പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ


ശ്രീരാമൻ കാട്ടിൽ പോയാൽ താൻ അഗ്നി പ്രവേശം ചെയ്യുമെന്ന് ഭരതൻ പ്രതിജ്ഞ ചെയ്തപ്പോൾ ശ്രീരാമൻ ഭരതന് നൽകിയത് തന്റെ പാദുകങ്ങളായിരുന്നു. പരമ ഭക്തിയോടെ അവ രണ്ടും സ്വീകരിച്ച് ശിരസ്സിൽ വെച്ച് സ്വന്തം അമ്മയായ കൈകേയിയുടെ സാന്നിദ്ധ്യത്താൽ നിന്ദ്യമായ രാജസന്നിധിയിൽ പ്രവേശിപ്പിക്കാതെ നന്ദിഗ്രാമത്തിൽ പാദുകങ്ങൾ രണ്ടും പ്രതിഷ്ഠിച്ച് ഭരതൻ ഭരണം നടത്തി!

പിന്നീടെപ്പോഴോ ഭാരതത്തിന്റെ ആദ്യ ചക്രവർത്തിയായി ഉത്ഘോഷിക്കപ്പെടുന്ന ഭരതൻ ശിരസ്സിലേറ്റി നടന്ന പാദുകങ്ങളെ നാം അറിഞ്ഞോ അറിയാതെയോ ഒരു വി ലകുറഞ്ഞ ഉത്പന്നമായി തരംതാഴ്ത്തി. ഒരു ശരീരത്തിലെ പല ഭാഗങ്ങൾക്ക് വിവിധ പരിഗണനകൾ നൽകി നാം ശരീരത്തെ കീറി മുറിച്ചു. വസ്ത്രം ധരിക്കുവാൻ തുടങ്ങിയതോടെ ലൈംഗീക അവയവങ്ങൾക്ക് പുതിയ ഇമേജ് നൽകപ്പെട്ടു. അസഭ്യ വാക്കുകൾ പലപ്പോഴും അവയെ ചുറ്റി പറ്റുന്നവയായി.

ഒരു ശരീരം മുഴുവൻ പേറി നമ്മെ ജീവിത കാലം നടത്തുന്ന പാദങ്ങളെ സംരക്ഷിക്കുന്ന പാദുകങ്ങൾ നമുക്ക് നികൃഷ്ട ഉത്പന്നമായി. ചെരുപ്പൂരി അടിക്കുക എന്നത് സ്‌ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായാൽ ചെയ്യുന്ന നികൃഷ്ടമായ പ്രതികരണ രീതിയായി മാറി.

കാലുതൊട്ട് വന്ദിക്കുക എന്നത് ഭാരതീയ സംസ്കാരത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഇപ്പോഴും വടക്കേ ഇന്ത്യയിൽ മുതിർന്നവരെ കാണുന്പോൾ ബഹുമാന സൂചകമായി ആദ്യം ചെയ്യുക കാല് തൊട്ട് വന്ദിക്കുകയാണ്.

നമ്മളറിയാതെ നമ്മുടെ ചിന്താധാരയിലേയ്ക്ക് സമൂഹം കാലാകാലങ്ങളായി ചില വിശ്വാസങ്ങൾ അടിച്ചേൽപ്പിച്ച് കൊണ്ടിരിക്കുന്നുണ്ട്. അതിലൊന്നാണ് കാല് തൊട്ട് വന്ദിക്കുക എന്ന ഭാരതീയ സംസ്കാരത്തിന്റെ ഭാഗമായ ഒരു ചടങ്ങിനെ പരിഹസിക്കുന്ന ചിന്തകൾ. ഒരിക്കൽ സദ്ഗുരുവിനോട് ഒരു സ്‌ത്രീ താങ്കൾ എന്ത് കൊണ്ടാണ് താടിയും മുടിയും വളർത്തുന്നത് എന്ന് ചോദിച്ചു. ഉടൻ അദ്ദേഹം നൽകിയ ഉത്തരം, ഈ ചോദ്യം എന്നോട് ചോദിക്കേണ്ടതല്ല പകരം നമുക്ക് ദൈവവും പ്രകൃതിയും തന്ന താടിയും മുടിയും മുറിച്ച് കളയുന്നവരോടാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞു!

