സൗദിയിലെ മലയാളികൾക്ക് സംഭവിക്കുന്നത്


ഇന്ത്യയുടെ തന്നെ ചെറിയ സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിൽ വെറും മൂന്നര കോടി ആളുകൾ മാത്രമുള്ള ഒരു ജനത എന്ത് കൊണ്ടാണ് ലോകം മൊത്തം വേരുകളാഴ്ത്തി വിശ്വപൗരന്മാരായി നിലനിൽക്കുന്നത് എന്നത് ഇപ്പോഴും വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ്. നരവംശ ശാസ്ത്രജ്ഞന്മാരും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും ഒക്കെ എന്തൊക്കെത്തന്നെ തിയറികൾ പറഞ്ഞാലും, ആത്യന്തികമായി മലയാളികൾക്ക് ഉള്ള ഒരു ഗുണം ഏതു പ്രതിസന്ധി ഘട്ടത്തിലും അതിജീവിച്ചു നിൽക്കാനുള്ള ഉപായങ്ങൾ കണ്ടെത്താൻ അവനുള്ള ഘ്രാണശക്തിയാണ്.ഈയിടെ ഒരു സുഹൃത്ത് മുന്നാറിൽ വന്ന സായിപ്പന്മാരെയും അവരുണ്ടാക്കിയ ഹൈറേഞ്ച് റയിൽവെയും, ഇടുക്കിയിലെ ഡാമുകളെയും കുറിച്ച് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ പ്രവാസം ആയി അവതരിപ്പിച്ചു സംസാരിച്ചിരുന്നു. അതിന ദ്ദേഹത്തിനുള്ള ന്യായം, അന്ന് വന്ന സായിപ്പന്മാർ ഒക്കെയും ഒരു തിരിച്ചു പോക്ക് മനസ്സിൽ കാണാതെ കൂടും കുടുംബവുമായി വന്നു ഭാഷയറിയാത്ത അപരിഷ്‌കൃതരായാ ജീവിതസാഹചര്യങ്ങൾ ഏറ്റവും ദുർഘടമായ ഒരു നാട്ടിൽ വന്നു അവിടം വാസസ്ഥാനം ആക്കിയവരാണ് എന്നതാണ്. പക്ഷെ അതിനവർക്ക് ചാലകശക്തിയായത് മതപ്രചരണം എന്ന ദൈവികനിയോഗവും കച്ചവടവുമായിരുന്നു.

മലയാളികളുടെ സഞ്ചാരങ്ങൾക്ക് ഇതിൽ നിന്നും സാരമായ വ്യത്യാസങ്ങളുണ്ട്. എവിടെയായാലും ഒരു ദിവസം തിരിച്ചു നാട്ടിലേക്ക് വരാനുള്ള യാത്രകളെ അവൻ ചെയ്തിട്ടുള്ളൂ. മാത്രവുമല്ല നാട്ടിൽ മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കുക എന്നതിൽ കവിഞ്ഞു മറ്റൊരു അജണ്ടയും ആ യാത്രകൾക്കില്ല. അത്തരത്തിൽ ഭാഷയും ജീവിതവും എങ്ങിനെയെന്നറിയാത്ത ഇടങ്ങളിലേക്ക് തിരിച്ചു വരണം എന്ന ആഗ്രഹത്തോടെ മലയാളി നടത്തിയ പ്രവാസയാത്രകൾക്കാണ് താരതമ്യേന വെല്ലുവിളികൾ കൂടുതൽ. ഇതിപ്പോ പറയാൻ പ്രധാനമായും ഒരു കാരണമുണ്ട്.

വലിയ രീതിയിലുള്ള തൊഴിൽനിയമ പരിഷ്കരണവും, സ്വദേശിവൽക്കരണവും ഒക്കെ നടപ്പിലാവുന്ന സൗദിയെ കുറിച്ച് കുറച്ചു നാളായി നല്ല വാർത്തകളല്ല പ്രവാസികൾ കേട്ടുകൊണ്ടിരുന്നത്. ഓരോ മാസവും ഫാമിലി ലേവി കൊടുത്തും ചെയ്തു കൊണ്ടിരുന്ന ജോലിയിൽ സ്വദേശിവൽക്കരണം നടപ്പിലായി ജോലി നഷ്ടപ്പെട്ടും നാട്ടിലേക്കു വിമാനം കയറുന്ന സൗദി മലയാളികളുടെ ഒരു പാട് ചിത്രങ്ങൾ നമ്മൾ ആശങ്കയോടെ കണ്ടിട്ടുണ്ട്. അവിടെ കച്ചവടം നിർത്തി ഉള്ള കാശും കൊണ്ട് ബഹ്റൈനിലേക്കു വന്ന മലയാളി നിക്ഷേപകരെയും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ ബിസിനസ്സിന്റെ ഭാഗമായി ഇടയ്ക്കിടെ സൗദി സന്ദർശിക്കാൻ അവസരം കിട്ടിയപ്പോൾ അവിടെ കാണുന്ന ചിത്രം പ്രതീക്ഷകളുടേതാണെന്ന് പറയാതെ വയ്യ.ധാരാളം വിദേശികൾ നാട് വിട്ടതോടെ എല്ലാ നഗരങ്ങളിലും വീട്ടുവാടക പകുതിയിലധികമായി കുറഞ്ഞു.

ഫാമിലി ലെവിയും കുറഞ്ഞ വീട്ടുവാടകയും ഒത്തുപോകാത്തവർ കുടുംബത്തെ നാട്ടിലയച്ചു വീട്ടുവാടകയിനത്തിലെ ചെലവ് നേരത്തേയുള്ളതിനേക്കാൾ പത്ത് ശതമാനമായി കുറച്ചു ഷെയറിങ് അക്കോമ ഡേഷനിൽ താമസിക്കുന്നു. (കുടുംബം കൂടെയില്ല എന്നതൊഴിച്ചാൽ) അവരുടെ സേവിങ്‌സിൽ കാര്യമായ വർദ്ധന ഉണ്ടായിട്ടുണ്ട്. ഇനി കുടുംബത്തെ കൂടെ നിർത്തുന്നവർ ആവട്ടെ, വാടക കുറഞ്ഞ എന്നാൽ പഴയതിനേക്കാൾ മെച്ചമായ ഫ്‌ളാറ്റുകളിലേക്കു മാറി വാടകയിനത്തിൽ വന്ന കുറവിൽ നിന്നും ഫാമിലി ലെവി കണ്ടെടുത്തുന്നു. അവർക്കും പഴയ സേവിങ്‌സിൽ നിന്നും കാര്യമായ കുറവുണ്ടാകുന്നില്ല. ചുരുക്കം പറഞ്ഞാൽ ഈ പരിഷ്കരണം കൊണ്ട് അവിടെ തുടരുന്ന മലയാളിക്ക് വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിട്ടില്ല.

വിദേശികൾ പോയ ഒഴിവുകളിലേക്ക്‌ ഏറ്റവും കൂടുതൽ നിയമിക്കപ്പെട്ടതു സൗദി വനിതകൾ ആണ്. മുൻപ് കുടുംബ ബഡ്ജറ്റിന്റെ ഭാഗമായി കയ്യിൽ കിട്ടുന്ന പണം മാത്രമുണ്ടായിരുന്ന അവർക്കു ഇപ്പൊ കൈ നിറയെ സ്വന്തം പണം ഉണ്ട്. ഇത് സൂപ്പർമാർക്കറ്റുകളിലെയും, ഫാഷൻ, റെസ്റ്ററന്റ് എന്നീ മേഖലകളിലേക്ക് പുതിയ ഉണർവ്വുണ്ടാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് വ്യാപകമായി ലൈസൻസ് കിട്ടുന്നതോടെ വാഹന വിപണിയും അനുബന്ധ സർവീ സുകളുമായും ബന്ധപ്പെട്ടു വലിയൊരു കുതിച്ചു ചാട്ടമാണ് ഈ മേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാന വാരം ഖോബാർ കോർണീഷിൽ തുറന്ന വേദിയിൽ വെച്ച് മുംബൈയിയിലെ പ്രശസ്ത ബോളിവുഡ് ഡാൻസ് ഗ്രൂപ്പും ഹിന്ദി പിന്നണി ഗായകരും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും അതിനടുത്ത ദിവസം ഹോളി ആഘോഷം പോലെ നിറങ്ങൾ വാരിയെറിയുന്ന കളർ റൺ എന്ന പരിപാടിയും നടക്കുന്നു.

ഒരു മാസത്തോളം നീണ്ടു നില്കുന്ന നൃത്തത്തിന്റെയും സംഗീതത്തിന്റെയും ആഘോഷ ങ്ങളുടെ ഭാഗമായാണിത്. ഒരു വര്ഷം മുൻപ് വരെ സങ്കൽപ്പത്തിൽ പോലും അരുതായിരുന്നു കാര്യങ്ങളാണിത്. സൗദി പ്രവാസം തീർന്നു എന്ന് തോന്നുന്നിടത്തു നിന്ന് അവിടെ വീണ്ടും അവസരങ്ങളുടെ പുതിയ മേഖലകