മാതൃകയായി ലിപിൻരാജ് ഐഎഎസ്...

പ്രദീപ് പുറവങ്കര
“നന്നായി പഠിച്ച് കലകട്റാകണം. ഓ നീ പഠിച്ചിട്ടിപ്പോ കലക്ടറാകാനല്ലേ..” ഇത് നേർവിപരീതമായ രണ്ട് വാചകങ്ങളാണ്. നമ്മുടെ നാട്ടിൽ വളരെ സാധാരണയായി ഇന്നും മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോട് പറഞ്ഞുകൊണ്ടിരിക്കുന്ന വാചകങ്ങളാണിത്. ആദ്യത്തെ വാചകം പറയുന്നവരെക്കാൾ രണ്ടാമത്തെ വാചകം പറയുന്നവരാണ് നമ്മുടെ ഇടയിൽ എന്നും അധികം. തന്റെ കുട്ടിയെ പഠിപ്പിച്ച് അത്രയൊന്നും വലിയ നിലയിലെത്തിക്കാൻ സാധിക്കില്ലെന്ന വേദനയും തിരിച്ചറിവുമാണ് പലപ്പോഴും മിക്കവരെയും രണ്ടാമത്തെ വാചകം പറയാൻ പ്രേരിപ്പിക്കുന്നത്. സാധാരണക്കാർക്ക് എത്തിപിടിക്കാൻ സാധിക്കാത്ത ഒരു തലത്തെയാണ് കലക്ടർ പോലെയുള്ള തസ്തികകൾ സൂചിപ്പിക്കുന്നത് എന്നർത്ഥം.
ഇതിന് അപപാദമായി മാറിയിട്ടുള്ള ഒരു സുഹൃത്തിനെ പരിചയപ്പെടാൻ സാധിച്ചു. അദ്ദേഹത്തിന്റെ പേര് ലിപിൻരാജ് ഐഎഎസ് എന്നാണ്. പത്തനംതിട്ടയിലെ നാരാങ്ങാനം സ്വദേശിയായ ഇദ്ദേഹം തന്റെ സ്കൂൾ പഠന കാലത്ത് വലുതാകുന്പോൾ എന്താകണമെന്ന് അദ്ധ്യാപിക ചോദിച്ചപ്പോൾ മൈക്ക് ഓപ്പറേറ്റർ ആകുന്നതാണ് തന്റെ സ്വപ്നം എന്നായിരുന്നുവത്രെ പറഞ്ഞത്. അതിന്റെ പ്രധാന കാരണം സാഹചര്യങ്ങൾ തന്നെയായിരുന്നു. കുടുംബത്തിലെ ഇല്ലായ്മ നന്നായി അനുഭവിച്ച് സാധാരണ സർക്കാർ സ്കൂളിൽ പഠിച്ച് കണക്ക് പോലെയുള്ള വിഷയങ്ങളിൽ പല തവണ മാർക്ക് വളരെ കുറച്ച് നേടിയും പലപ്പോഴും തോറ്റുമാണ് അദ്ദേഹം പത്താം തരം പാസായത്. തന്റെ സ്കൂൾ പഠന കാലത്തിൽ ചേട്ടനൊപ്പം കോന്പസ് ഉപയോഗിച്ചുള്ള കളിയിൽ അബദ്ധവശാൽ ഉണ്ടായ അപകത്തിൽ ഒരു കണ്ണിന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടു. പിന്നീട് ഹ്യുമാനീറ്റീസ് ഗ്രൂപ്പെടുത്ത് പ്രിഡീഗ്രി പാസായതിന് ശേഷം മാർ ഇവാനിയോസ് കോളേജിൽ ജേണലിസത്തിൽ ബിരുദം നേടി. അതിന് ശേഷം ബാങ്ക് ജീവനക്കാരനായി ജോലി ചെയ്തു വരുന്പോഴാണ് ലിപിൻ ഐഎഎസ് എന്ന കടന്പ ചാടി കയറാൻ തീരുമാനിക്കുന്നത്. ആദ്യ ശ്രമത്തിൽ വൻ തോൽവിയാണ് അദ്ദേഹം നേരിട്ടത്. എന്നാൽ തളരാതെ നടത്തിയ രണ്ടാമത്തെ ശ്രമത്തിൽ അദ്ദേഹം വിജയിച്ചു എന്നു മാത്രമല്ല, മലയാളത്തിൽ പൂർണ്ണമായും സിവിൽ സർവ്വീസ് പരീക്ഷയെഴുതി റാങ്ക് നേടുന്ന ആദ്യ വ്യക്തി കൂടിയായി ലിപിൻ മാറി. ഇന്ന് അദ്ദേഹം ഇന്ത്യൻ റെയിൽവേയുടെ മധുര റെയിൽവേ ഡിവിഷനിലെ പെർഴ്‌സണൽ ഓഫീസറുടെ ചുമതല വഹിക്കുകയാണ്. ഏകദേശം പതിനായിരത്തോളം ജീവനക്കാരാണ് അദ്ദേഹത്തിന്റെ കീഴിൽ ഇന്ന് ജോലി ചെയ്തു വരുന്നത്. സിവിൽ സർവ്വീസ് പ്രവേശനം ഇന്ന് ഏത് സാധാരണക്കാരനും പ്രാപ്യമാണെന്നതിന്റെ തെളിവാണ് ശ്രീ ലിപിൻ രാജ്. മക്കളെ അവരുടെ ഇഷ്ടമില്ലാതെ ഡോക്ടറും എഞ്ചിനീയറുമാക്കാൻ കഷ്ടപ്പെടുന്ന മാതാപിതാക്കൾ തീർച്ചായായും ലിപിനെ പറ്റിയും അറിഞ്ഞിരിക്കണം. വലിയ പ്രചോദനമാണ് അദ്ദേഹത്തെ പോലെയുള്ളവരിൽ നിന്ന് ലഭിക്കുക.
കഷ്ടപ്പാട് നിറഞ്ഞ സാഹചര്യത്തിൽ നിന്ന് ഇത്തരമൊരു തസ്തികയിലെത്താൻ സാധിച്ചു എന്നതിൽ സന്തോഷിച്ച് വെറുതെ ഇരിക്കുന്നില്ല ഈ ചെറുപ്പക്കാരൻ. മറിച്ച് തന്നെ പോലെയുള്ള സാധാരണക്കാരെ തേടി പിടിച്ച് അവരെ ഈ ഒരു മേഖലയിലേയ്ക്ക് എത്തിക്കാനുള്ള ശ്രമം കൂടി അദ്ദേഹം നടത്തുന്നു. വാക്ക് വിത്ത് എ സിവിൽ സെർവെന്റ് എന്ന പരിപാടിയിലൂടെ ഓരോ വർഷവും കേരളത്തിലെ ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളെയാണ് സൗജന്യമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പഠിപ്പിക്കുന്നത്. ഏറെ അനുകരണീയമായ ഇത്തരം ഒരു മാതൃക സൃഷ്ടിക്കുന്ന മലയാളത്തിന്റെ ഈ പ്രിയപ്പെട്ട ഐഎഎസ് ഓഫീസർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം..