പയ്യെ തിന്നാൽ

അടിച്ചു കാര്യം നേടാമെന്ന ചിന്തയാണ് വിപ്ലവയുവത്വത്തെ ഇപ്പോഴും മുന്പോട്ട് നയിക്കുന്നതെന്ന് തെളിയിക്കുന്ന സംഭവമായി മാറിയിരിക്കുന്നു കഴിഞ്ഞ ദിവസം മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ ടി.പി ശ്രീനിവാസന് നേരെയുണ്ടായ ആക്രമണം. കൈയ്യൂക്ക് കൊണ്ട് എതിരാളിയുടെ വായടപ്പിക്കാൻ സാധിക്കുമെന്ന സിദ്ധാന്തം എത്ര പഴഞ്ചനാണെന്നും ഈ പുതിയകാലത്ത് അത് എത്രമാത്രം അപ്രസക്തവും മൂഢത്തവുമാണെന്ന് ഇവർ തിരിച്ചറിയാത്തത് ഖേദകരം തന്നെ.
ജനങ്ങൾക്ക് സ്വസ്ഥമായി കഴിയാനുള്ള സാഹചര്യവും അവസരവും ഒരുക്കി കൊടുക്കേണ്ടവരാണ് രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കൻമാരും. അതിന് പകരം തെരുവു ഗുണ്ടകളെ പോലെ ജനങ്ങൾക്കിടിയിൽ ആശങ്കയും ഭീതിയും ജനിപ്പിച്ച് സമാധാനം ഇല്ലാതാക്കുന്നത് ഇത്തരക്കാർക്ക് ഒട്ടും ഭൂഷണമല്ല. ആശയങ്ങളോടും അഭിപ്രായങ്ങളോടും വിയോജിപ്പുണ്ടാകുന്നത് ജനാധിപത്യത്തിൽ സാധാരണമാണ്. അതിനോട് പ്രതിരോധിക്കാൻ ജനാധിപത്യ രീതിയിൽ തന്നെ അവകാശവുമുണ്ട്. അതിന് പകരം പ്രായമായ ഒരു മനുഷ്യന് നേരെ തന്റെ ശക്തി പ്രകടനം ഒരു അടിയിലൂടെ കാണിക്കാൻ ശ്രമിച്ച കൊച്ചു നേതാവ് കേരളത്തിന് ആകമാനം ഉണ്ടാക്കി വെച്ച നാണക്കേട് ചില്ലറയല്ല. നാളെ ഈ മഹാൻ നമ്മുടെയൊക്കെ ജനപ്രതിനിധിയോ ആഭ്യന്തര മന്ത്രിയോ ഒക്കെ ആകില്ലെന്ന് ആര് കണ്ടു. എന്തായാലും സംഭവത്തെ അപലപിച്ച് പൊതുസമൂഹം രംഗത്ത് വന്നതോടൊപ്പം ചെയ്ത കാര്യം തെറ്റാണെന്ന് തുറന്ന് സമ്മതിക്കാനും കുറ്റവാളിക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ച് സിപിഎം നേതാക്കൾ മുന്നോട്ട് വന്നതും സ്വാഗതാർഹം തന്നെ.
ഈ സമയത്ത് പൊതുജനം ഓർക്കുന്നത് സ്വാശ്രയകോളേജുകളുമായി ബന്ധപ്പെട്ട് ഉണ്ടായ സമരങ്ങളെ കുറിച്ചായിരിക്കണം. കേരളം മുഴുവൻ ചോരക്കളമാക്കി മാറ്റി വിദ്യാർത്ഥികളുടെ ചോരപ്പുഴയൊഴുക്കിയ നാളുകൾ ആയിരുന്നു അവ. ഒടുവിൽ കുറേ രക്തസാക്ഷികളും സമരത്തിനൊടുവിൽ സൃഷ്ടിക്കപ്പെട്ടു. ഇതിന്റെ തൊട്ടുപിറകെ സമരം ചെയ്തവരെയൊക്കെ പരിഹസിച്ചുകൊണ്ട് അന്ന് രൂപീകൃതമായ സ്വാശ്രയകോളേജുകളുടെ അമരത്ത് സമരത്തിന് ആഹ്വാനം നൽകിയവർ തന്നെ അമർന്നിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സമരം കേരളത്തിൽ വിദേശ സർവ്വകലാശാലകൾ പ്രവർത്തനമാരംഭിക്കുന്നതിന് എതിരെയുള്ളതായിരുന്നു. അതിന്റെ തുടക്കമാണെന്ന് കരുതപ്പെടുന്ന ആഗോള വിദ്യാഭ്യാസ സമ്മേളന വേദിയിൽ വെച്ചാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ കൂടിയായ ടി.പി ശ്രീനിവാസന് മർദ്ദനമേറ്റത്. വർഷങ്ങൾ കഴിയുന്പോൾ ഇത്തരം വിദേശ സർവ്വകലാശാലകൾ കേരളത്തിൽ വരിക തന്നെ ചെയ്യും എന്നതിന് യാതൊരു സംശയവുമില്ല. അന്ന് അവിടെ നടക്കുന്ന ബിരുദാ ദാന ചടങ്ങുകളിൽ ഇന്ന് കൊടിപിടിച്ച് നടക്കുന്നവർ തന്നെ കറുത്ത കോട്ടും ചുവന്ന തൊപ്പിയും വെച്ച് സുസ്മേരവദനരായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും നമ്മൾ കാണും.
പ്രിയ സഖാക്കളെ ഇനിയെങ്കിലും മനസ്സിലാക്കുക, വരാനിരിക്കുന്നത് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പാണ്. അതുവരേക്കെങ്കിലും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാതെ അടങ്ങിയിരിക്കുക. കഴിഞ്ഞദിവസം ഉണ്ടായതുപോലുള്ള അക്രമങ്ങൾ അരങ്ങേറാതെ സൂക്ഷിക്കുക. കാരണം പിണറായി മുഖ്യമന്ത്രിയാകാൻ തയ്യാറായി നിൽക്കുകയാണ്. തമ്മിൽ ഭേദം തൊമ്മൻ അല്ലെന്ന സാമാന്യബോധം മലയാളികൾക്കുണ്ട്. മറ്റൊരു ചോയ്സ് ഇല്ലാത്തതുകൊണ്ടും നയിക്കാൻ ആരുമില്ലാത്ത ഗതികേടുള്ളതുകൊണ്ടും മലയാളി സഖാവിനെ ജയിപ്പിച്ചെടുക്കും. അതിനിടയിൽ കൊസറാകൊള്ളികൾ ഉണ്ടാവരുതെന്ന്മാത്രം. അതുകൊണ്ട് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. ഒപ്പം ഓർക്കുക ആ പഴയ വിപ്ലവഗാനം... ‘നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ...’