സോഷ്യൽ മീഡിയ അപകടകാരി ആകുന്നത് എപ്പോൾ ? എന്തു കൊണ്ട് ?


ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും ഒക്കെയായി ബന്ധവും സ്നേഹവും നിലനിർത്താനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഏറെ സഹായകമാണ്. ഒരു പരിധിവരെ വിരസത അകറ്റാനും നമ്മുടെ ചുറ്റുപാടും എന്തൊക്കെ നടക്കുന്നു എന്നറിയാനും സോഷ്യൽ മീഡിയയെ നാമൊക്കെ ആശ്രയിക്കാറുണ്ട്. നമ്മുടെ നാട്ടിൽ നടക്കുന്ന പല വിശേഷങ്ങളും സംഭവങ്ങളും അതി വിദൂര ദേശങ്ങളിൽ വസിക്കുന്നവർ പോലും പലപ്പോഴും വളരെ വേഗത്തിൽ അറിയുന്നത് ഫേസ്ബുക്കിലൂടെയോ മറ്റു സോഷ്യൽ മീഡിയകളിലൂടെയോ ആണ്. നമ്മെ ഭരിക്കുന്നവരുടെയും അവരെ എതിർക്കുന്ന പ്രതിപക്ഷത്തിന്റെയും കാഴ്ചപ്പാടുകൾ നാം ഈ മാധ്യമത്തിലൂടെ അറിയുന്നു. നമ്മുടെ വിജയങ്ങളും സന്തോഷങ്ങളും ആഘോഷമാക്കുവാനും നഷ്ടങ്ങളിലും വേദനകളിലും ആശ്വാസം പകരാനും സോഷ്യൽ മീഡിയ സുഹൃത്തുക്കൾ ഉണ്ടാവും. ഇങ്ങനെ നമ്മുടെ വ്യക്തി ജീവിതത്തിൽ ഗുണപ്രദമായ എത്രയോ സേവനങ്ങൾ നമുക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നു!!

വ്യക്തിജീവിതത്തിൽ മാത്രമല്ല നമ്മുടെ തൊഴിൽ മേഖലകളിലും ഗുണപ്രദമായ സ്വാധീനം ചെലുത്താൻ സോഷ്യൽ മീഡിയയ്ക്ക് കഴിയും. ഈ നവമാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തിക്കൊണ്ട് നിരവധി ആളുകൾ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ലക്ഷക്കണക്കിന് ആളുകളിൽ എത്തിച്ചു കൊണ്ട് വമ്പൻ വിജയങ്ങളും സാമ്പത്തിക വളർച്ചയും നേടുന്നു. ഉപഭോക്താക്കൾക്കും തങ്ങളുടെ അഭിരുചിക്ക് ഇണങ്ങുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും തിരഞ്ഞെടുക്കാനും ഈ മാധ്യമം സഹായിക്കുന്നുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയുടെ ഗുണപ്രദമായ വശങ്ങൾ നിരവധിയാണ്. തങ്ങളുടെ സമയവും സമ്പത്തും മാനസികവും ശാരീരികവുമായ ആരോഗ്യവും നഷ്ടപ്പെടുത്താതെ ഉപയോഗിക്കാൻ കഴിയുന്നവർക്ക് സാമൂഹിക ഇടപെടലുകൾ നടത്താൻ സഹായകമായ ഏറ്റവും ഫലപ്രദമായ ഒരു ഉപാധി തന്നെയാണ് സോഷ്യൽ മീഡിയ.

പലതുകൊണ്ടും ഈ മാധ്യമം ഗുണപ്രദമാണ് എന്ന കാര്യത്തിൽ ആർക്കും എതിർ അഭിപ്രായം ഉണ്ടാവണമെന്നില്ല. എന്നാൽ നിയന്ത്രണങ്ങൾ ഇല്ലാത്ത സോഷ്യൽ മീഡിയ ഉപയോഗം വരുത്തി വയ്ക്കുന്ന അപകടങ്ങളെ കുറിച്ചാണ് ഞാനിവിടെ പറയാൻ ആഗ്രഹിക്കുന്നത്. ഈ ലേഖനം വായിക്കുന്ന നിങ്ങളോ നിങ്ങളുടെ പരിചിതരായ മറ്റാരെങ്കിലുമോ സോഷ്യൽ മീഡിയയുടെ അമിത ഉപഭോഗം കാരണം ശാരീരികവും മാനസികവുമായ സംഘർഷങ്ങളോ അസ്വസ്ഥതകളോ അനുഭവിക്കുന്നുണ്ടാവാം. ഒരു പരിശീലകൻ എന്ന നിലയിൽ അധ്യാപകരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഞാൻ മനസ്സിലാക്കിയത് അനുസരിച്ച് സ്മാർട്ട് ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും അമിതമായ ഉപയോഗം കാരണം ശാരീരികവും മാനസികവും ആയ പല പ്രശ്നങ്ങളും അനുഭവിക്കുന്നവരാണ് നമ്മുടെ ബഹുഭൂരിപക്ഷം കുട്ടികളും . വിനാശകരമായ അവസ്ഥയിലേക്ക് ചെറിയ കുട്ടികൾ അടക്കം പലരെയും കൊണ്ടുചെന്ന് എത്തിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സാപ്പും ടെലഗ്രാമും ട്വിറ്ററും ഒക്കെ അടങ്ങുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നാം സൗജന്യമായാണ് ഉപയോഗിക്കുന്നത്. ആരെങ്കിലും നമുക്ക് ഏതൊരു സേവനവും സൗജന്യമായി നൽകുന്നുണ്ടെങ്കിൽ അതിനർത്ഥം അതിലൂടെ അവർക്ക് എന്തെങ്കിലും ഒക്കെ നേട്ടങ്ങൾ ഉണ്ടെന്നതാണ്. ഇത്തരം പ്ലാറ്റ്ഫോമുകളിൽ നാം കൂടുതൽ സമയം ചെലവഴിക്കുമ്പോൾ മാത്രമാണ് അവർക്ക് കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ആവുന്നത്. നമ്മുടെ വികാരവിചാരങ്ങളും ആഗ്രഹങ്ങളും താത്പര്യങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഒക്കെ നമ്മളെക്കാൾ നന്നായി സോഷ്യൽ മീഡിയയുടെ നിർമ്മിത ബുദ്ധി മനസ്സിലാക്കും. നാം ആദ്യം സോഷ്യൽ മീഡിയ ഉപയോഗിച്ചു തുടങ്ങും കുറച്ചു കഴിയുമ്പോൾ സോഷ്യൽ മീഡിയ നമ്മെ ഉപയോഗിച്ചു തുടങ്ങും. അനിയന്ത്രിതമായ ഉപയോഗത്തിലേക്ക് നമ്മെ നയിക്കാനുള്ള സർവ്വതും അവർ ഒരുക്കി തരും. നമ്മുടെ മനസ്സിനെയും ശീലങ്ങളെയും സ്വാധീനിക്കാനുള്ള കഴിവ് ആർജ്ജിക്കുന്ന സോഷ്യൽ മീഡിയയുടെ നിർമ്മിത ബുദ്ധി നാം അറിയാതെ തന്നെ പലതും കാണാനും കേൾക്കാനും നിരന്തരമായി ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്യുവാനും നമ്മെ പ്രചോദിപ്പിക്കുന്നു. മനുഷ്യ മസ്തിഷ്കത്തിന്റെ ബലഹീനതകൾ മനസ്സിലാക്കിയാണ് സോഷ്യൽ മീഡിയ തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുള്ളത്.

മദ്യം, മയക്കുമരുന്ന്, പുകയില, ചൂതാട്ടം... തുടങ്ങി നമ്മെ ഭ്രമിപ്പിക്കുകയും അടിമകളാക്കുകയും ചെയ്യുന്ന സാഹചര്യങ്ങളോട് തോന്നുന്ന അതേ മാനസിക അടിമത്തം ആണ് അമിതമായ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കും ലഭിക്കുന്നത്. നിരന്തരമായി ഇടതടവില്ലാതെ ഉപയോഗിക്കാനുള്ള ഭ്രമം പലർക്കും നിയന്ത്രിക്കാൻ കഴിയില്ല, പ്രത്യേകിച്ച് കുട്ടികൾക്ക്. നമ്മുടെ ഒരു പോസ്റ്റിന് ഓരോ ലൈക്കും ഷെയറും നല്ല കമന്റുകളും ലഭിക്കുമ്പോൾ നമുക്ക് ആനന്ദവും അനുഭൂതിയും സമ്മാനിക്കുന്ന ഡോപ്പമിൻ എന്ന കെമിക്കൽ നമ്മുടെ ബ്രെയിനിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഓരോ ലൈക്കും ലഭിക്കുമ്പോൾ ഉത്പാദിപ്പിക്കുന്ന ആനന്ദം പുകവലിക്കുന്നവർക്ക് ഓരോ സിഗരറ്റും വലിക്കുമ്പോൾ നിക്കോട്ടിൻ കൊടുക്കുന്ന ആനന്ദത്തിന് തുല്യമാണ്. എപ്പോഴും നമുക്ക് ആനന്ദം ലഭിച്ചുകൊണ്ടിരിക്കണം എന്ന മോഹം മനുഷ്യസഹജമാണ്. അതുകൊണ്ടുതന്നെ നമുക്ക് എത്രത്തോളം ലൈക്ക് കിട്ടി അല്ലെങ്കിൽ കമൻറ് ലഭിച്ചു എന്നറിയാൻ എപ്പോഴും ആകാംക്ഷയായിരിക്കും. ഇത് നിരന്തരം ഫോൺ അല്ലെങ്കിൽ ടാബ്ലറ്റ് തുറന്ന് സോഷ്യൽ മീഡിയയിൽ പരതി നോക്കുവാൻ നമുക്ക് പ്രേരണ നൽകി കൊണ്ടേയിരിക്കും. ഒരു പരിധി കഴിഞ്ഞാൽ പിന്നീട് ഇടവേളകൾ പോലും നൽകാതെ മുഴുവൻ സമയവും സോഷ്യൽ മീഡിയയിൽ മാത്രം മുഴുകിയിരിക്കുന്ന അടിമകളായി മാറും. തന്നെയുമല്ല ലൈക്കോ കമന്റോ കുറഞ്ഞാൽ അത് വിഷാദത്തിനും മാനസിക സംഘർഷങ്ങൾക്കും കാരണമാകുന്നു. പലരെയും ഇത് കൊണ്ടെത്തിക്കുന്നത് ഒറ്റപ്പെടലുകളിലും മനോ രോഗങ്ങളിലുമാണ്. കൂടുതൽ ലൈക്കുകളും കമന്റുകളും അംഗീകാരങ്ങളും സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നവർക്ക് കൂടുതൽ നേരം അവിടെ തന്നെ തുടരാനുള്ള ആസക്തി ഉണ്ടാക്കുന്നു. നമ്മെ ഭ്രമിപ്പിക്കാൻ ആയി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അഭിനന്ദന സന്ദേശങ്ങൾ അയക്കുകയും കൂടുതൽ പോസ്റ്റുകൾ ഇടാൻ പ്രോത്സാഹനങ്ങളും പ്രചോദനങ്ങളും നൽകുകയും ചെയ്യും. ഇതെല്ലാം കൂടി ആകുമ്പോൾ നമ്മുടെ ജീവിത ലക്ഷ്യങ്ങളും കടമകളും ഉത്തരവാദിത്തങ്ങളും എല്ലാം വിസ്മരിച്ചു കൊണ്ട് ഡോപ്പമിൻ നൽകുന്ന താത്കാലിക അനുഭൂതിക്ക് പിന്നാലെ സഞ്ചരിച്ച് സമയവും ജീവിതവും പാഴാക്കിക്കളയുന്ന അവസ്ഥയിൽ എത്തും.

പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഇടയ്ക്കിടെ ഫോൺ തുറക്കാനുള്ള പ്രവണത നിങ്ങളിൽ ഉണ്ടെങ്കിൽ മനസ്സിലാക്കുക സോഷ്യൽ മീഡിയ നിങ്ങളെ വശീകരിച്ച് കഴിഞ്ഞിരിക്കുന്നു. ഈ ആസക്തി ശാരീരികവും മാനസികവുമായ പല വിപത്തുകൾക്കും കാരണമാവും. സോഷ്യൽ മീഡിയയുടെ അമിതമായ ഉപഭോഗത്തിലൂടെ സംഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ ഓരോന്നായി നമുക്ക് പരിശോധിക്കാം.

ഒരു സാമൂഹിക ജീവി എന്ന നിലയിൽ സമൂഹത്തിലുള്ള നമ്മുടെ സ്ഥാനം നാം അടയാളപ്പെടുത്തുന്നത് മറ്റുള്ളവരുമായുള്ള താരതമ്യങ്ങളിലൂടെയാണ്. പ്രശസ്ത ഓർഗനൈസേഷണൽ ബിഹേവിയർ പ്രൊഫസറായ തോമസ് മസ്‌വീലർ താരതമ്യത്തെ ഈ രീതിയിൽ വിവരിക്കുന്നു: "നാം ആരാണെന്നും നമ്മൾ എന്തിലാണ് നല്ലതെന്നും എന്തിലാണ് നമുക്ക് പോരായ്മകൾ ഉള്ളതെന്നും മനസ്സിലാക്കാനുള്ള ഏറ്റവും അടിസ്ഥാന മാർഗങ്ങളിലൊന്നാണിത്." മറ്റുള്ളവരുമായുള്ള താരതമ്യങ്ങളിലൂടെ നാം ആരാണെന്ന് ഒരു തിരിച്ചറിവ് ഉണ്ടാകുന്നു. സോഷ്യൽ മീഡിയ ശക്തമായ സ്വാധീനം ചെലുത്തുന്നതിനു മുമ്പ് നമ്മുടെ ചുറ്റുപാടുമുള്ള പരിചിതങ്ങളായ സാഹചര്യങ്ങളും വ്യക്തികളുമായാണ് നാം നമ്മെ താരതമ്യം ചെയ്തിരുന്നത്. നമ്മുടെ ചുറ്റുപാടുമുള്ള യാഥാർത്ഥ്യങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ നാം എത്തുമ്പോൾ കാണുകയും കേൾക്കുകയും ചെയ്യുന്നത് കൃത്രിമത്തങ്ങൾ നിറഞ്ഞ ഒരു ഭാവനാ ലോകമാണ്. അവിടെ കാണുന്നതൊക്കെയുമാണ് യഥാർത്ഥ ജീവിതം എന്ന് നാം വിശ്വസിക്കുന്നു അഥവാ നമ്മെ വിശ്വസിപ്പിക്കുന്നു. അവിടെ നമ്മെക്കാൾ സൗന്ദര്യവും ബുദ്ധിയും കഴിവും സമ്പത്തും ഒക്കെ ഉള്ളവരെയാണ് നാം കാണുന്നത്. അവിടെ കാണുന്ന അതി സമ്പന്നതയും ആർഭാട ജീവിതവും ഒക്കെ നമ്മെ ഭ്രമിപ്പിക്കുന്നു. വിശ്വോത്തര പ്രണയങ്ങൾ, ഒരിക്കലും കലഹിക്കാത്ത കുടുംബങ്ങൾ, മാതൃകാ ദമ്പതികൾ, ഉൽകൃഷ്ട സൗഹൃദങ്ങൾ .. എന്നിങ്ങനെ ജീവിതത്തിൽ ആനന്ദവും ആഹ്ലാദവും സന്തോഷവും സംതൃപ്തിയും നിറഞ്ഞൊഴുകുന്ന ആഘോഷ ജീവിതങ്ങളാണ് ഓരോരുത്തരുടെയും പോസ്റ്റിലൂടെ നാം കാണുന്നത്. ഇതൊന്നും പോരാഞ്ഞിട്ട് പലരുടെയും ഗംഭീര വീടുകളും ആഡംബര കാറുകളും അവർ അണിയുന്ന ആട ആഭരണങ്ങളും ഒക്കെ കാണുമ്പോൾ നമ്മുടെ പിരി വെട്ടിത്തുടങ്ങും. പിന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുക എന്ന നമ്മുടെ സഹജമായ സ്വഭാവം ഉണർന്നെണീക്കും. എൻറെ ജീവിതത്തെക്കാൾ എത്രയോ സുഖ സുന്ദരമാണ് മറ്റുള്ളവരുടെയൊക്കെ ജീവിതം എന്ന് ചിന്തിച്ചു തുടങ്ങും. സോഷ്യൽ മീഡിയയിൽ കാണുന്നവരുടെ ജീവിതം പോലെ തങ്ങളുടെ ജീവിതം ആർഭാടമാക്കാൻ വേണ്ടി കടം വാങ്ങി ആഡംബര വസ്തുക്കൾ വാങ്ങുന്നവരുടെ എണ്ണം പെരുകുന്നതായാണ് അമേരിക്കൻ സാമ്പത്തിക കാര്യ വിദഗ്ധ റേച്ചൽ ക്രൂസ് ഇതേക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പലരും തങ്ങളുടെ ദുരഭിമാനം സംരക്ഷിക്കാനാണ് വിലപിടിച്ച വസ്തുക്കൾ വാങ്ങിക്കൂട്ടുന്നത്. സന്തോഷവും സമൂഹത്തിൽ ഉന്നത സ്ഥാനവും നേടാൻ വേണ്ടി ഈ വാങ്ങിക്കൂട്ടുന്ന ഒരു വസ്തുവകകളും അധികകാലം അവർക്ക് സന്തോഷം നൽകില്ല എന്ന് മാത്രമല്ല സാമ്പത്തിക ബാധ്യതകൾ മൂലം പിന്നീടുള്ള കാലം സ്വസ്ഥതയും സമാധാനവും നശിക്കുകയും ചെയ്യുന്നു.

മറ്റുള്ളവരുടെ വിജയങ്ങൾ നമുക്ക് ആവേശവും പ്രചോദനവും നൽകുന്നു എങ്കിൽ അത് നല്ലതു തന്നെയാണ്. എന്നാൽ മറ്റുള്ളവരുടെ വിജയങ്ങൾ നമ്മുടെ മനസ്സിൽ ദുരഭിമാനവും അപകർഷതാ ബോധവും സൃഷ്ടിക്കുന്നതെങ്കിൽ അത് ചെന്നെത്തുന്നത് അപകടകരമായ മാനസികാവസ്ഥയിൽ ആയിരിക്കും.

മനുഷ്യരുടെ സന്തോഷത്തെയും ആഹ്ലാദകരമായ ജീവിതത്തെയും കുറിച്ച് ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയ ലോകപ്രശസ്ത ശാസ്ത്രജ്ഞനാണ് ഡോക്ടർ എഡ് ഡൈനർ. ഡോക്ടർ ഹാപ്പിനസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ മനുഷ്യൻറെ സ്വസ്ഥതയും സമാധാനവും സന്തോഷവും നഷ്ടപ്പെടുത്തുന്ന ഒരു പ്രധാന കാരണം അനാവശ്യമായി മറ്റുള്ളവരുടെ ജീവിതവുമായി നമ്മുടെ ജീവിതത്തെ താരതമ്യം ചെയ്യുന്ന പ്രവണതയാണ്. മറ്റുള്ളവരെക്കാൾ കഴിവ് കുറഞ്ഞ, പോരായ്മകൾ ഉള്ള ആളാണ് താനെന്ന് ചിന്തിക്കുന്നവർ തങ്ങളുടെ യഥാർത്ഥ ശക്തിയും സവിശേഷ ഗുണങ്ങളും തിരിച്ചറിയുന്നില്ല. സോഷ്യൽ മീഡിയയിൽ ഓരോരുത്തരും ഇടുന്ന പോസ്റ്റുകൾ അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച നല്ല നിമിഷങ്ങൾ മാത്രമാണ് എന്ന യാഥാർത്ഥ്യം അവരുമായി തൻറെ ജീവിതത്തെ താരതമ്യം ചെയ്യുന്നവർ തിരിച്ചറിയുന്നില്ല. ആരും തന്നെ അവരുടെ ജീവിതത്തിലെ ദുഃഖങ്ങളോ ദുരിതങ്ങളോ മാനസിക സംഘർഷങ്ങളോ ദാമ്പത്യ ജീവിതത്തിലെ കലഹങ്ങളോ പരാജയങ്ങളോ ഒന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാറില്ല. അതായത് നാം കാണുന്നത് ആരുടെയും യഥാർത്ഥ ജീവിതമല്ല. ചിലരുടെ വിവാഹ വാർഷികത്തിന്റെ ഫോട്ടോ കാണുമ്പോൾ നാം വിചാരിക്കും ഇവർ വർഷത്തിൽ 365 ദിവസവും അത്യാഹ്ലാദകരമായ മാതൃകാ കുടുംബജീവിതം നയിക്കുന്നവർ ആയിരിക്കുമെന്ന്. എന്നാൽ യഥാർത്ഥത്തിലുള്ള ജീവിതം എങ്ങനെയാണെന്ന് അവർക്കേ അറിയൂ! നമ്മൾ ആരും അവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാത്തിടത്തോളം സോഷ്യൽ മീഡിയയിൽ കാണുന്നതായിരിക്കും മറ്റുള്ളവരുടെ മുമ്പിൽ അവരുടെ ജീവിതം. ഏറ്റവും നല്ലതുപോലെ മേക്കപ്പിട്ട് എടുത്ത ഏറ്റവും നല്ല ഫോട്ടോ മാത്രമല്ലേ ഞാനും നിങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രദർശിപ്പിക്കുകയുള്ളൂ. അതുപോലെ നമ്മുടെ വിജയങ്ങളും നേട്ടങ്ങളും നമുക്ക് ലഭിച്ച അംഗീകാരങ്ങളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ പ്രശംസയും അംഗീകാരങ്ങളും ഒക്കെ നമ്മുടെ ഉള്ളിന്റെ ഉള്ളിലും ആഗ്രഹിക്കുന്നുണ്ട്. ഇതൊക്കെ തന്നെയാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നത്.

മറ്റുള്ളവരെ പോലെ വിജയിക്കാനോ നേട്ടങ്ങൾ ഉണ്ടാക്കാനോ നമുക്ക് കഴിയുന്നില്ല എന്ന് ചിന്തിക്കുമ്പോൾ നമ്മെപ്പോലെ വിജയിക്കാനോ നേട്ടങ്ങൾ ഉണ്ടാക്കാനോ കഴിയാത്ത കോടാനുകോടി ആളുകൾ ഈ ഭൂമുഖത്ത് ഉണ്ട് എന്ന യാഥാർത്ഥ്യം കൂടി മനസ്സിലാക്കുക. മറ്റുള്ളവരുടെ വിജയങ്ങളിലും സന്തോഷങ്ങളിലും നാം പങ്കാളിയാവുക. അവരുടെ വിജയങ്ങൾ നമുക്കും കൂടുതൽ വളരാനുള്ള പ്രചോദനമാവണം. നമ്മുടെ സവിശേഷ കഴിവുകളും കരുത്തും തിരിച്ചറിയുക. നമ്മുടെ ഏതൊരു പോരായ്മകളും നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ. നമുക്ക് സന്തോഷം പകരുന്ന തൊഴിലിലും കുടുംബ ബന്ധങ്ങളിലും യഥാർത്ഥ സൗഹൃദങ്ങളിലും ശ്രദ്ധ കൊടുത്താൽ മറ്റുള്ളവരുമായുള്ള അനാവശ്യ താരതമ്യം ഒഴിവാക്കാം. നമ്മൾ നമ്മുടേതായ ഒരു ജീവിതമാണ് സൃഷ്ടിക്കേണ്ടത്. നമ്മുടെ ജീവിത ലക്ഷ്യങ്ങളും അതിലേക്കുള്ള നമ്മുടെ യാത്രയുമാണ് നമുക്ക് സന്തോഷം തരേണ്ടത്. നമ്മൾ മറ്റൊരാൾ ആവാൻ ശ്രമിക്കാതെ അവരെപ്പോലെ ആവാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് നിരാശപ്പെടാതെ ശുഭപ്രതീക്ഷയോടെ നല്ല നാളേക്കായി പരിശ്രമിക്കുകയാണ് ചെയ്യേണ്ടത്.

സോഷ്യൽ മീഡിയയ്ക്ക് അടിമകൾ ആകുന്നവർക്ക് സംഭവിക്കുന്ന മറ്റൊരു മാനസിക പ്രശ്നം അവർ ജീവിതത്തിൽ ഭയാനകമായ ഒറ്റപ്പെടൽ അനുഭവിക്കുന്നു എന്നതാണ്. യഥാർത്ഥ ലോകത്ത് യഥാർത്ഥ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അവർ ക്രമേണ വിട്ടൊഴിഞ്ഞ് ഒരു സങ്കല്പ ലോകത്തെ കൃത്രിമ സൗഹൃദങ്ങളിൽ നിന്നും സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നു. അവിടെ അവർ നഷ്ടപ്പെടുത്തുന്നത് അവർക്ക് സ്നേഹവും പ്രോത്സാഹനവും സാന്ത്വനവും പരിചരണവും ആത്മവിശ്വാസവും ഒക്കെ പകരേണ്ട സ്വന്തം ബന്ധു മിത്രാദികളെയാണ്. സാമൂഹിക ഇടപഴകലുകൾക്ക് സാധ്യതയില്ലാത്ത കുട്ടികളാണ് ഈ അവസ്ഥയിൽ ചെന്നെത്താറുള്ളത്. സ്കൂളിലോ കോളേജിലോ പോയി തിരികെ എത്തുന്ന കുട്ടി ഒരു മൊബൈൽഫോണും ആയി സ്വന്തം മുറിയിൽ കയറിയാൽ പിന്നെ യാഥാർത്ഥ്യങ്ങളുടെ ലോകത്തല്ല. സോഷ്യൽ മീഡിയയുടെ ലോകത്ത് നിന്നും അവരുടെ ശ്രദ്ധ ക്രിയാത്മകമായ വഴികളിലേക്ക് തിരിച്ചുവിടാത്ത മാതാപിതാക്കൾ തന്നെയാണ് ഇക്കാര്യത്തിൽ പ്രധാന ഉത്തരവാദികൾ. കലാകായിക ഇനങ്ങളിലോ സൃഷ്ടിപരവും സർഗ്ഗാത്മകവുമായ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്ക് മൊബൈലിൽ കളിച്ചു കൊണ്ടിരിക്കാൻ സമയം കിട്ടില്ല. സജീവ സാന്നിധ്യം കൊടുക്കേണ്ട പ്രവർത്തനങ്ങൾ ഇല്ലാതായാൽ കുട്ടികൾ ക്രമേണ സോഷ്യൽ മീഡിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

കുട്ടികളുടെ ഓരോ വളർച്ചാ ഘട്ടങ്ങളിലും മാതാപിതാക്കളുടെ പിന്തുണയും പ്രോത്സാഹനവും ഉന്നത ലക്ഷ്യങ്ങളിലേക്ക് വഴി തിരിച്ചു വിടാനുള്ള ഫലപ്രദമായ നിർദ്ദേശങ്ങളും അനിവാര്യമാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാൻ കുട്ടികൾക്ക് കൊടുക്കുന്ന അമിത സ്വാതന്ത്ര്യവും അതുണ്ടാക്കാവുന്ന അപകടങ്ങളെക്കുറിച്ച് പല മാതാപിതാക്കൾക്കും ഉള്ള അജ്ഞതയും ആണ് കുട്ടികൾ ഈ ഉപകരണത്തിന് അടിമപ്പെടാൻ കാരണമാകുന്നത്. ഗുണപ്രദവും ഫലപ്രദവുമായ രീതിയിൽ എങ്ങനെയാണ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കേണ്ടത് എന്ന് ആദ്യം മാതാപിതാക്കൾ പഠിക്കേണ്ടിയിരിക്കുന്നു. കുട്ടികളുമായി കൂടുതൽ സമയം ഇടപഴകുകയും അവരുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തെങ്കിൽ മാത്രമേ അവരെ യാഥാർത്ഥ്യ ലോകത്തോട് അടുപ്പിക്കാൻ കഴിയൂ. ഇടയ്ക്കിടയ്ക്ക് നമ്മുടെ ഉറ്റവരും ഉടയവരുമായി ഇടപഴകാൻ കുട്ടികൾക്ക് അവസരം ഒരുക്കണം. അപ്പോൾ മാത്രമേ നമ്മുടെ യഥാർത്ഥ ബന്ധുമിത്രാദികൾ ആരൊക്കെയെന്നും അവരോട് എങ്ങനെ ഇടപഴകണം എന്നുമൊക്കെ കുട്ടികൾ പഠിക്കുകയുള്ളൂ. അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന സൗഹൃദവും അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും ഒക്കെ ലഭിക്കാൻ അവർ സോഷ്യൽ മീഡിയയിൽ ചേക്കേറും. സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന ലൈക്കുകളും കമന്റുകളും അവരുടെ മസ്തിഷ്കത്തിന് ഡോപ്പമിൻ എഫക്റ്റിലൂടെ താത്കാലിക സന്തോഷങ്ങളും അനുഭൂതികളും ലഭിക്കുകയും വീണ്ടും വീണ്ടും അത് ലഭിക്കാൻ താല്പര്യപ്പെടുകയും ചെയ്യും. ഈ താത്കാലിക സന്തോഷങ്ങൾ ലഭിക്കാൻ ഏതു സാഹസത്തിനും കുട്ടികൾ മുതിരാറുണ്ട്. സോഷ്യൽ മീഡിയയിലെ ലൈക്ക് കൂട്ടാനായി അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിച്ചും മറ്റു സാഹസങ്ങൾ കാണിച്ചും എത്രയോ കുട്ടികളാണ് ദുരന്തങ്ങളിൽ ചെന്ന് പതിച്ചിട്ടുള്ളത്. മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കാതെ ആവുമ്പോൾ ഇവർ ആശങ്കാകുലരാകും. തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന ആകുലത അവരെ വിഷാദരോഗികൾ ആക്കും. യഥാർത്ഥ ലോകത്തിൽ നിന്നും ഉൾവലിഞ്ഞ ഒറ്റപ്പെട്ട ഒരു ജീവിതമാകും പിന്നീട് അവർ താല്പര്യപ്പെടുക.

ജീവിതത്തിൽ കുട്ടികൾ ഒറ്റയ്ക്കല്ല എന്ന തോന്നൽ അവരിൽ ഉണ്ടാക്കണം. സോഷ്യൽ മീഡിയയിൽ നാം കാണുന്നതല്ല യഥാർത്ഥ ലോകം ഇന്ന് അവരെ ബോധ്യപ്പെടുത്തണം. ഈ സാങ്കേതിക വിപ്ലവത്തിൻറെ കാലത്ത് പരിപൂർണ്ണമായി നമുക്ക് ആരെയും ഒന്നിൽ നിന്നും അകറ്റിനിർത്താനാവില്ല. എന്നാൽ ഉത്തരവാദിത്വത്തോടെയുള്ള ഒരു സമീപനമാണ് സോഷ്യൽ മീഡിയയിൽ നാം പുലർത്തേണ്ടത് എന്ന് അവരെ അഭ്യസിപ്പിക്കണം. ജീവിതത്തിൽ നിന്നും നേടേണ്ട യഥാർത്ഥ വിജയങ്ങളും സന്തോഷങ്ങളും എന്താണെന്ന് കുട്ടികൾ തിരിച്ചറിയണം. താൽക്കാലിക സന്തോഷങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് വലിയ നാശത്തിലേക്ക് ആയിരിക്കും. എന്നാൽ ഉന്നതമായ ലക്ഷ്യങ്ങളിലേക്കുള്ള നമ്മുടെ സഞ്ചാരം താൽക്കാലികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും പിന്നീട് നമുക്ക് ജീവിതം മുഴുവൻ സന്തോഷിക്കുവാനുള്ള അവസരങ്ങൾ ഒരുക്കും. തൻറെ പരമപ്രധാനമായ കർത്തവ്യം പഠിക്കുക എന്നതാണെന്നും ആ പഠനത്തിലൂടെയാണ് താൻ സന്തോഷം കണ്ടെത്തേണ്ടത് എന്നുമുള്ള ബോധ്യം കുട്ടികൾക്ക് ഉണ്ടാവണം.

തങ്ങൾ ഏതു ലക്ഷ്യത്തിനുവേണ്ടിയാണ് പഠിക്കുന്നതെന്നും ആ ലക്ഷ്യത്തിൽ എത്തിച്ചേരാൻ എത്രത്തോളം പ്രയത്നം ആവശ്യമുണ്ടെന്നും കുട്ടികളെ ബോധ്യപ്പെടുത്താൻ ഉത്തരവാദിത്ത ബോധമുള്ള മാതാപിതാക്കൾക്കും അധ്യാപകർക്കും കഴിയണം. ലക്ഷ്യബോധവും നല്ല ശീലങ്ങളും ആണ് ഒരു വിദ്യാർത്ഥിയെ വിജയത്തിലെത്തിക്കുന്നത്. തൻറെ ലക്ഷ്യങ്ങളെക്കാൾ ഏറെ പ്രാധാന്യം താൽക്കാലിക സന്തോഷം നൽകുന്ന സോഷ്യൽ മീഡിയയ്ക്ക് കൊടുക്കുന്ന കുട്ടികളാണ് അവരുടെ സമയവും ആരോഗ്യവും നശിപ്പിച്ചു കളയുന്ന ശീലത്തിന് അടിമകളാകുന്നത്. മാനസിക ആരോഗ്യം മാത്രമല്ല ഉറക്കം നഷ്ടപ്പെടുന്നതിലൂടെ പല കുട്ടികളും ശാരീരികമായും തളരുകയാണ്.

എൻറെ അനുഭവത്തിൽ നിന്നും പറയട്ടെ വളരെ വൈകി മാത്രമാണ് പല മാതാപിതാക്കളും സോഷ്യൽ മീഡിയ മൂലം കുട്ടികൾക്ക് ഉണ്ടാവുന്ന അപകടകരമായ അവസ്ഥ മനസ്സിലാക്കുന്നത്. കുട്ടികളെ സംബന്ധിച്ച് സോഷ്യൽ മീഡിയ മാത്രമല്ല സുഹൃത്തുക്കളോടൊപ്പം നേരം വെളുക്കും വരെ കളിക്കുന്ന ഓൺലൈൻ ഗെയിമുകളും വിനാശകരമാണ്. നമ്മുടെ നാട്ടിലെ സാമൂഹിക സാഹചര്യത്തിൽ അവിശ്വസനീയമാം വിധം നിരവധി കുട്ടികൾ പലതിനും അടിമപ്പെട്ടു പോകുന്നു. ചെറുപ്പം മുതൽക്ക് തന്നെ കുട്ടികളെ ശാന്തരാക്കാനും അവരുടെ ശല്യം ഒഴിവാക്കാനും അവർക്ക് കളിപ്പാട്ടമായി സ്മാർട്ട്ഫോൺ സമ്മാനിക്കുന്ന സാധുക്കളായ അമ്മമാർ അറിയുന്നില്ല ഭാവിയിൽ അവരുടെ കുഞ്ഞുങ്ങൾക്ക് സംഭവിക്കാൻ സാധ്യതയുള്ള ഭയപ്പെടേണ്ട സാഹചര്യങ്ങൾ!! പണമോ പണം കൊടുത്തു വാങ്ങുന്ന ആഡംബര വസ്തുക്കളോ കൊടുത്തല്ല കുട്ടികളെ സന്തോഷിപ്പിക്കേണ്ടത്. പണം കൊടുത്താൽ ലഭിക്കാത്ത സ്നേഹവും പ്രോത്സാഹനവും അഭിനന്ദനങ്ങളും പ്രചോദനവും ലക്ഷ്യബോധവും സാമൂഹിക ബോധവുമാണ് അവർക്ക് നൽകേണ്ടത്. നാം അവരെ ശ്രവിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നില്ല എങ്കിൽ അവരെ ശ്രവിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ ലോകത്തേക്ക് പോയാൽ അവരെ കുറ്റപ്പെടുത്താൻ ആവുമോ ?

സോഷ്യൽ മീഡിയ നിരന്തരമായി ഉപയോഗിക്കുന്നവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകമാണ് സൈബർ ആക്രമണം. പ്രശസ്തരായ വ്യക്തികൾ സൈബർ ആക്രമണങ്ങൾക്ക് ഇരയാകാറുള്ളത് നാം ദിവസേന കാണാറുള്ളതാണല്ലോ. എന്നാൽ പ്രശസ്തരായ പൊതുപ്രവർത്തകരെയോ രാഷ്ട്രീയ നേതാക്കളെയോ പത്രപ്രവർത്തകരെയോ ഒന്നും ഇത് കാര്യമായി ബാധിക്കാറില്ല. കാരണം എത്രയോ ആക്ഷേപങ്ങളും പരിഹാസങ്ങളും വിമർശനങ്ങളും നേരിട്ടുകൊണ്ടാണ് അവർ ആ പദവിയിൽ എത്തിയത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ അവർക്കെതിരെ എന്ത് കമന്റ് വന്നാലും അതിനെയൊക്കെ നേരിടാനുള്ള മാനസിക ആരോഗ്യം അവർ അനുഭവങ്ങളിൽ നിന്നും നേടിയിട്ടുണ്ട്. എന്നാൽ ആക്ഷേപങ്ങളോ അധിക്ഷേപങ്ങളോ വിമർശനങ്ങളോ കേട്ട് ശീലിച്ചിട്ടില്ലാത്ത കുട്ടികളുടെയും സാധാരണക്കാരുടെയും അവസ്ഥ അതല്ല. പരിഹസിക്കുന്ന രീതിയിലുള്ള നിസ്സാര കമന്റുകൾ പോലും താങ്ങാനുള്ള കരുത്ത് പലർക്കും ഇല്ല. തങ്ങൾ ആഗ്രഹിക്കാത്ത തരത്തിൽ അനുകൂലമല്ലാത്ത കമന്റുകൾ വരുമ്പോൾ അതേക്കുറിച്ച് ഓർത്ത് വിഷാദിക്കുകയും വീർപ്പുമുട്ടലുകൾ അനുഭവിക്കുകയും ചെയ്യുന്നവർ നിരവധിയാണ്. സാമൂഹിക ബന്ധങ്ങളുടെ കുറവും വിവിധങ്ങളായ വ്യക്തിത്വങ്ങളുടെ ചിന്തകളും വിശ്വാസങ്ങളും മനോഭാവങ്ങളും പെരുമാറ്റ രീതികളും വിലയിരുത്തുന്നതിലെ പോരായ്മകളും ആണ് അവരെ ഈ സംഘർഷാവസ്ഥയിൽ എത്തിക്കുന്നത്. സമൂഹത്തിലുള്ള എല്ലാവരെയും നമുക്ക് സന്തോഷിപ്പിക്കാൻ കഴിയില്ല അതുപോലെതന്നെ സമൂഹത്തിലുള്ള എല്ലാവർക്കും നമ്മെയും സന്തോഷിപ്പിക്കാൻ കഴിയില്ല. ഒരു സാമൂഹിക മാധ്യമത്തിലൂടെ നാം എന്ത് ഇടപെടലുകൾ നടത്തിയാലും അവിടെ സമൂഹത്തിന്റെ പ്രതികരണങ്ങൾ ഉണ്ടാവും. മറ്റുള്ളവരുടെ പോസിറ്റീവ് ആയ വിമർശനങ്ങളെ സ്വീകരിക്കാനും നെഗറ്റീവായവയെ പുഞ്ചിരിയോടെ തിരസ്കരിക്കാനും നമുക്ക് കഴിയണം. അതിനുള്ള ക്ഷമയോ മാനസികാരോഗ്യമോ ഇല്ലാത്തവർ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുന്നത് ആവും അഭികാമ്യം.

സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്നവരുടെ ഏകാഗ്രത നഷ്ടപ്പെടുന്നു എന്നതാണ് ഇതുകൊണ്ടുള്ള മറ്റൊരു ദോഷം. നാം എന്ത് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴും ഇതൊന്നു തുറന്നു നോക്കാനുള്ള ത്വരയും വ്യഗ്രതയും നമ്മുടെ ഏകാഗ്രതയെ നശിപ്പിക്കും. തൻറെ പോസ്റ്റിന് എത്ര ലൈക് കിട്ടി ആരൊക്കെ കമന്റിട്ടു എന്നൊക്കെ അറിയാനുള്ള ആകാംക്ഷയാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ ക്ലാസിൽ ഇരിക്കുന്ന വിദ്യാർത്ഥിയുടെയും ജോലിസ്ഥലത്ത് തൊഴിലെടുക്കേണ്ട ഉദ്യോഗസ്ഥന്റെയും ഒക്കെ ചിന്ത ഇടയ്ക്കിടയ്ക്ക് ഫോണിലേക്ക് എത്തും. ഇത്തരക്കാർ ഒരു ചടങ്ങിലോ മീറ്റിങ്ങിലോ പങ്കെടുത്തൽ പോലും അവിടെ സ്വസ്ഥമായി ഇരിക്കില്ല. ഇടയ്ക്കിടയ്ക്ക് ഫോൺ അടുത്ത് സോഷ്യൽ മീഡിയയിലെ വിവരങ്ങൾ അറിഞ്ഞില്ലെങ്കിൽ അവർക്ക് ഒരു സമാധാനവും ലഭിക്കില്ല. ഒരു സമ്മേളനത്തിലോ കൂട്ടായ്മയിലോ തൊട്ടടുത്തിരിക്കുന്നവരോട് മിണ്ടാനോ പറയാനോ പരിചയപ്പെടാനോ കൂട്ടാക്കാത്ത ചില സോഷ്യൽ മീഡിയ അടിമകൾ ഏതോ ദേശത്തിരിക്കുന്ന ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ആരുടെയൊക്കെയോ ലൈക്കും കമന്റും കിട്ടാൻ വേണ്ടി ഞെളിപിരി കൊണ്ടിരിക്കുന്നത് എത്രയോ തവണ നാം കണ്ടിട്ടുണ്ട്. യാഥാർത്ഥ്യ ലോകത്തെ സൗഹൃദങ്ങൾ ആണ് വിലപ്പെട്ടത് എന്ന് അവർ മനസ്സിലാക്കുന്നില്ല. അതിനുവേണ്ടി കുറച്ച് സമയം കണ്ടെത്താൻ പോലും സോഷ്യൽ മീഡിയ അഡിക്ഷൻ അവരെ അനുവദിക്കുന്നില്ല.

സ്വന്തം ചിന്താധാരകൾ രൂപപ്പെടുത്താനോ തൻറെ ജീവിതത്തെ അച്ചടക്കത്തോടെയും ചിട്ടയോടെയും ക്രമീകരിക്കാനോ സോഷ്യൽ മീഡിയയിൽ സദാ വ്യാപൃതരാകുന്നവർക്ക് കഴിയുകയില്ല. ഈ മാധ്യമത്തോടുള്ള നമ്മുടെ അമിതമായ താത്പര്യം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും നമ്മുടെ ഭാവി ജീവിതത്തിനും പരിഹരിക്കാൻ ആവാത്ത പ്രതിസന്ധികൾ സൃഷ്ടിക്കും എന്ന ബോധ്യമുള്ളവർക്ക് ഇതിൻറെ ദുരുപയോഗത്തിൽ നിന്നും ദുസ്വാധീനത്തിൽ നിന്നും പിന്തിരിയാനാവും. സോഷ്യൽ മീഡിയ യോടുള്ള നിങ്ങളുടെ നിലവിലെ സമീപന രീതി ഗുണങ്ങളെക്കാൾ ഏറെ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത് എങ്കിൽ ആ ശീലങ്ങളിൽ നിന്നും ക്രമേണ പിന്മാറാനുള്ള ക്രിയാത്മകമായ ചില നടപടികൾ നമുക്ക് സ്വീകരിക്കാം. ശ്രമിച്ചാൽ പ്രായോഗികമാക്കാവുന്ന ചില നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു..

ഒറ്റയടിക്ക് ഒരു സുപ്രഭാതത്തിൽ സോഷ്യൽ മീഡിയയിൽ നിന്നും ഒളിച്ചോടുകയല്ല വേണ്ടത്. ഉപയോഗിക്കുന്ന സമയം ക്രമേണ കുറച്ച് ഓരോ ദിവസവും നിശ്ചിത സമയത്തു മാത്രം ഗുണപ്രദമായ രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാനാണ് പഠിക്കേണ്ടത്. ഘട്ടം ഘട്ടമായി മാത്രമേ പുതിയ ആരോഗ്യകരമായ ശീലത്തിലേക്ക് എത്താൻ കഴിയൂ. അനാവശ്യമായി സമയം ചിലവഴിക്കുന്നത് തിരിച്ചറിയുകയും നിശ്ചയ സമയത്തിനുള്ളിൽ മാത്രം ഉപയോഗിക്കാനും മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കുവാനും താഴെപ്പറയുന്ന മാർഗങ്ങൾ പരീക്ഷിച്ചു നോക്കുക.


1. സോഷ്യൽ മീഡിയ എത്രത്തോളം സമയം ഉപയോഗിക്കുന്നുണ്ട് എന്ന് അറിയാനുള്ള ആപ്പുകൾ ലഭ്യമാണ്. അവയിൽ മികച്ച ഒന്ന് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. ചില ഫോണുകളിൽ ബിൽറ്റ് ഇൻ ആയി തന്നെ ഈ സൗകര്യം ലഭ്യമാണ്.

2. ഓരോ ദിവസവും എത്രത്തോളം സമയം സോഷ്യൽ മീഡിയയിൽ ചിലവഴിച്ചു എന്ന് ദിവസേന പരിശോധിക്കുക. എന്നിട്ട് ഒരു വിശകലനം നടത്തി നോക്കുക. ഇത്രയും സമയം ചെലവഴിച്ചിട്ട് എനിക്ക് ഗുണപ്രദമായ എന്തെങ്കിലും അതിൽ നിന്നും ലഭിച്ചോ എന്ന് ചിന്തിക്കുക. ചിലപ്പോൾ അഞ്ചോ ആറോ മണിക്കൂർ അനാവശ്യമായി ചെലവഴിച്ചത് നമ്മുടെ പോസ്റ്റുകൾക്ക് കിട്ടിയ എട്ടോ പത്തോ ലൈക്കുകൾ കണ്ട് സായൂജ്യം അടയാൻ മാത്രമായിരിക്കണം.

3. ഓരോ ദിവസവും സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ സമയം പരമാവധി എത്രത്തോളം വേണമെന്ന് മുൻകൂട്ടി നിശ്ചയിച്ചുറപ്പിക്കുക. ഉദാഹരണത്തിന് അരമണിക്കൂർ അല്ലെങ്കിൽ മുക്കാൽ മണിക്കൂർ . ലക്ഷ്യത്തിൽ എത്തും വരെ ഓരോ ദിവസവും ഉപയോഗിക്കുന്ന സമയത്തിൻറെ അളവ് കുറച്ചു കൊണ്ടേയിരിക്കുക.

4. ഫോൺ ടോയ്‌ലറ്റിൽ ഉപയോഗിക്കുന്ന ശീലം ഉണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ അവസാനിപ്പിക്കുക. ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ എന്തെങ്കിലും വായിക്കണം എന്ന നിർബന്ധം ഉണ്ടെങ്കിൽ പത്രമോ പുസ്തകമോ കയ്യിൽ കരുതുക

5. നിങ്ങൾ വ്യായാമം ചെയ്യുമ്പോഴും വാഹനം ഡ്രൈവ് ചെയ്യുമ്പോഴും സുപ്രധാന മീറ്റിങ്ങുകളിലും സൗഹൃദ സംഗമങ്ങളിലും കുടുംബാംഗങ്ങൾക്ക് ഒപ്പം ചെലവ് ഇടുന്ന സുന്ദര നിമിഷങ്ങളിലും മൊബൈൽ ഫോൺ ഓഫാക്കി വയ്ക്കുക. മിസ്ഡ് കോൾ അലർട്ട് സൗകര്യം എല്ലാ ഫോണുകളിലും ലഭ്യമായതിനാൽ ഓഫാക്കി വെച്ച സമയത്ത് ആരെങ്കിലും വിളിച്ചിരുന്നെങ്കിൽ പോലും അത് അറിയാനാവും.

6. സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ നിർബന്ധമായും ഓഫാക്കുക. നോട്ടിഫിക്കേഷനുകളുടെ ബീപ്പ് ശബ്ദം കേൾക്കുമ്പോൾ അതൊന്നു തുറന്നു നോക്കാനുള്ള പ്രലോഭനം ഉണ്ടാവും.

7. ഇടയ്ക്കിടെ ഫോൺ തുറന്നു നോക്കുന്ന ശീലം അവസാനിപ്പിക്കുക. വല്ലപ്പോഴും ഒരിക്കൽ മാത്രം സോഷ്യൽ മീഡിയ തുറക്കുന്ന ശീലത്തിൽ എത്തുക. ഇടയ്ക്കിടെ തുറക്കണമെന്ന പ്രലോഭനം ഉണ്ടാകുമ്പോൾ അടുത്ത ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞു മാത്രമേ ഞാൻ ഇനി തുറക്കുകയുള്ളൂ എന്ന് നിശ്ചയിച്ചുറപ്പിക്കുക.

8. നിങ്ങളുടെ സോഷ്യൽ മീഡിയ ആപ്പുകൾ ഫോണിൽ നിന്നും കുറേക്കാലത്തേക്ക് ഡിലീറ്റ് ചെയ്യുക. ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നാമെങ്കിലും അത്യാവശ്യം ഉള്ളപ്പോൾ വെബ്സൈറ്റിലൂടെ മാത്രം സോഷ്യൽ മീഡിയ ആക്സസ് ചെയ്യുക. അഥവാ ഫോണിൽ തുടരുകയാണെങ്കിൽ ഉപയോഗശേഷം ലോഗ് ഔട്ട് ചെയ്യുക. സദാ ലോഗിൻ ആയി കിടക്കുമ്പോഴാണ് ഇടയ്ക്കിടെ എളുപ്പത്തിൽ കയറാം എന്ന തോന്നൽ ഉണ്ടാകുന്നത്. എന്നാൽ യൂസർ നെയിം പാസ്സ്‌വേർഡും ഒക്കെ കൊടുത്ത് ലോഗിൻ ചെയ്യാനുള്ള ബുദ്ധിമുട്ട് ഓർത്ത് നാം പതുക്കെ പതുക്കെ പിന്നീടത്തേക്ക് മാറ്റിവയ്ക്കും.

9. സോഷ്യൽ മീഡിയയിൽ നിന്നും മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടുകയാണ് അടുത്ത ഘട്ടത്തിൽ ചെയ്യേണ്ടത്. അലസമായ വിരസ നിമിഷങ്ങളിൽ സമയം കൊല്ലാൻ ആണല്ലോ നാം പലപ്പോഴും സോഷ്യൽ മീഡിയ ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ സമയം കൊല്ലി പരിപാടി നമ്മുടെ കാര്യക്ഷമതയെയും ആരോഗ്യത്തെയും കൂടി നശിപ്പിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം മനസ്സിലാക്കുക. വിരസ സമയങ്ങളിൽ സൃഷ്ടിപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു വിടുക.

10. അടുത്ത തവണ നിങ്ങൾ സോഷ്യൽ മീഡിയ തുറക്കുന്നതിന് മുമ്പ് ഒരു നിമിഷം ഒന്ന് ചിന്തിക്കുക. എനിക്ക് എന്തെങ്കിലും ഗുണപ്രദമായ കാര്യത്തിനു വേണ്ടിയാണോ ഞാനിപ്പോൾ ഇത് തുറക്കുന്നത് എന്ന്. പ്രത്യേകിച്ച് ഒരു ഗുണവും കിട്ടാത്ത കാര്യത്തിനു വേണ്ടി ആണെങ്കിൽ തുറക്കാതിരിക്കുക.

11. നിങ്ങളുടെ ഏകാന്തത അകറ്റാനുള്ള ഒരു മാർഗ്ഗമായാണ് സോഷ്യൽ മീഡിയയെ കാണുന്നതെങ്കിൽ അത് നിങ്ങളെ നിഷ്ക്രിയമാക്കും. ഏകാന്ത അനുഭവപ്പെടുമ്പോൾ ഒന്ന് പുറത്തേക്ക് ഇറങ്ങി. സുഹൃത്തുക്കളെ കണ്ടുമുട്ടുകയോ അവരോടൊപ്പം ഓരോ ചായ പങ്കിട്ടുകൊണ്ട് കുറെ നേരം വർത്തമാനം പറഞ്ഞിരിക്കുകയോ ചെയ്യുക. വീട്ടിലുള്ള സമയത്താണെങ്കിൽ മുറ്റത്തിറങ്ങി ചെടികൾ പരിപാലിച്ചോ വീടും പരിസരവും ഒക്കെ ഒന്ന് വൃത്തിയാക്കി കൊണ്ടോ വിരസത അല്ലെങ്കിൽ ഏകാന്തത അകറ്റാവുന്നതല്ല ഉള്ളൂ. വ്യായാമത്തിലൂടെയും കായിക വിനോദങ്ങളിലൂടെയും നമ്മുടെ അസ്വസ്ഥതകൾ അകറ്റി മാനസികവും ശാരീരികവുമായ സൗഖ്യം നേടാനാവും. ഫോൺ ഒരിക്കൽപോലും കൈകൊണ്ട് തൊടാത്ത തരത്തിലുള്ള ഒരു ഹോബി തെരഞ്ഞെടുത്തും നമ്മുടെ ശ്രദ്ധയെ തിരിച്ചുവിടാം . പാചകത്തിലെ പുതിയ പരീക്ഷണങ്ങൾ ഏവർക്കും ആസ്വദിക്കാവുന്ന ഒരു ഹോബി തന്നെയല്ലേ ?

12. സോഷ്യൽ മീഡിയയിൽ നിങ്ങളെ നേരിട്ട് അറിയാവുന്ന സജീവ പങ്കാളികളെ മാത്രം പിന്തുടരുക. നിങ്ങളെ വെറുപ്പിക്കുന്ന തരത്തിലുള്ള ആശയ പ്രവർത്തനം നടത്തുന്നവരെയും മോശമായി പെരുമാറുന്നവരെയും ഒഴിവാക്കുകയും ബ്ലോക്ക് ചെയ്യുകയും ചെയ്യുക. നിങ്ങൾക്ക് ദേഷ്യം, നിരാശ, അസ്വസ്ഥത തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ മാത്രം തരുന്ന സുഹൃത്തുക്കളേ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും ഉടൻ തന്നെ ഒഴിവാക്കുക. നിങ്ങൾക്ക് പൊരുത്തപ്പെട്ട് പോകാനാവാത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും ഉടൻതന്നെ പുറത്തുചാടുക.

13. സോഷ്യൽ മീഡിയയിൽ ചിലരുടെ വിജയങ്ങളും ആഘോഷങ്ങളും ആർഭാടങ്ങളും കാണുമ്പോൾ അവർക്കൊക്കെ മാത്രമാണ് ജീവിതം ആസ്വദിക്കാൻ കഴിയുന്നത് എന്ന് ചിന്തിക്കാതിരിക്കുക. നിങ്ങളുടെ പോരായ്മകളെയും കഴിവുകേടുകളെയും കുറിച്ച് ചിന്തിക്കാതെ നിങ്ങൾക്ക് സവിശേഷമായി ലഭിച്ച കഴിവുകളെ കുറിച്ചും അനുഗ്രഹങ്ങളെ കുറിച്ചും ചിന്തിച്ചുകൊണ്ട് നിങ്ങളുടെ കരുത്തുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. മറ്റുള്ളവരുടെ ജീവിതവുമായി നമ്മുടെ ജീവിതം താരതമ്യം ചെയ്യുന്നത് നമ്മുടെ സ്വസ്ഥതയും മന സമാധാനവും തകർക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് മുൻപ് ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാവരുടെയും ജീവിതം പെർഫെക്റ്റ് ആണ് എന്ന് ധരിക്കരുത്.

14. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് നേരിട്ട് കൂടുതൽ സമയം ചെലവഴിക്കുക എന്നതാണ് അടുത്ത ഘട്ടം. നാം ഇടയ്ക്കിടെ കണ്ടുമുട്ടുന്നവരും നേരിട്ട് ഇടപഴകുന്നവരുമാണ് നമുക്ക് ഏറ്റവും ആത്മബന്ധമുള്ള സുഹൃത്തുക്കൾ . ഇടയ്ക്കിടെ സൗഹൃദ സംഗമങ്ങളിൽ പങ്കെടുക്കുകയും കൂടുതൽ സമയം സുഹൃത്തുക്കളും സമയം ചെലവഴിക്കുകയും ചെയ്യുക. നേരിട്ട് കൂടുതൽ സുഹൃത്തുക്കളെ ബന്ധപ്പെടാൻ തരത്തിലുള്ള സംഘടനകളിലോ ക്ലബ്ബുകളിലോ അംഗമാവുക.

15. നേരിട്ട് സംസാരിക്കാൻ സുഹൃത്തുക്കളെ കിട്ടുന്നില്ലെങ്കിൽ പുതിയ സുഹൃത്തുക്കളെ സമ്പാദിക്കാൻ ശ്രമിക്കുക. നേരിട്ട് സംസാരിച്ചിരിക്കാനും ഇടപഴകാനും സുഹൃത്തുക്കളെ ലഭിക്കാതെ അസ്വസ്ഥത അനുഭവിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റിലും ഉണ്ട് .

16. പൊതുസ്ഥലങ്ങളിലും സമ്മേളനങ്ങളിലും ഒക്കെ വച്ച് കണ്ടുമുട്ടുന്ന അപരിചിതർക്ക് ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിക്കുക. അവരിൽ ചിലർക്കെങ്കിലും നിങ്ങളുമായി ചങ്ങാത്തം കൂടാൻ താല്പര്യമുണ്ടാവും. ജീവിതത്തിൽ നിങ്ങൾ ഒറ്റയ്ക്കാണ് എന്ന് ഒരിക്കലും ചിന്തിക്കരുത്. നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കാനും സാന്ത്വനിപ്പിക്കാന്യം കഴിയുന്ന നിരവധി ആളുകൾ നിങ്ങളുടെ പരിസരത്ത് തന്നെയുണ്ട്.

17. നിങ്ങളുടെ ജീവിതത്തോട് നന്ദിയുള്ളവരാവുക എന്നതാണ് അവസാനഘട്ടം. സോഷ്യൽ മീഡിയ പലപ്പോഴും നമുക്ക് സമ്മാനിക്കുന്നത് വെറുപ്പും വിദ്വേഷവും നീരസവും ഒക്കെയായിരിക്കും. എന്നാൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ നേടിയെടുത്ത നല്ല കാര്യങ്ങളെ കുറിച്ച് ഓർത്ത് അഭിമാനം കൊള്ളുക. നമുക്ക് ലഭിച്ച നേട്ടങ്ങളെയും സൗഭാഗ്യങ്ങളെയും ഓർത്ത് ജീവിതത്തോട് നന്ദിയുള്ളവരാവുക.

18. നിങ്ങളുടെ പോസ്റ്റിനു താഴെ നെഗറ്റീവ് കമന്റിട്ടവരോട് പോലും നിങ്ങളുടെ നന്ദി അറിയിക്കുക. അത് നിങ്ങളെ ശാന്തരാക്കുകയും മറ്റുള്ളവരെ അസ്വസ്ഥരാക്കുകയും ചെയ്യും. മറ്റുള്ളവരോട് പൊറുക്കാനും ക്ഷമിക്കാനും നിങ്ങൾ ശീലിച്ചാൽ ആ ശീലം നിങ്ങളെ മനക്കരുത്ത് ഉള്ളവരാക്കി മാറ്റും.

ഈ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ള ചില കാര്യങ്ങളെങ്കിലും പ്രായോഗികമാക്കിക്കൊണ്ട് സോഷ്യൽ മീഡിയയുടെ അമിതമായ സ്വാധീനം നിങ്ങളുടെ വ്യക്തിത്വത്തിലും ജീവിതത്തിലും സൃഷ്ടിച്ച മാനസികവും ശാരീരികവുമായ അസ്വാസ്ഥ്യങ്ങൾക്ക് പരിഹാരം ആവട്ടെ എന്ന് പ്രത്യാശിക്കുന്നു.


മോൻസി വർഗ്ഗീസ് കോട്ടയം

You might also like

Most Viewed