ഇന്ത്യയുടെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം


ന്യൂഡൽഹി: ഇന്ത്യയുടെ വാക്‌സിന് ലോകത്തിന്റെ അംഗീകാരം. രാജ്യം തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്സിനായ കൊവാക്സിൻ ലോകാരോഗ്യ സംഘടന അംഗീകരിച്ചു. അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.

മാസങ്ങൾ നീണ്ട കടന്പകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിലാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം തേടിയെത്തിയത്. ഇതോടെ കൊവാക്‌സിൻ എടുത്തവരുടെ വിദേശയാത്രാ പ്രശ്‌നത്തിന് പരിഹാരമാകും. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്ന എട്ടാമത്തെ വാക്‌സിനാണ് കൊവാക്‌സിൻ.

വാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്‌ക്ക് മുൻപാകെ ഹാജരാക്കിയതിന് പിന്നാലെയാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം അംഗീകാരം ലഭിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും തീരുമാനം നീണ്ടുപോവുകയായിരുന്നു.

കൊവാക്‌സിന് ലോകത്തിന്റെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ ആഗോളതലത്തിൽ തന്നെ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ വലിയ പങ്ക് വഹിക്കാൻ തദ്ദേശീയ വാക്‌സിന് സാധിക്കും. വാക്‌സിൻ കയറ്റുമതി ഊർജിതമാക്കാനാകും. വാണിജ്യാടിസ്ഥാനത്തിലും ഇന്ത്യയ്‌ക്ക് വലിയ പ്രയോജനമുണ്ടാക്കുന്നതാണ് ഈ അംഗീകാരം.

You might also like

Most Viewed