റീ സെയില്‍ പ്ലാറ്റ്ഫോം ഏറെ ഗുണകരമാവുമെന്ന് ഫിഫ ലോകകപ്പ് മാര്‍ക്കറ്റിങ് കമ്യൂണിക്കേഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹസന്‍ റാബിഅ അല്‍ കുവാരി പറഞ്ഞു.

ടൂര്‍ണമെന്റ് കഴിയുന്നതുവരെ ടിക്കറ്റിങ് വെബ്സൈറ്റ് ലഭ്യമാവുമെന്നും ആരാധകര്‍ക്ക് ഇതുവഴി ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയുള്ള മാനദണ്ഡങ്ങള്‍പ്രകാരം തന്നെയാവും റീ സെയില്‍ പ്ലാറ്റ്ഫോമിന്റെ സേവനം.

ലോകകപ്പ് മാച്ച്‌ ടിക്കറ്റകള്‍ക്ക് ആദ്യഘട്ടം മുതല്‍തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വലിയ ആവശ്യക്കാര്‍ ഉയര്‍ന്നതായി അദ്ദേഹം വിശദീകരിച്ചു. ഇതിനകം 27 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ലോകകപ്പ് ഫൈനല്‍ ദിനമായ ഡിസംബര്‍ 18 വരെ ഫിഫ ടിക്കറ്റ് പ്ലാറ്റ്ഫോം തുറന്നിരിക്കും.

എന്നാല്‍, ചില മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇതിനകം പൂര്‍ണമായും വിറ്റഴിഞ്ഞു. ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ലോകകപ്പ് മത്സരം അടുത്തിരുന്ന് കാണാനും ആസ്വദിക്കാനുമുള്ള സുവര്‍ണാവസരമാണ് ലോകകപ്പ്. മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കി കളി കാണാന്‍ ഒരുങ്ങാമെന്നും അല്‍കുവാരി പറഞ്ഞു.

You might also like

  • Lulu Exhange
  • Straight Forward

Most Viewed