ഇത് സത്യം സത്യം സത്യം!


തലക്കാവേരിയിൽ പോയി തിരിച്ച് വരും വഴിയാണ് അറിഞ്ഞത്, കാഞ്ഞങ്ങാട്, അമ്പലത്തറ, കൊളവയൽ എന്നീ സ്ഥലങ്ങളിൽ സംഘട്ടനങ്ങൾ നടക്കുന്നുണ്ടെന്ന്. റോഡുകൾ തികച്ചും വിജനമായിരുന്നു. പ്രതീക്ഷിച്ചത് പോലെ വാഹനങ്ങൾ ആരും തടഞ്ഞില്ല. പാണത്തൂരിനടുത്ത് വാഹനം നിർത്തി വഴിയന്വേഷിച്ചപ്പോൾ അവിടെ കൂടിയിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ യാത്ര അപകടമാണെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുക എന്നതാണ് രാഷ്ട്രീയക്കാരുടെ ഒരു രീതി. അതുകൊണ്ട് തന്നെ വീടെത്തും മുന്പേ വഴിയിൽ കുടുങ്ങുമെന്ന ഭയം എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നു. ഐസ്ഐസ് അടക്കമുള്ള ഭീകരവാദികളിൽ നിന്ന് ആക്രമണം പ്രതീക്ഷിക്കുന്ന ബഹ്‌റിൻ എന്ന രാജ്യത്ത് അർദ്ധരാത്രിയിൽ സഞ്ചരിക്കുന്പോൾ തോന്നാത്ത ഒരു ഭയം എന്റെ മനസിനെ അപ്പോഴൊക്കെ കീഴടക്കുന്നത് ഞാനറിഞ്ഞു.

സഞ്ചരിക്കുന്നത് കേരളത്തിലാണ്, അതും ജനിച്ച് വളർന്ന നാട്ടിലൂടെ. എന്നിട്ടും എന്ത് കൊണ്ട് നമ്മൾ ഭയക്കണം എന്ന ചോദ്യത്തിന് ഒരു ഉത്തരമാണ് യാത്രയിലുടനീളം ഞാൻ സ്വയം ചോദിച്ചത്.

വാഹനം തടഞ്ഞ് നിർത്തി ആരെങ്കിലും ഏത് പാർട്ടിക്കാരനെന്നു ചോദിച്ചാൽ എന്താണ് ഉത്തരം നൽകുക? ഇപ്പറഞ്ഞ പാർട്ടിയിലൊന്നും വിശ്വാസമില്ലെന്ന് പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ അതിനെ പിന്തുണയ്ക്കില്ല.

നേരം ഇത്തിരി ഇരുട്ടിയെങ്കിലും വീടെത്തുന്പോഴേയ്ക്ക് ടെലിവിഷനിൽ കത്തികുത്തിന്റെയും ആക്രമണങ്ങളുടെയും വാർത്തകൾ. കാഞ്ഞങ്ങാടും, സമീപ പ്രദേശങ്ങളിലുമായി ഒന്പത് പേർക്ക് കുത്തേറ്റിരിക്കുന്നു. അതിൽ 4 പേർ സി.പി.എമ്മുകാരും 5 പേർ ബി.ജെ.പി കാരുമാണത്രെ. സംഭവം വളരെ നിസാരമായി ടി.വി ചാനലുകളും വർത്തമാന പത്രങ്ങളും റിപ്പോർട്ട് ചെയ്ത് ചർച്ചയും തുടങ്ങി.

ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും നേതാക്കന്മാർ പരസ്പ്പരം കൊമ്പ് കോർത്ത് വെല്ലുവിളിച്ചു. പ്രസ്തുത ചാനൽ ചർച്ചയ്ക്ക് പ്രേമം സിനിമയേക്കാൾ ടാം റേറ്റിങ്ങും ലഭിച്ച് കാണും.

ഗൾഫിൽ നിന്നും ഇവിടെ അവധിക്കാലം ചിലവിടുന്ന ഒരു മലയാളി എന്ന രീതിയിൽ എനിക്ക് പറയാൻ പറ്റുന്ന ഒരേ ഒരു കാര്യം, കേരളത്തിലെ വലിയൊരു ഭൂരിപക്ഷത്തിന് വട്ടാണ്! ഇത് സത്യം സത്യം സത്യം.

കസബിനെയും മേമനേയും തൂക്കി കൊല്ലുന്പോൾ അവർക്ക് വേണ്ടി വാദിക്കാനും പ്രതിഷേധിക്കാനും സമയം കണ്ടെത്തുന്ന ബുദ്ധിജീവികളടക്കം കൺമുന്പിൽ കാണുന്ന പൈശാചിക കൊലപാതകങ്ങൾക്ക് മുന്പിൽ മൗനം ഭജിക്കുന്നു.

ഇരിട്ടിയിലെ തില്ലങ്കേരിയിൽ നിന്ന് കണ്ടു പിടിച്ച സ്ഫോടക വസ്തുക്കൾ പതിനായിരങ്ങളെ ഒരുമിച്ച് കൊല്ലാൻ മാത്രം ശക്തിയുള്ളവയാണ്‌. കേരളത്തിലെ ഓരോ ജില്ലകളിലും ഇത്പോലെ നിരവധി സ്ഫോടക വസ്തുക്കൾ രഹസ്യമായി ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകും. ആഭ്യന്തര മന്ത്രി ഇത്തരം ആക്രമണങ്ങൾ ശക്തമായി തടയുമെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പോലിസ് പല സ്ഥലത്തും കണ്ണടയ്ക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിയുക.

ഇന്നലെ പോലിസിനെ കണ്ട് ചീട്ട് കളിച്ചിരുന്ന ഒരാൾ കായലിൽ ചാടി. ഉടൻ നാട്ടുകാർ പോലിസിനെ വളഞ്ഞ് പിടിച്ചു. കായലിൽ ചാടിയവനെ പോലിസ് തന്നെ തപ്പിയെടുക്കണം എന്ന് പറഞ്ഞായിരുന്നു നാട്ടുകാർ പോലിസിനെ പിടിച്ചത്! ചീട്ടു കളിച്ചതും കായലിൽ ചാടിയതിനും പോലീസ് എന്ത് പിഴച്ചു എന്ന് ചോദിച്ചാൽ നമ്മുക്കുത്തരം കിട്ടില്ലെങ്കിലും കേരളത്തിലെ പ്രഗത്ഭരായ ജനങ്ങൾക്ക് അവരവരുടേതായ ന്യായങ്ങളാണ്.

കേരളം പൊട്ടാൻ പോകുന്ന ഒരു പ്രഷർ കുക്കറിനെ പോലെയാണ്. കേരളത്തിലെ വലിയൊരു വിഭാഗം അസ്വസ്ഥമായ മനസ്സോടെ ഏത് നിമിഷവും പൊട്ടിത്തെറിക്കാൻ തയ്യാറായി ഇരിക്കുന്നവരാണ്.

അടുത്ത ഇലക്ഷനിൽ കോൺ‍ഗ്രസ് ഭരണത്തിൽ വീണ്ടും വരുമെന്ന ഭയം സി.പി.എമ്മി നും ബി.ജെ.പിക്കുമുണ്ട്. ബി.ജെ.പി താമര വിരിയിക്കുമെന്ന ഭയം സി.പി.എമ്മിനെ പേടിപ്പെടുത്തുന്നുമുണ്ട്. ബി.ജെ.പി അധികാരത്തിൽ വന്നാൽ കേരള രാഷ്ട്രീയത്തിലുള്ള തങ്ങളുടെ മേൽകോയ്മ നഷ്ടപ്പെടുമെന്ന് മുസ്ലീം ലീഗും ഭയക്കുന്നുണ്ട്.

ജാതിയും മതവും രാഷ്ട്രീയവും അധികാരവും സന്പത്തുമൊക്കെ കൂട്ടികുഴഞ്ഞ ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ സഹതാപകരമായ ഒരു പതനമാണ് ഇന്ന് കേരളത്തിലെ സാധാരണ സമൂഹം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയ്ക്ക് കാരണം.

മത നേതാക്കളും രാഷ്ട്രീയ നേതാക്കന്മാരുമെല്ലാം മാനസിക സമ്മർദ്ദത്തിലാണ്. ആർക്കും ഒന്നും പ്രവചിക്കാനാകാത്ത ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും വലിയ പരാജയം നിയമ സംവിധാനത്തിലുള്ള മെല്ലെപോക്ക് നയമാണ്. ഒരു കൊലപാതകം ചെയ്ത പ്രതിക്ക് ശിക്ഷ നൽകണമെങ്കിലുള്ള വഴികൾ ദുർഘടമാണ്. ഇതിനിടയിൽ തെളിവ് നശിപ്പിക്കൽ, നേതാക്കന്മാർ തമ്മിലുള്ള ചില രഹസ്യ ധാരണകൾ, നിയമ സംവിധാനത്തിലുള്ള ചില പരിമിതികൾ, എന്നിവയെല്ലാം കൊലയാളിക്ക് സ്വതന്ത്രനായി നടക്കാനുള്ള സാഹചര്യം ഒരുക്കുന്നു.

കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും മത സംഘടനകളും ആയുധങ്ങൾ ശേഖരിക്കുകയും ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുകയും ചെയുന്നുണ്ട്. ഏത് സമയത്തും ആക്രമിക്കപ്പെടാം എന്ന് പ്രതീക്ഷിച്ച് നടക്കുന്ന നേതാക്കന്മാരും അനുയായികളും എന്തിനും ഇത്തരത്തിൽ സർവ്വ സന്നാഹവും ഒരുക്കി തയ്യാറായി നിൽക്കുന്നു.

കേരളത്തിനെ ഇന്നത്തെ സാഹചര്യത്തിൽ രക്ഷിക്കാൻ പറ്റുന്ന ഒരു വഴിയെ ഞാൻ മുന്നിൽ കാണുന്നുള്ളൂ. അറുപത് വയസിന് മുകളിൽ പ്രായമുള്ള നേതാക്കളെ രാഷ്ട്രീയ പാർട്ടികളുടെ തലപ്പത്ത് നിന്ന് നീക്കുക. പുതിയ തലമുറയ്ക് അധികാരവും തീരുമാനങ്ങൾ എടുക്കുവാനുള്ള സംവിധാനവും രാഷ്ട്രീയ പാർട്ടിയിൽ ഉണ്ടാക്കുക. അനുയായികൾ കൊലപാതക കുറ്റത്തിന് പ്രതിയായാൽ പാർട്ടി സെക്രട്ടറിയെയും ധാർമ്മിക ഉത്തരവാദിത്വത്തിന്റെ പേരിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരുടെ നെറ്റിയിൽ ക്രിമിനൽ എന്ന് പച്ച കുത്തുക. സ്ഫോടക വസ്തുക്കൾ കണ്ടെടുത്താൽ അതിലെ പ്രതികളെ തൂക്കി കൊല്ലുകയോ ജീവപര്യന്തം ശിക്ഷിക്കുകയോ ചെയ്യുക. പാർട്ടി കൊലപാതക കുറ്റങ്ങൾക്ക് അനുയായികളെ കൊണ്ട് പ്രേരിപ്പിച്ചു എന്ന് കണ്ടെത്തിയാൽ പ്രസ്തുത പാർട്ടിയുടെ അംഗീകാരം പിൻവലിക്കുക.

ഇങ്ങനെ പ്രതിവിധികൾ നിരവധി ഉണ്ടെങ്കിലും കേരളത്തിലെ വിദ്യാഭ്യാസ സന്പന്നരായ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാരും സന്യാസി ജീവികളും അതിന് തുനിയില്ല, കാരണം ഇവിടെ ഭൂരിഭാഗം പേർക്കും വട്ടാണ്. ഇത് സത്യം സത്യം സത്യം ...

You might also like

  • Straight Forward

Most Viewed