ഡൽഹിയിൽ കെട്ടിടത്തിൽ വൻ തീപിടിത്തം; 27 മരണം

പടിഞ്ഞാറൻ ഡൽഹി മുണ്ട്ക മെട്രോസ്റ്റേഷന് സമീപം മൂന്ന് നില വാണിജ്യ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു സ്ത്രീ ഉൾപ്പടെ 27ലേറെപ്പേർ മരിച്ചു. 40ലേറെ പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. എഴുപതോളം പേരെ രക്ഷപ്പെടുത്തി.
അതേസമയം കെട്ടിടത്തിന് എൻഒസി ഇല്ലെന്ന് പൊലീസ് പറഞ്ഞു. കെട്ടിട ഉടമ മനീഷ് ലക്രയാണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ലക്ര ഇപ്പോൾ ഒളിവിലാണ്, ഇയാളെ ഉടൻ പിടികൂടുമെന്നും ഡിസിപി പറഞ്ഞു.
പരുക്കേറ്റവരെയെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് നിലകളുളള കെട്ടിടത്തിന്റെ രണ്ട് നിലകളിലായാണ് തീ പടർന്നത്. തീ അണയ്ക്കാൻ 24 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായത്.