മാഗല്യം തന്ദുനാനേന.....

മാഗല്യം തന്ദുനാനേന മമ ജീവന ഹേതുനാ
കണ്ഠേ ബത്നാമി ശുഭകേ ത്വം ജീവ ശരതശ്ശതം
താനണിയിക്കുന്ന താലിച്ചരടിനെക്കുറിച്ച്, വധുവിന് ദീർഘായുസ്സും സകലസൗഖ്യങ്ങളും നേർന്നുകൊണ്ട്, ഭാരതീയ വരനുരുവിടുന്ന മന്ത്രമാണിത്. ചലച്ചിത്ര ഗാനങ്ങളിലൂടെയും പ്രസിദ്ധമായ വരികൾ. സാധാരണ ഗതിയിൽ നമ്മുടെ നാട്ടിൽ സ്ത്രീ പുരുഷ ബന്ധങ്ങൾക്ക് സാധുത നൽകുന്ന പ്രധാന കർമ്മമാണ് ഈ താലി ചാർത്തൽ. ഇതൊരു ഭൂരിപക്ഷത്തിന്റെ കാര്യമാണ്. ഇതിൽ നിന്നും വ്യത്യസ്തമായ ചടങ്ങുകളിലൂടെ വിവാഹബന്ധത്തിലേയ്ക്ക് കടക്കുന്നവരും ചടങ്ങൊന്നുമില്ലാതെ നല്ല രീതിയിൽ ഒന്നിച്ചു ജീവിക്കുന്നവരും നമുക്കൊപ്പമുണ്ട്. എന്നാൽ ഇതിന് കടക വിരുദ്ധമാണ് നമുക്ക് ചുറ്റുമരങ്ങേറുന്ന ഭൂരിപക്ഷം വിവാഹങ്ങളും. വിവാഹങ്ങൾ പണക്കൊഴുപ്പിന്റെയും ധാരാളിത്തിന്റെയും അഹങ്കാരത്തിന്റെയും കൂത്തരങ്ങുകളായി മാറുകയാണ്.
കോടികളാണ് ഓരോ വിവാഹ മാമാങ്കങ്ങൾക്കും വാരിക്കോരി ചിലവാക്കപ്പെടുന്നത്. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിൽ ബഹുഭൂരിപക്ഷവും പല രീതികളിലാണെങ്കിൽ കൂടി വിവാഹമെന്ന ചടങ്ങിലൂടെ കുടുംബമെന്ന സ്ഥാപനത്തിലേയ്ക്ക് പ്രവേശിക്കുന്നവരാണ്. ഒരു പരിധിവരെ വിവാഹം ഒരു സാമൂഹിക ആവശ്യമെന്ന സങ്കൽപ്പമാണ് നമുക്കുള്ളത്. ഈ ആവശ്യം സംബന്ധിച്ച സങ്കൽപ്പങ്ങൾക്ക് തുരങ്കം െവയ്ക്കുന്നതാണ് ഇക്കാര്യത്തിലെ പരിധിയില്ലാത്ത ധാരാളിത്തം. പത്തു കൈയ്യിലുള്ളവൻ കല്യാണത്തിന് ഇരുപത് ചിലവഴിക്കാൻ പ്രേരിപ്പിക്കുന്നതാണ് പല കല്യാണ വിശേഷങ്ങളും. കോടികൾക്ക് ഒരു വിലയുമില്ലെന്ന് തോന്നിക്കുന്നതാണ് പല പ്രമുഖ കുബേരന്മാരുടെയും വിവാഹ ധൂർത്ത്. കല്യാണവും അടിയന്തിരങ്ങളും നടത്തി വഴിയാധാരമായ മുൻമുറക്കാരെക്കുറിച്ച് ഒരുപാടു കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അവരെ കളിയാക്കിക്കൊണ്ടു തന്നെ സമൂഹത്തിൽ സ്വന്തം വിലയും നിലയും പാലിക്കാൻ കിട്ടാക്കടം വാങ്ങി കുരുങ്ങുന്ന പടുവിഡ്ഢികളുടെ എണ്ണം നമ്മുടെ നാട്ടിൽ വർദ്ധിക്കുകയാണ്.
സാമൂഹിക സമത്വത്തെക്കുറിച്ചും ധാരാളിത്തത്തെക്കുറിച്ചുമൊക്കെ വാതോരാതെ പ്രസംഗിക്കുന്നവരിൽ ചിലർ പോലും സ്വന്തം മക്കളുടെ കല്യാണക്കാര്യം വരുന്പോൾ അമിത ധാരാളിത്തം അലങ്കാരമാക്കുന്നു. കന്നഡനാട്ടിൽ കോടികളൊഴുക്കിയ മുൻമന്ത്രിയെ അവജ്ഞയോടെ കളിയാക്കിയ നമ്മുടെ തലസ്ഥാന നഗരിയിലും നാടിതുവരെ കാണാത്ത ഒരു മാംഗല്യാഘോഷത്തിന് അരങ്ങൊരുങ്ങുന്നതായാണ് വാർത്ത. പൊതു സമൂഹത്തിന് മാതൃകയാവേണ്ട ഒരു മുൻ മന്ത്രിയാണത്രേ ഇവിടെയും പ്രതിശ്രുത ദന്പതികളിലൊരാളുടെ പിതാവ്.
ഗൃഹനിർമ്മാണത്തിനായി സ്വന്തം സ്വത്ത് മുഴുവൻ നിക്ഷേപിക്കാൻ മടികാട്ടാതിരുന്ന മലയാളിയുടെ പുതിയ ഭ്രമമാണ് വിവാഹചടങ്ങുകളിലെ ഈ ധൂർത്ത്. ഇതിനെതിരെ ശക്തമായ ബോധവൽക്കരണ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തി വളരെക്കുറവാണ്. ഈ പ്രതിസന്ധിക്കിടെയിലെ രജതരേഖകളായി ഉണ്ടാകുന്ന ചില സംഭവങ്ങളാകട്ട ആവശ്യത്തിന് ശ്രദ്ധ കിട്ടാതെയും പോകുന്നു. അതിലൊന്നാണ് മദ്ധ്യപ്രദേശ്, ആന്ധ്ര കേഡറുകളിലെ രണ്ട് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ പരിണയം. നമ്മുടെ നാട്ടിലെ സബ്കളക്ടർ ഉദ്യോഗത്തിനു തുല്യമായ അഡീഷണൽ ജില്ലാ മജിസ്ട്രേട്ടുദ്യോഗം ഭരിക്കുന്ന രണ്ടുദ്യോഗസ്ഥരാണ് ദന്പതികൾ. കാശിനും ആഘോഷത്തിനും ഒരു കുറവുമില്ലാത്ത കല്യാണം നടത്താൻ തടസ്സമില്ലാത്തവരാണ് കക്ഷികൾ രണ്ടും എന്നു വ്യക്തം. കഴിഞ്ഞമാസം വിവാഹിതരായ ഇവരുടെ വിവാഹചിലവ് 500 രൂപ മാത്രമാണ്.
2013 ബാച്ചിലെ ഐ.എ.എസ്സുകാരാണ് പഞ്ചാബ് സ്വദേശി ശലോനി സിദാനയും രാജസ്ഥാൻ സ്വദേശി ആശിഷ് വസിഷ്ഠും. സിവിൽ സർവ്വീസിൽ വസിഷ്ഠ് 15ാം റാങ്കുകാരനാണ്. സലോനി 75ാം റാങ്കുകാരിയും. സിവിൽ സർവ്വീസിലെത്തും മുന്പ് സിവിൽ എഞ്ചിനീയറായിരുന്നു വസിഷ്ഠ്. എയിംസിൽ ഡോക്ടറായിരുന്നു സലോനി.
സ്വന്തം കല്യാണം മാതൃകാപരമായിരിക്കണമെന്ന ദൃഢനിശ്ചയമെടുത്തിരുന്നു പഠിപ്പിലും തൊഴിൽ രംഗത്തും മിടുമിടുക്കരായ ഇരുവരും. അതുകൊണ്ടു തന്നെയാണ് സിവിൽ നിയമമനുസരിച്ചുള്ള കല്യാണത്തിന്റ വഴി തെരഞ്ഞെടുത്തത്. ഉന്നത സർക്കാരുദ്യോഗസ്ഥരും ബന്ധുക്കളുമടക്കം പ്രമുഖ സംബന്ധിച്ചെങ്കിലും ഗ്വാളിയറിലെ ജില്ലാക്കോടതിയായിരുന്നു വിവാഹവേദി. സൽക്കാരവും ധൂർത്തും പൂർണ്ണമായി ഒഴിവാക്കി. വിവാഹവേദിക്കായി മാത്രം കോടികൾ പൊടിക്കുന്നതാണ് ശ്രേഷ്ഠമെന്ന് കരുതുന്നവരുടെ എണ്ണമേറുന്ന കാലത്ത് ഉദാത്തമായ മാതൃകയാവുകയാണ് ഈ ഐ.എ.എസ്സ് ദന്പതികളെന്ന കാര്യത്തിൽ തർക്കമില്ല. അനുപമമായ ഈ മാതൃക കൂടുതൽ പേർക്ക് സ്വീകാര്യമാവുമെന്നും ഉറപ്പ്. അഴിമതിയുടെയും ദുരിതങ്ങളുടെയും കരാളഹസ്തങ്ങളിൽ നിന്നും നമ്മുടെ നാടിനെ മുക്തമാക്കാനുള്ള യത്നത്തിന് വലിയ കരുത്തു പകരുന്നതാണ് ശലോനി − വസിഷ്ഠ് ദന്പതികളുടെ ധീരവും ഉദാത്തവുമായ ഈ മാംഗല്യ ശൈലി.