സായിപ്പ് ഇന്ത്യയിൽ കാല് കുത്തിയതോടെ ഭാരതീയർക്ക് അവരുടേതായ സാംസ്കാരിക സന്പ്രദായങ്ങൾക്ക് മാറ്റം വന്ന് തുടങ്ങി. ശക്തൻ അശക്തനാണ് എന്ന് ജനം അറിഞ്ഞത് അദ്ദേഹത്തിന്റെ കാലിൽ സഹാവാസിയായ ഡ്രൈവർ പാദുകങ്ങൾ ധരിക്കുവാൻ സഹായിക്കുന്ന രംഗം കണ്ടതോടെയാണ്. പ്രസ്തുത വിഷയത്തെ കുറിച്ച് കേരളത്തിലെ ദൃശ്യ മാധ്യമങ്ങൾ ഒരു ദിവസം മുഴുവൻ ചർച്ച ചെയ്യുകയും ഭൂരിപക്ഷം പേരും ശക്തന്റെ നടപടിയെ കുറിച്ച് വിലപിക്കുകയും ചെയ്തു. ഇതൊക്കെ കണ്ടപ്പോൾ എനിക്ക് തോന്നിയ വികാരം നമ്മൾ അറിയാതെ നാം ഓരോരുത്തരും മാനസികമായ ഒരു തരം രോഗത്തിന് അടിമപ്പെട്ടു തുടങ്ങിയെന്നതാണ്.

ശൂദ്രന്റെ കർമ്മം സേവനം ചെയ്യുക എന്നതാണെന്നും ശരീര ഭാഗത്തിൽ ശൂദ്രനെ പ്രതികരിക്കുന്നത് കാലുകളാണെന്നും അന്നം നേടി തന്നത് വൈശ്യരാണെന്നും അത് കൊണ്ട് തന്നെ ശരീരത്തിൽ വൈശ്യനെ പ്രതിനിധീകരിക്കുന്നത് വയർ അടക്കമുള്ള കുടൽ ഭാഗമാണെന്നും കൈകൾ ആയുധമെടുക്കുന്ന ക്ഷത്രിയനെയും മനനം ചെയ്യുന്ന ബ്രാഹ്മണർ ബുദ്ധിയെ പ്രതിനിധീകരിക്കുന്നു എന്ന ചിന്ത പുരാണങ്ങളിൽ നിന്നുള്ളതാണ്.

അന്ന് കർമ്മത്തിനനുസരിച്ച് ആയിരുന്നു ജാതി വേർതിരിച്ചു തന്നത്. പിന്നീടെപ്പോഴോ ബ്രാഹ്മണന് ജനിച്ച മകൻ ബ്രാഹ്മണനാകുകയും ശൂദ്രന് ജനിച്ച മകൻ ശൂദ്രനാകുകയും ചെയ്തപ്പോൾ സാമൂഹ്യ വ്യവസ്ഥിതിയിൽ ജാതിയുടെ പേരിൽ വിവേചനത്തിന്റെയും ദുഷ്ചിന്തകൾ കടന്നു വന്നു. അങ്ങനെ ക്ഷൗരം ചെയ്യുന്നവനെയും ചെരുപ്പ് കുത്തിയെയും അധകൃതനാക്കിയ സമൂഹം അവർ ചെയ്യുന്ന തൊഴിലിനെയും അവർ പ്രതിനിധീകരിക്കുന്ന ശരീരഭാഗത്തെയും തരം താഴ്‌ത്തി.

സായിപ്പ് ഷൂസുമിട്ട് ഇന്ത്യയുടെ കാട്ടിലൂടെയും നാട്ടിൽ പുറങ്ങളിലൂടെയും മദിച്ച് നടന്നപ്പോൾ സായിപ്പിന്റെ ഷൂസിനെ നമ്മൾ ബഹുമാനിച്ചും അനുകരിച്ചും തുടങ്ങി.

ഓം എന്ന മന്ത്രം ബ്രാഹ്മണരുടെ മാത്രം അവകാശമായി നിലനിൽക്കുകയുംഷുരകന്റെ ജോലി ക്ഷൗരം ചെയ്യൽ മാത്രമാണെന്നും സമൂഹത്തെ ബ്രാഹ്മണസമൂഹം തെറ്റിദ്ധരിപ്പിച്ചു. സുകുമാർ അഴീക്കോട്‌ തത്ത്വമസി എന്ന പുസ്തകത്തിൽ വിമർശിക്കുന്നത് ഒരു കാലത്ത് മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച് ഉച്ചയുറക്കത്തിനു ബ്രാഹ്മണർ തയ്യാറെടുക്കുന്പോൾ എന്പക്കം ഇടുന്ന ശബ്ദമായിരുന്നു ഓം എന്ന മന്ത്രം എന്നാണ്. പട്ടിണിപ്പാവങ്ങളായ തൊഴിലാളികൾ മുറ്റത്ത് നിന്ന് ഏന്പക്കമിടുന്ന ശബ്ദം കേട്ടപ്പോൾ അത് മന്ത്രമാണ് എന്ന് പറഞ്ഞു കളിപ്പിച്ചതാണ് എന്നും അദ്ദേഹം സമർഥിക്കുന്നു!

ഇപ്പോഴും ശരീര ഭാഗത്തിൽ വരെ വിവേചനം കാണുകയും അതിൽ പാദങ്ങളെ തരംതാഴ്ത്തുകയും ചെയ്യുന്നത് ജാതി വ്യവസ്ഥയുടെ മലിനമായ ചിന്തയുടെ പുതിയ രൂപമായിട്ടാണ് ഞാൻ കരുതുന്നത്. ബഹുമാനിക്കുന്ന വ്യക്തിയെ സഹായിക്കുവാൻ കൈപിടിക്കുന്ന പോലെ, മുണ്ടുടുപ്പിക്കാൻ സഹായിക്കുന്ന പോലെ, വാച്ച് കെട്ടാൻ സഹായിക്കുന്ന പോലെ ഉള്ള ഒരു സഹായം മാത്രമേ ചെരുപ്പിടാൻ സഹായിക്കുന്പോഴും സംഭവിക്കുന്നുള്ളൂ. അങ്ങനെ അല്ല എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ അത് ചികിത്സ വേണ്ട മാനസിക രോഗമാണ്.

ജ്വല്ലറി ഉടമയ്ക്കും ടെക്ൈസ്റ്റൽ കന്പനിയുടെ ഉടമകൾക്കും നൽകുന്ന പോലെ ബഹുമാനം ചെരിപ്പു കടയുടെ ഉടമകൾക്കും നാം നൽകണം. ബാറ്റ ഷൂ കന്പനിയുടെ തലപ്പത്ത് ഇരിക്കുന്ന ബ്രാഹ്മണൻ തൊഴിൽ കൊണ്ട് ശൂദ്രനും, കാസർഗോഡ് തൃക്കണാട് പോലുള്ള ചില സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്ന മുക്കുവൻ ബ്രാഹ്മണനും ആണ്.

കാഴ്ച ശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നടു വളക്കാൻ പറ്റാത്ത അശക്തനായ സ്പീക്കറിന്റെ നാവിന് തകരാറു വരാത്ത കാലത്തോളം അദ്ദേഹം കർമ്മം കൊണ്ട് ക്ഷത്രിയനാണ്.അദ്ദേഹം ചെയ്യുന്ന കർമ്മ മേഖല ബഹുമാനം അർഹിക്കുന്നതുമാണ്‌.

ബഹുമാനം പ്രകടിപ്പിക്കുവാൻ ആലിംഗനം ചെയ്യുന്ന പോലെ, നെറ്റിയിലും മൂക്കിലും ചുംബിക്കുന്നതു പോലെ, ഹസ്തദാനം ചെയ്യുന്ന പോലെ അദ്ദേഹത്തെ ബഹുമാനിക്കുന്നവർക്ക് സ്പീക്കറിന്റെ പാദ പൂജ ചെയ്യാനും കാൽതൊട്ട് വന്ദിക്കാനും പാദുകങ്ങൾ മാറ്റാനും അവകാശമുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനസമൂഹം ബഹുമാനിക്കുന്ന വി.എസ് അച്യുതാനന്ദൻ, സാറജോസഫ്‌ എന്നിവരടക്കം ശക്തൻ ചെയ്തത് മഹാപാപമായി കരുതുന്പോൾ ഇന്ത്യയുടെ സാംസകാരിക പാരന്പര്യം മനസ്സിൽ പറയുന്നത് പാദങ്ങൾക്കും ആകാം ഇത്തിരി മോഹങ്ങൾ എന്ന് മാത്രം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed