വഴിമാറുന്ന ബന്ധങ്ങൾ


ന്ധങ്ങൾ എന്നും എല്ലായ്പ്പോഴും ഒരേപോലെയാവണമെന്നില്ല. പൊളിച്ചെഴുത്തുകൾ എല്ലാക്കാലത്തും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. എന്നാൽ ചിലരുടെ പക്ഷമാറ്റം നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. അമേരിക്കയും ഇസ്രായേലും തമ്മിലുള്ള ബന്ധങ്ങളിലുണ്ടായിരിക്കുന്ന വഴിത്തിരിവ് അത്തരത്തിൽ തികച്ചും അത്ഭുതപ്പെടുത്തുന്ന ഒന്നു തന്നെയാണ്. അമേരിക്കയും സയണിസ്റ്റു രാഷ്ട്രവും തമ്മിലുള്ള ചങ്ങാത്തം വിശ്വ പ്രസിദ്ധമാണ്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സാദ്ധ്യമാക്കുമെന്ന വാഗ്ദാനം മുന്നോട്ടു െവച്ച ശേഷം ഒരു ജനതയെ അപ്പാടെ വഞ്ചിച്ചുകൊണ്ട് ജൂതരാഷ്ട്ര സ്ഥാപനത്തിന് താങ്ങും തണലുമായ പാശ്ചാത്യ ഇരട്ടത്താപ്പിന്റെ തുടർച്ചയായിരുന്നു ഇതുവരെ അമേരിക്ക ഇസ്രായേൽ ബന്ധം.

ജനാധിപത്യത്തിന്റെ കാവലാളുകളെന്ന് അവകാശപ്പെട്ട് ലോകത്തെല്ലായിടത്തും സമാധാനം പരിപാലിക്കുന്നുണ്ട് എന്നുറപ്പുവരുത്താൻ പ്രത്യേക അവകാശം സ്വയം സ്ഥാപിച്ചെടുക്കാനുള്ള നിരന്തര യത്നത്തിലാണ് പതിറ്റാണ്ടുകളായി അമേരിക്ക. എന്നാൽ അത്തരത്തിലൊരു പ്രഖ്യാപിത നിലപാടിന് ഒട്ടും യോജിക്കുന്നതല്ല അവരുടെ ഇസ്രായേൽ പക്ഷപാതിത്വം. ആഗോള സമാധാനത്തിന്റെ കുത്തക അവകാശപ്പെടുന്ന അമേരിക്ക വിശുദ്ധമണ്ണിൽ ജൂതരാഷ്ട്രം നടത്തുന്ന അധിനിവേശത്തോട് എന്നും അനുകൂലനിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. മദ്ധ്യതരണിയാഴിക്ക് കിഴക്കുള്ള ഭൂമി ഫലസ്തീനികളുടേതല്ല തങ്ങളുടെ വാഗ്ദത്തഭൂമിയാണെന്ന ഇസ്രായേലികളുടെ നിലപാട് ശരിവെയ്ക്കുന്നതാണ് അമേരിക്കയുടെ നിലപാടുകൾ. അറബികളെ അവരുടെ മണ്ണിൽ ജൂതന്മാർ അഭയാർത്ഥികളാക്കുന്പോൾ അതിനു കുടപിടിച്ചവരാണ് അമേരിക്ക. 

അരനൂറ്റാണ്ടിലേറെയായി പശ്ചിമേഷ്യയുടെ നൊന്പരമാണ് ഫലസ്തീൻ പ്രശ്നം. 1948 മെയ് 14ന് ഫലസ്തീൻ രാഷ്ട്രം സാദ്ധ്യമാകാനിരിക്കെ 1947 നവംബർ 29ന് അതേ മണ്ണിൽ ഇസ്രായേൽ രൂപീകരിക്കപ്പെട്ടതേടെയായിരുന്നു ആ മുറിപാടുകളുടെ പിറവി. അന്നു തൊട്ടിങ്ങോട്ട് ആ മണ്ണിൽ ഒരു ജനതയുടെ ഉന്മൂലനമാണ് നടക്കുന്നത്. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ഫലസ്തീൻ പൗരന്മാർ അവിടെ അന്യരാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പട്ടിണിയും ചികിൽസാ ദൗർലഭ്യവുമടക്കമുള്ള കാരണങ്ങൾ കൊണ്ട് നിത്യവും ഫലസ്തീനികളുടെ എണ്ണം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നു. എന്നിട്ടും ഇന്നലെകൾ വരെ അമേരിക്ക തങ്ങളുടെ സഹോദരസ്ഥാനത്തുള്ള ഇസ്രായേലിനൊപ്പം തന്നെയായിരുന്നു. ന്യായത്തിനും നീതിക്കും എല്ലാമുപരി വളർന്നതായിരുന്നു ആ ബന്ധം.

ആ ബന്ധത്തിനാണ് ഇപ്പോൾ ഉലച്ചിൽ തട്ടിയിരിക്കുന്നത്. സമീപകാല ചരിത്രത്തിലാദ്യമായി ഐക്യരാഷ്ട്ര സഭയിൽ അമേരിക്ക ഇസ്രായേലിനെതിരായി നിലപാടെടുത്തിരിക്കുന്നു. ഫലസ്തീൻ മണ്ണിലെ ഇസ്രായേലിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്കെതിരായ പ്രമേയത്തിൽ വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിൽ നിന്നും അമേരിക്ക വിട്ടു നിന്നതാണ് ഇരു രാഷ്ടങ്ങളും തമ്മിലുള്ള ബന്ധത്തിൽ താൽക്കാലികമായെങ്കിലും പൊളിച്ചെഴുത്തുണ്ടായിരിക്കുന്നത്. 

വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറുശലേമിലെയും ഇസ്രായേലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ അനധികൃതമാണെന്നും അത് എത്രയും പെട്ടെന്നു  നിർത്തിവെയ്ക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയമായിരുന്നു നാലു രാഷ്ട്രങ്ങൾ ചേർന്ന് ഐക്യരാഷ്ട്രരക്ഷാ സമിതിയിൽ ഇന്നലെയവതരിപ്പിച്ചത്. പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് അമേരിക്ക വീറ്റോ ചെയ്യുമെന്നായിരുന്നു അമേരിക്കയും ലോകവും കരുതിയിരുന്നത്. വോട്ടെടുപ്പു വേളവരെ ഇക്കാര്യത്തിൽ അമേരിക്ക എന്തു നിലപാടെടുക്കുമെന്ന അമേരിക്കൻ ഭരണകൂടം വ്യക്തമാക്കിയിരുന്നുമില്ല. വോട്ടടുപ്പു നടക്കുന്ന വേളയിൽ പക്ഷേ അമേരിക്കൻ അന്പാസിഡർ സമാന്താ പവ‍ർ കൈയുയർത്തി വോട്ടടുപ്പിൽ നിന്നും മാറിനിൽക്കുന്നതായി സൂചന നൽകുകയായിരുന്നു.

വെനിസ്വേല, ന്യൂസിലാൻ്റ്, മലേസിയ, സെനേഗൽ എന്നീ രാജ്യങ്ങൾ ചേർന്നാണ് യുഎന്നിൽ പ്രമേയം കൊണ്ടു വന്നത്. നേരത്തേ ഇസ്രായേലിന്റെ അതിർത്തി രാജ്യമായ ഈജിപ്ത് ഈ പ്രമേയം കൊണ്ടുവരാൻ നീക്കം നടത്തിയിരുന്നു. ഇസ്രായേലിന്റെ എതിർപ്പിനെ തുടർന്ന് അവർ പിന്നീട് ആ നീക്കമുപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് നാലു രാഷ്ട്രങ്ങൾ  ചേർന്ന് പ്രമേയം രക്ഷാസമിതിയിൽ അവതരിപ്പിച്ചത്. അമേരിക്ക വീറ്റോ ചെയ്തിരുന്നെങ്കിൽ പ്രമേയം പാസാകുമായിരുന്നില്ല. 

അമേരിക്കൻ നിലപാടിനോട് അതിശക്തമായാണ് സ്വാഭാവികമായും ഇസ്രായേൽ പ്രതികരിച്ചത്. നിർണ്ണായകമായ വേളയിൽ തങ്ങളെ കൈവിട്ട ചങ്ങാതിയാണ് അമേരിക്കയെന്നതായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. ഒബാമ സർക്കാരിനെതിരേ അതിശക്തമായ ഭാഷയിലാണ് അദ്ദേഹം തുറന്നടിച്ചത്. ഈ നിലപാടുമാറ്റം ഒബാമ സർക്കാരിന്റെ കഴിവുകേടാണ് വ്യക്തമാക്കുന്നതെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. ഫലസ്തീൻ ജനതയ്ക്ക് ഏറ്റവും ദ്രോഹം ചെയ്ത അമേരിക്കൻ ഭരണകൂടമാണ് ഒബാമയുടെ നേതൃത്വത്തിലുള്ളതെന്ന് വേട്ടെടുപ്പിന് തൊട്ടുമുന്പ് അഭിപ്രായപ്പെട്ട ഫലസ്തീൻ പക്ഷം വോട്ടെടുപ്പോടെ അമേരിക്കൻ ഭരണകൂടത്തെ പ്രശംസകൊണ്ടു മൂടുകയാണ്. ഇസ്രായേലിനേറ്റ തിരിച്ചടിയാണ് വോട്ടടുപ്പിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റമെന്ന് ഫലസ്തീൻ പ്രധാനമന്ത്രി മെഹമൂദ് അബ്ബാസ് പറഞ്ഞു.

സ്വന്തം മണ്ണിലെ ഫലസ്തീൻ ജനതയുടെ അസ്ഥിത്വം ലോകത്തിനൊപ്പം അമേരിക്കയും അംഗീകരിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നതാണ് ഇന്നലെ നടന്ന വോട്ടെടുപ്പും അതിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റവും ഒക്കെ. എന്നാൽ ഇതിന് ഒരു മറുപുറവുമുണ്ട് എന്ന കാര്യം കാണാതിരുന്നു കൂടാ. എല്ലാക്കാലത്തും ഇസ്രായേലിനൊപ്പം നിന്നിട്ടുള്ള അമേരിക്ക ഇപ്പോൾ നിലപാടുമാറിയതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നതു തന്നെയാണ് ആ മറുപുറം. ഇസ്രായേലിനെ എതിർക്കുകയോ ഫലസ്തീനേ ഗുണം വരുത്തുകയോ ആഗോള സമാധാനം നിലനിർത്തുകയോ ഒന്നുമല്ല അമേരിക്കയുടെ ആത്യന്തികമായ ലക്ഷ്യമെന്നാണ് ചില വിദഗ്ദ്ധരുടെ പക്ഷം. അതിൽ നേരില്ലാതെയുമില്ല. 

ദശാബ്ദങ്ങളായുള്ള നിലപാടിൽ നിന്നുള്ള നയവ്യതിയാനമല്ല വൈര്യ നിര്യാതന തന്ത്രമാണ് ഒബാമ ഭരണകൂടം ഈ നിലപാടിലേക്കെത്താൻ കാരണമെന്ന് വിലയിരുത്താനുള്ള കാരണങ്ങൾ പലതാണ്. പടയിൽ തോറ്റപക്ഷം പലായനം ചെയ്തോടുന്പോൾ സ്വന്തം നഗരങ്ങൾ പോലും തീയിട്ടു നശിപ്പിക്കുന്ന പതിവുണ്ട്. പുതിയ ഭരണാധികാ
രികൾക്ക് കാര്യങ്ങൾ സുഗമമാകാതിരിക്കുക എന്ന സദുദ്ദേശത്തോടെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതേ തന്ത്രം തന്നെയാണ് ഇപ്പോൾ ഒബാമ സർക്കാരും ചെയ്യുന്നത്.

ഫലസ്തീൻ പ്രശ്നത്തിൽ ഇസ്രായേലിന് അനുകൂലമായ കടുത്ത നിലപാടാണ് നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റേത്. ഇസ്രായേൽ താൽപ്പര്യം സംരക്ഷിക്കുന്ന തരത്തിലാവണം പ്രശ്നപരിഹാരമെന്ന പരസ്യ നിലപാടുകാരനായ ഡേവിഡ് ഫ്രീമാനെ അടുത്ത ഇസ്രായേൽ അംബാസിഡറായി ട്രംപ് പ്രഖ്യാപിച്ചും കഴിഞ്ഞു. ഇത് ഇരു ലോകശക്തികളും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേയ്ക്ക് എത്തിക്കുമെന്നും ഉറപ്പായിരുന്നു. ഈ സാദ്ധ്യതക്കു വിള്ളൽ വീഴ്ത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ഒബാമ സർക്കാർ തങ്ങളുടെ അവസാന നാളുകളിൽ ദീർഘകാല ചങ്ങാതിയായ ഇസ്രായേലിനെതിരായ നിലപാടെടുത്തിരിക്കുന്നത്. 

എന്നാൽ ഈ തന്ത്രം വിജയിക്കാനുള്ള സാദ്ധ്യത തീരെയില്ല എന്നതാണ് വാസ്തവം. ഒബാമ സർക്കാരിന്റെ തന്ത്രങ്ങളും ഇപ്പോഴുണ്ടായിരിക്കുന്ന ഫലസ്തീൻ പക്ഷ വിജയവുമൊക്കെ അൽപ്പായുസ്സാണെന്ന് ഇസ്രായേലിനും പ്രധാനമന്ത്രി നെതന്യാഹുവിനും വ്യക്തമായിക്കഴിഞ്ഞു. ട്രംപ് അധികാരമേൽക്കുന്നതോടെ കാര്യങ്ങൾ വീണ്ടും മെച്ചപ്പെടുമെന്ന് നെതന്യാഹു വ്യക്തമാക്കിക്കഴിഞ്ഞു. ജനുവരി 20 ന് ശേഷം അമേരിക്കയുടെ യു.എൻ നയത്തിൽ തന്നെ കാതലായ മാറ്റമുണ്ടാകുമെന്നാണ് നിയുക്ത പ്രസിഡണ്ട് ട്രംപിന്റെ പക്ഷം. 20നാണ് ട്രംപ് അധികാരമേൽക്കുന്നത്. ഫലസ്തീൻ പ്രശ്നപരിഹാരം ഐക്യരാഷ്ട്ര സഭയുടെ സമ്മർദ്ദത്തിലാവരുത് എന്നാണ് ട്രംപ് പറയുന്നത്. ഇരുരാജ്യങ്ങളും ചേർന്നായിരിക്കണം അതു പരിഹരിക്കേണ്ടതെന്നും നിയുക്ത അമേരിക്കൻ നായകൻ വ്യക്തമാക്കുന്നു. എന്നാലത് ഇസ്രായേൽ വിചാരിക്കും വിധമാവണമെന്ന നിലപാട് ആ പക്ഷം മുന്നേ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാവുമെന്നത് വ്യക്തം. 

ഇതിനിടെ ഒബാമ സർക്കാരിനെതിരെ അതിശക്തമായ വിമർശനവുമായി റഷ്യൻ നായകൻ വ്ളാദീമിർ പുചിനും രംഗത്തെത്തിയിട്ടുണ്ട്. ഡെമോക്രാറ്റുകളുടെ കഴിവുകേടു വ്യക്തമാക്കുന്ന നിലപാടുകളാണ് ഒബാമഭരണകൂടം ആവർത്തിച്ചെടുക്കുന്നതെന്ന് മോസ്കോയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അമേരിക്കൻ തെരഞ്ഞെടുപ്പു നടത്തിപ്പിലെ റഷ്യൻ സ്വാധീനം സംബന്ധിച്ച ഡെമോക്രാറ്റിക് ആരോപണങ്ങളും ഈ കഴിവില്ലായ്മയുടെ പ്രതിഫലനം തന്നെയാണ്. ട്രംപ് ക്ഷണിച്ചാൽ അമേരിക്ക സന്ദർശിക്കും. അമേരിക്കയുമായി കൂടുതൽ ഊഷ്മളമായ ബന്ധമാണ് പ്രതീക്ഷിക്കുന്നത് എന്നുമൊക്കെ അദ്ദേഹം വ്യക്തമാക്കുന്നു. അതിലും പ്രധാനമാണ് അമേരിക്ക ആണവായുധ ശക്തി വർദ്ധിപ്പിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയോടുള്ള പുചിന്റെ പ്രതികരണം. ആ തീരുമാനം ട്രംപ് അമേരിക്കൻ ജനതയോടു നടത്തിയ വാഗ്ദാന പാലനമാണ് എന്നാണ് പുചിൻ പ്രതികരിച്ചത്.

പുതിയ സംഭവവികാസങ്ങൾ ഡെമോക്രാറ്റുകളുടെ പരാജയ ദുഃഖം ഇരട്ടിപ്പിക്കുന്നതും ഇരട്ടത്താപ്പും ജനാധിപത്യ വിരുദ്ധ സമീപനവും വ്യക്തമാകക്കുന്നതുമാണ്.  ഒപ്പം ലോകം വീണ്ടുമൊരു ശീതയുദ്ധത്തിലേക്കു പോകുമെന്ന ആശങ്ക ലഘൂകരിക്കുന്നതുമാണ്.

You might also like

Most Viewed