വേദനിക്കുന്ന കോടീശ്വരൻമാർ... പ്രദീപ് പുറവങ്കര

നമ്മുടെ കേരളം കാണാനിരുന്ന ആ ആർഭാട വിവാഹം ഇന്ന് നടന്നു. കോൺഗ്രസ്സ് എം.എൽ.എയും മുൻ മന്ത്രിയുമായ അടൂർ പ്രകാശിന്റെ മകൻ അജയ് കൃഷ്ണനും, മുൻ യു.ഡി.എഫ് സർക്കാരിനെ പിടിച്ചുകുലുക്കിയ ബാർകോഴ വിവാദത്തിലെ നായകൻ ബിജു രമേശിന്റെ മകൾ മേഘ ബി രമേശുമാണ് തിരുവനന്തപുരം ആനയറയിലെ രാജധാനി ഗാർഡൻസിൽ ഒരേക്കറിൽ മൈസൂർ കോട്ടാരത്തിന്റെ മാതൃകയിൽ തീർത്ത പന്തലിൽ വെച്ച് വിവാഹിതരായത്. 20,000രത്തോളം പേർ പങ്കെടുക്കുന്ന വിവാഹചടങ്ങിൽ ജീവിതത്തിന്റെ സമസ്ത മേഖലകളിൽ നിന്നും ഉള്ളവർ പങ്കെടുത്തു. ബിജു രമേശിനെ പോലെയൊരു വൻ വ്യവസായി ഇത്തരത്തിൽ തന്റെ മകളുടെ വിവാഹത്തിന് വേണ്ടി ഒരുങ്ങിയത് വലിയ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. കാരണം കഴിഞ്ഞ തവണ തിരുവനന്തപുരം മണ്ധലത്തിൽ നിന്ന് എ.ഐ.ഡി.എം.കെ സ്ഥാനാർത്ഥിയായി കേരള നിയമസഭയിലേയ്ക്ക് അദ്ദേഹം മത്സരിച്ചപ്പോൾ തന്നെ തനിക്കും ഭാര്യയ്ക്കും ആശ്രിതർക്കും കൂടി 257 കോടിയിലധികം രൂപയുടെ ആസ്തി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതിൽ നിന്ന് പകുതിയെടുത്ത് തന്റെ മകളുടെ വിവാഹത്തിന് അദ്ദേഹം ചിലവഴിച്ചന്പോൾ തീർച്ചയായും അതിന്റെ ഗുണഫലം ലഭിക്കുന്നത് സാധാരണക്കാരായ നിരവധി പേർക്കായിരിക്കും.
പക്ഷെ അതേ സമയം നോട്ട് പ്രതിസന്ധി രൂക്ഷമായി തുടരുന്പോഴും നൂറ് കോടി രൂപയോളം ചെലവഴിച്ച് ഇത്തരമൊരു ആർഭാട വിവാഹം നടത്താൻ ഈ നേരത്ത് എങ്ങിനെ പണം കിട്ടുന്നു എന്നതാണ് സാധാരണക്കാരൻ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം. നോട്ട് നിരോധനം വന്ന നേരത്ത് കർണാടകയിൽ കണ്ട ആർഭാട വിവാഹവും ഈ നേരത്ത് ഓർക്കാം. തന്റെ തന്നെ പല ബിസിനസുകളിൽ നിന്നുള്ള പണം വകമാറ്റിയും സുഹൃത്തുക്കളുടെ കൈയിൽ നിന്ന് കടം വാങ്ങിയും ചെക്കെഴുതി കൊടുത്തുമൊക്കെയാണ് ഈ കല്യാണം നടത്തുന്നതെന്നാണ് ഇതു സംബന്ധിച്ച് ബിജു രമേശ് നൽകിയ വിശദീകരണം. അടൂർ പ്രകാശ് രാഷ്ട്രീയക്കാരനായ ബിസിനസുകാരനും കൂടിയാണ്. അദ്ദേഹത്തിന് ഹോട്ടലുൾപ്പടെയുള്ള പല കച്ചവടങ്ങളുമുണ്ട്. ഇപ്പോൾ വിവാഹിതനാകുന്ന ചാർട്ടേഡ‍് അക്കൗണ്ടന്റ് കൂടിയായ മകൻ അജയ് കൃഷ്ണനാണ് ഈ സ്ഥാപനങ്ങളെ നോക്കിനടത്തുന്നത്. ബിജു രമേശ് പറഞ്ഞത് പോലെ നോട്ട് പ്രശ്നം കാരണം അടൂർ പ്രകാശും മകനുമൊക്കെ പണം മറിക്കാനും തിരിക്കാനുമൊക്കെ കുറച്ച് കഷ്ടപ്പെട്ടു കാണും.
എന്തായാലും പ്രധാനമന്ത്രി മോഡി നടപ്പിലാക്കിയ നോട്ട് നിരോധനത്തിലൂടെ വേദനിക്കുന്ന കോടീശ്വരൻമാരെ അധികമൊന്നും ഇതു വരെ കാണാൻ സാധിച്ചിട്ടില്ല. അതിനൊരപവാദമാണ് ശ്രീ ബിജു രമേശും, അടൂർ പ്രകാശും, കർണാടകയിൽ വിവാഹം നടത്തിയ മുൻ എം.പിയുമൊക്കെ. വരും ദിവസങ്ങളിൽ കൂടുതൽ കോടീശ്വരമാരുടെ മക്കൾ പരസ്പരം ഇങ്ങിനെ കഷ്ടപ്പെട്ട് വിവാഹം കഴിച്ച് സുഖമായി കഴിയുന്ന ഒരു അവസ്ഥ കാണാൻ സാധിക്കട്ടെ എന്നാഗ്രഹത്തോടെ...