കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതി ജഡ്ജി പിന്മാറി


നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതി ജഡ്ജി സ്വയം പിന്മാറി. ജസ്റ്റീസ് കൗസർ എടപ്പഗത്താണ് പിന്മാറിയത്.  ഇന്ന് രാവിലെ കേസ് നമ്പര്‍ വിളിച്ച ശേഷമാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുകയാണെന്ന് അദ്ദേഹം അറിയിച്ചത്. ഹർജി ബുധനാഴ്ച മറ്റൊരു ബെഞ്ച് പരിഗണിക്കും.  ബഞ്ച് മാറ്റം ആവശ്യപ്പെട്ട് അതിജീവിത അപേക്ഷ നൽകിയിരുന്നുവെങ്കിലും ഹൈക്കോടതി രജിസ്ട്രി തീരുമാനമെടുത്തിരുന്നില്ല. ജഡ്ജി ഇന്ന് സ്വയം പിന്മാറിയില്ലെങ്കിൽ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറാൻ അതിജീവിത ആവശ്യപ്പെടുമെന്ന് അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിചാരണ കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജിക്ക് ഈ ഹർജി പരിഗണിക്കാൻ ആകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. ഉന്നത സ്വാധീനത്താൽ കേസ് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നുവെന്നാണ് നടിയുടെ ഹർജിയിലുള്ളത്. കേസിന്‍റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിൽനിന്ന് നീക്കിയിരുന്നു. കേസിൽ കാവ്യ മാധവനെ പ്രതിയാക്കേണ്ടതില്ലെന്നും ആരോപണവിധേയരായ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടതില്ലെന്നും കോടതി നേരത്തെ തീരുമാനിച്ചിരുന്നു. സർക്കാരിനെതിരേ ഗുരുതര ആരോപണങ്ങൾ കേസിലെ തുടരന്വേഷണം ഭരണ രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി കൈകാര്യം ചെയ്തെന്ന ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ വിചാരണക്കോടതി നടപടിയെടുത്തില്ലെന്നുമാണ് നടി ആരോപിക്കുന്നത്. മെമ്മറി കാർഡിന്‍റെ പരിശോധനാഫലം വരുന്നതുവരെ തുടരന്വേഷണ റിപ്പോർട്ട് നൽകരുതെന്ന് നിർദേശിക്കണമെന്നാണ് ഇടക്കാല ആവശ്യം. സർക്കാർ ആദ്യം നീതിയുക്തമായ അന്വേഷണത്തിനു നടപടിയെടുത്തെങ്കിലും ഇപ്പോൾ പിൻവലിയുകയാണെന്ന് ഹർജിയിൽ പറയുന്നു. തുടരന്വേഷണം പൂർത്തിയാക്കും മുന്പു അവസാനിപ്പിക്കാൻ നടൻ ദിലീപ് ഭരണകക്ഷിയിലെ ചില നേതാക്കളെ സ്വാധീനിച്ചു. തുടരന്വേഷണം പാതിവഴി അവസാനിപ്പിച്ച് അന്തിമ റിപ്പോർട്ട് നൽകാൻ ഉന്നത രാഷ്ട്രീയ നേതാക്കൾ പ്രോസിക്യൂഷനെയും അന്വേഷണ സംഘത്തെയും ഭീഷണിപ്പെടുത്തുന്നു. 

കോടതിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂവിൽ മാറ്റമുണ്ടെന്ന് ഫോറൻസിക് ലാബ് ജോയിന്‍റ് ഡയറക്ടർ 2020 ജനുവരി പത്തിന് വിചാരണക്കോടതിയിൽ  റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് ലഭിച്ചകാര്യം ഹൈക്കോടതിയെയോ അന്വേഷണ ഉദ്യോഗസ്ഥനെയോ പബ്ലിക് പ്രോസിക്യൂട്ടറെയോ ഇരയായ തന്നെയോ വിചാരണക്കോടതി അറിയിച്ചില്ല.  മെമ്മറി കാർഡിലെ ഫയൽ ആരെങ്കിലും കാണുകയോ പകർത്തുകയോ ചെയ്താലേ ഹാഷ് വാല്യൂവിൽ മാറ്റം വരൂ. ഗൗരവമേറിയ ഈ വിഷയം വിചാരണക്കോടതി രഹസ്യമാക്കി വച്ചു. തുടർ നടപടി സ്വീകരിച്ചില്ല. പ്രതികളെ രക്ഷിക്കുന്ന നിലപാടാണിതെന്നും ഹർജിയിൽ പറയുന്നു.  മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതിനെക്കുറിച്ചറിയാൻ വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യത്തിൽ വിചാരണക്കോടതി നടപടിയെടുത്തില്ല. ദിലീപിന്‍റെ അഭിഭാഷകർ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടപെട്ടു. അഭിഭാഷകരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് പരമാവധി ശ്രമിച്ചെങ്കിലും സീനിയർ അഭിഭാഷകൻ സർക്കാരിലുള്ള സ്വാധീനം നിമിത്തം ഇതിനു കഴിഞ്ഞില്ല. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തില്ലെന്ന് രാഷ്ട്രീയ നേതാക്കളിൽനിന്ന് ഇവർക്ക് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. ഹൈക്കോടതിയോ ഹൈക്കോടതി നിർദേശിക്കുന്ന അതോറിറ്റിയോ തുടരന്വേഷണത്തിന് മേൽനോട്ടം വഹിക്കണം. കൃത്യമായ ഇടവേളകളിൽ അന്വേഷണ പുരോഗതി പരിശോധിക്കണം. മെമ്മറി കാർഡ് ഫോറൻസിക് ലാബിൽ പരിശോധനയ്ക്കു നൽകാൻ നിർദേശിക്കണം. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂവിൽ മാറ്റം വന്നത് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം.  മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച്  തെളിവു നശിപ്പിക്കാൻ ശ്രമിച്ചതും ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചതും തുടരന്വേഷണത്തിൽ ഉൾപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ വ്യക്തമാക്കുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed