യു­ദ്ധവും സമാ­ധാ­നവും


വി.ആർ സത്യദേവ്

ഴിഞ്ഞ മൂന്നാണ്ടായി ആഗോള തലത്തിലുയർന്ന ഏറ്റവും വലിയ ഭീഷണിയേത് എന്ന ചോദ്യത്തിന് ആദ്യമുയരുന്ന ഉത്തരം ഐഎസ് എന്നു തന്നെ ആയിരുന്നു. ഐ.എസ്സെന്നാൽ ഇസ്ലാമിക് േസ്റ്ററ്റ് അഥവാ ഇസ്ലാമിക് േസ്റ്ററ്റ്  ഒഫ് ഇറാഖ് ആൻഡ് സിറിയ. സിറിയയിലെ റാഖ ആസ്ഥാനമാക്കി ലോകമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന അതി ബ്രഹത്തായ ഖിലാഫത്ത് അഥവാ ഖലീഫ സാമ്രാജ്യമെന്ന ആശയമായിരുന്നു ഐഎസ് മുന്നോട്ടു വെച്ചത്. അക്രമത്തിന്റെയും പൈശാചിക ശിക്ഷാ രീതികളുടെയും ബലത്തിൽ ലോകത്തിനു ഭീകരതയുടെ പുത്തൻ ഭീഷണിയായ ഐഎസ്സിനെതിരെയുള്ള പോരാട്ടം പൂർണ്ണമായി എന്ന ഇറാഖ് പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് കഴിഞ്ഞ വാരത്തിലെ പ്രധാന ലോകവിശേഷം. 

ഇല്ലാത്ത കാര്യങ്ങളും വലിയ നുണകളും പറഞ്ഞാണ് അമേരിക്ക ഇറാഖി നായകൻ സദ്ദാം ഹുസൈൻ തിക്രിതിയെ ഇല്ലാതാക്കിയത്. ഇതിനെ തുടർന്ന് ഇറാഖിന്റെ മണ്ണിൽ സംജാതമായ പുതിയ സാഹചര്യങ്ങളുടെ സൃഷ്ടി തന്നെയായിരുന്നു ഐഎസ്. സദ്ദാമിൻ്റെ പതനത്തോടെ ഭരണത്തിലെത്തിയവരുടെ പക്ഷപാതിത്വം രാജ്യത്തെ അതിതീവ്ര ചിന്താഗതിക്കാരായ ആൾക്കാരുടെ പോരാട്ടവീര്യം ആളിക്കത്തിച്ചു. അധിനിവേശങ്ങളുടെ കൊടും ക്രൂരതകൾ അവരുടെ വിശ്വാസ തീവ്രതയേറ്റിയിരിക്കണം. അടിസ്ഥാനപരമായി അതൊക്കെയായിരുന്നു ഇറാഖിലെ ഐഎസ് ആവിർഭാവത്തിനു കാരണം.

വംശീയതയുടെ പേരിൽ മാത്രം നിർബന്ധിതമായി സേവനം അവസാനിപ്പിക്കേണ്ടി വന്ന ഇറാഖി സൈനികരുടെ പ്രശ്നങ്ങളും ഒരു സംഘടിത സൈന്യമെന്ന നിലയിൽ പെട്ടെന്നു സജ്ജരാകാൻ ഐഎസ്സിനെ സഹായിച്ചു. ഇതിനുമപ്പുറം ആഗോള രാഷ്ട്രീയത്തിലെ വന്പന്മാരുടെ നിഗൂഢ താത്പര്യങ്ങളും ഒരുപക്ഷേഐഎസ്സിന്റെ ആവിർഭാവത്തിനു വഴിവെച്ചിട്ടുണ്ടാവാം. അതൊക്കെ ഇനിയുള്ള കാലം തെളിയിക്കേണ്ട കാര്യങ്ങളാണ്.

ഏതായാലും 2014ന്റെ ആദ്യമാസം ഇറാഖി നഗരങ്ങളായ ഫലൂജയും റമാദിയും പിടിച്ചെടുത്തുകൊണ്ട് ഐഎഐഎൽ അഥവാ ഐസിലെന്ന പേരിൽ ഇറാഖിൽ ഒരു സൈനിക സംഘം തങ്ങളുടെ തേർവാഴ്ചയാരംഭിക്കുകയായിരുന്നു. ജൂൺമാസമായപ്പോഴേയ്ക്കും പ്രമുഖ നഗരമായ മൊസൂളും ഐസിലിന്റെ നിയന്ത്രണത്തിലായി. ആറുദിവസം സർക്കാർ സേനയുമായി കനത്ത പോരാട്ടം നടത്തിയാണ് ഐസിൽ മൊസൂൾ പിടിച്ചത്. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമാണ് മൊസൂൾ. ഐസിൽ പോരാളികളുടെ തേർവാഴ്ചയിൽ പതിനായിരക്കണക്കിന് ആൾക്കാർക്ക് നാടുവിട്ടോടേണ്ടി വന്നു, ജൂൺ 29ന് ഐസിൽ ഐഎസ് എന്ന പേരിലേക്കു മാറി. പിന്നീട് ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ ഭീകരരുടെ പട്ടികയിലെ ആദ്യ പേരുകാരിലൊരാളായ അബുബക്കർ അൽ ബാഗ്ദാദി ഐഎസ്സിന്റെ നായകനായി അവരോധിക്കപ്പെട്ടു. ഒരു മുൻ അദ്ധ്യാപകനായ ബാഗ്ദാദിയുൾപ്പടെ ഐസിലിന്റെ നായകത്വം എന്നും രഹസ്യങ്ങളുടെ പുകമറയ്ക്കുള്ളിലാണ്. ഇതിനിടെ ഒരുപാടു തവണ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന അമേരിക്കയുടെ അവകാശവാദങ്ങളും പുറത്തുവന്നു. ആ വാർത്തകൾക്കെല്ലാം പിന്നാലേ ബാഗ്ദാദി മരിച്ചിട്ടില്ലെന്ന വാർത്തകളുമെത്തി. 

ഏറെത്താമസിയാതെ ഐഎസ് വിശ്വാസികളുടെ അവസാന ആശ്രയമെന്നും യഥാർത്ഥ വിശ്വാസിയുടെ സഥാർത്ഥ ഇടമെന്നും വാഗ്ദത്ത ഭൂമിയെന്നുമൊക്കെയുള്ള തലത്തിലേക്കും വളർന്നു. ഐഎസ്സിൽ അണി ചേരാൻ ഇറാഖിലും സിറിയയിലുമായി വ്യാപിച്ചു കിടക്കുന്ന ഐഎസ് സാമ്രാജ്യത്തിലേയ്ക്ക് ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള വിശ്വാസികൾ കൊതിച്ചു. എല്ലാം വിറ്റുപെറുക്കി അതിർത്തികൾ താണ്ടി ഐഎസ്സിലേക്ക് അവരെത്തി.

എന്നാൽ തുടക്കം മുതൽ നിഷ്ഠൂരമായ അരുകൊലകൾ കൊണ്ട് ലോകത്തെ ഞെട്ടിച്ച ഐഎസ്സാവട്ടെ സ്ഥാപിതമായി വർഷമൊന്നു കഴിഞ്ഞപ്പോഴേയ്ക്കും തിരിച്ചടികൾ നേരിട്ടു തുടങ്ങിയിരുന്നു. 2015 മാർച്ചിൽ അവർക്ക് തിക്രിത് നഷ്ടമായി. ഡിസംബറിൽ രമാദിയും സർക്കാർ സേന തിരിച്ചു പിടിച്ചു. ഈ വർഷമാദ്യം പ്രമുഖ നഗരമായ ഫലൂജയും സർക്കാർ സൈന്യത്തിന്റെ നിയന്ത്രണത്തിലായി. കഴി‌‌ഞ്ഞ  ജൂലൈയിൽ മൊസൂൾ ഐഎസ്സിനു നഷ്ടമായി. 

ഇതിന്റെയൊല്ലാം പരിസമാപ്തിയായാണ് ഇപ്പോൾ ഇറാഖി പ്രധാനമന്ത്രി ഹൈദർ അൽ അബാദിയുടേതായ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇറാഖ് സിറിയൻ അതിർത്തി പ്രദേശങ്ങൾ പൂർണ്ണമായും സർക്കാർ സേനകളുടെ നിയന്ത്രണത്തിലാണെന്നാണ് അബാദി പറയുന്നത്. എന്നാൽ യാഥാർത്ഥ്യ ബോധമില്ലാതെയുള്ള ആഹ്ലാദ പ്രകടനത്തിന് അദ്ദേഹം തയ്യാറല്ല. ഐഎസ്സിനെതിരായ നടപടി പൂർത്തിയായി എന്ന പ്രഖ്യാപനമുണ്ടായാലും ഒറ്റപ്പെട്ട ആക്രണങ്ങൾക്കുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. അതിന് സൈന്യം പൂർണ സജ്ജമാണെന്നും അബാദി അവകാശപ്പെടുന്നു.

പ്രധാന കേന്ദ്രങ്ങളെല്ലാം സൈന്യം നിയന്ത്രണത്തിലാക്കിയതോടെ സിറിയൻ ഗ്രാമങ്ങളിലേയ്ക്ക് പിൻവലിഞ്ഞിരിക്കുകയാണ് ഐഎസ് പോരാളികൾ. ഇവരുടെ നേതാക്കളുടെ കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. നിരവധി പോരാളികൾ തുർക്കി അതിർത്തി കടന്ന് വിവിധ രാജ്യങ്ങളിലേയ്ക്ക് രക്ഷപെട്ടിട്ടുണ്ട്. ഇത് ഇതര രാജ്യങ്ങൾക്ക് ഉയർത്തുന്നത് വലിയ സുരക്ഷഷാ ഭീഷണിയാണ്. അരക്ഷിതരായ ഈ പോരാളികൾ എത്തിച്ചേരുന്ന രാജ്യങ്ങളിൽ വലിയ ആക്രമണങ്ങൾക്ക് വഴിമരുന്നിടാൻ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഐഎസ്സിനെതിരായ പോരാട്ടമവസാനിച്ചു എന്നു പ്രഖ്യാപിക്കുന്പോഴും ഇറാഖി സേനയും അവിടെയുള്ള അമേരിക്കൻ സേനയുമൊന്നും തങ്ങളുടെ നടപടികൾ പൂർണ്ണമായും അവസാനിപ്പിച്ചിട്ടുമില്ല. തങ്ങൾ സുരക്ഷയും വെടിനിർത്തൽ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുകയാണ് എന്നതാണ് അമേരിക്കൻ സൈന്യത്തിന്റെ നിലപാട്.

സിറിയയിലെ തങ്ങളുടെ ദൗത്യം പൂർത്തിയായെന്ന റഷ്യൻ സൈന്യം പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഇറാഖിന്റെ പ്രഖ്യാപനം. റഷ്യൻ കേണൽ ജനറൽ സർജി റഡ്സ്കോയ്യാണ് ദൗത്യം പൂർണ്ണവും വിജയകരവുമാണെന്ന പ്രഖ്യാപനം നടത്തിയത്. അബാദി പറഞ്ഞതു സത്യമാണെങ്കിൽ ഒരുവേള അസാദ്ധ്യമെന്ന് സർവ്വരും വിശ്വസിച്ച കാര്യമാണ് ഇപ്പോൾ  സാദ്ധ്യമായിരിക്കുന്നത്. ഇതോടേ പക്ഷേ പോരാട്ടം പൂർണ്ണമായും അവസാനിക്കുന്നില്ല എന്നാണ് അമേരിക്കൻ േസ്റ്ററ്റ് ഡിപ്പാ‍‍ർട്മെൻ്റ് വക്താവ് ഹെതർ നോവേർട്സ് പറയുന്നത്. ഇറാഖിലും സിറിയയിലും ഐഎസ്സിനെതിരായ പോരാട്ടമവസാനിച്ചാലും സിറിയൻ മണ്ണിൽ പ്രസിഡണ്ട് ബാഷർ അൽ അസദിനെതിരെ തുടങ്ങിവച്ച നീക്കങ്ങളിൽ നിന്നും അമേരിക്ക പിന്മാറില്ല എന്നാണോ അമേരിക്ക ഉദ്ദേശിച്ചതെന്ന് വ്യക്തമായിട്ടില്ല. അങ്ങനെയാണെങ്കിൽ റഷ്യയും തങ്ങളുടെ നിലപാട് കടുപ്പിക്കുമെന്നുറപ്പ്. 

ലാവെന്റിൽ വെടിയൊച്ചകൾ കുറയുന്പോൾ ജറുശലേം വീണ്ടും സംഘർഷഭരിതമാവുകയാണ്. കഴി‌‌ഞ്ഞ  ദിവസങ്ങളിൽ ഗസ്സയിൽ നിന്നും ഇസ്രയേൽ ലക്ഷ്യമാക്കി മിസൈലുകൾ പറന്നു. പ്രത്യാക്രമണത്തിന് താമസമുണ്ടായില്ല. ഹമാസിനെ ലക്ഷ്യം വെച്ചായിരുന്നു ഇസ്രായൽ സേനയുടെ ആക്രമണം. പ്രത്യാക്രമണത്തിൽ രണ്ടു ഹമാസ് പോരാളികൾ കൊല്ലപ്പെട്ടു. ജറുശലേമിനെ ഇസ്രായേൽ തലസ്ഥാനമായി അമേരിക്കൻ പ്രസിഡണ്ട് അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് പുതിയ സംഘർഷങ്ങൾക്കു കാരണം. സ്വന്തം തെരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റുകയായിരുന്നു ട്രംപ്. പക്ഷേ ഇതോട് രാജ്യാന്തര സമൂഹം ട്രംപിനെതിരേ തിരിഞ്ഞിരിക്കുകയാണ്. ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ അമേരിക്ക പൂർണ്ണമായും ഒറ്റപ്പെട്ടു. പതിനാലംഗ സമിതിയിൽ മറ്റു പതിമൂന്നംഗങ്ങളും അമേരിക്കൻ നിലപാടിനെതിരാണ്. 

ഇതിനിടെ അറബ് ലീഗും അമേരിക്കക്കെതിരായി പ്രമേയം പാസാക്കി. കെയ്റോയിൽ ചേർന്ന അറബ് ലീഗ് യോഗത്തിൽ അമേരിക്കയുടെ അടുത്ത പങ്കാളികളായ സൗദിയും യുഎഇയും പോലും ട്രംപിന്റെ നിലപാടിനെതിരായ പ്രമേയത്തെ അംഗീകരിച്ചു. പുതിയ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യൻ പ്രശ്നപരിഹാര ശ്രമങ്ങളിലെ മദ്ധ്യസ്ഥനാകാനുള്ള ധാർമ്മിക അവകാശം അമേരിക്കക്കു നഷ്ടമായി. ഫലസ്തീൻ− ഇസ്രായേൽ പ്രശ്നം കൂടുതൽ വഷളാകാനും ഇരുരാജ്യങ്ങൾക്കുമിടയിൽ ആശങ്കയും വിദ്വേഷവും വളർത്താനും ട്രംപിന്റെ പ്രഖ്യാപനം വഴിവച്ചു. ട്രംപിന്റെ നീക്കത്തെ ഐക്യരാഷ്ട്രസഭ അപലപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയവും 22 അംഗ അറബ് ലീഗ് പാസാക്കി. 

അതേസമയം പ്രശ്നത്തിൽ പക്ഷപാതപരമായ നിലപാടാണ് ചിലരാഷ്ട്രങ്ങൾ പുലർത്തുന്നതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പറഞ്ഞു. പ്രഖ്യാപനത്തെ അപലപിക്കാൻ ധൃതി കാട്ടുന്നവർ ഇസ്രായേലിലെ നിരപരാധികൾക്കു നേരേ ഫലസ്തീനികൾ നടത്തുന്ന മിസൈലാക്രമണങ്ങൾ ബോധപൂ‍‍ർവ്വം കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സംഭവങ്ങളിൽ പ്രതിഷേധിച്ച് വെസ്റ്റ്ബാങ്കിലും ഗസ്സയിലും ഫലസ്തീൻ പ്രതിഷേധം ശക്തമാണ്. 1967ൽ ഇസ്രായേൽ കൈയടക്കിയ പ്രദേശമാണ് ജറുശലേം. 80ൽ അവർ അത് സ്വന്തം രാഷ്ട്രത്തിന്റെ ഭാഗമാക്കി. തങ്ങളുടെ തലസ്ഥാനം ജറുശലേമാണ് എന്നതാണ് എന്നും ഇസ്രായേലിന്റെ നിലപാട്. അതേസമയം ഫലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാകുന്പോൾ അതിന്റെ തലസ്ഥാനമാക്കാൻ ഉദ്ദേശിക്കുന്നതും ജറുശലേം തന്നെ. ഈ ഇരു വിഭാഗക്കാരെയും പോലെ ക്രിസ്ത്യൻ വിഭാഗക്കാർക്കും വിശുദ്ധ ഭൂമിയാണ് ജറുശലേം. 

വിശ്വാസത്തിന്റെയും അധികാരത്തിന്റെയും സങ്കുചിതത്വത്തിന്റെയും തീവ്രതകളിലാണ് നമ്മൾ. അതുകൊണ്ടുതന്നെ വിവിധയിടങ്ങളിൽ വ്യർത്ഥമായ പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. അത് സ്വാഭാവികം മാത്രമെന്നു വിശ്വസിക്കാൻ നമ്മളും ശീലിച്ചേ മതിയാവൂ.

You might also like

Most Viewed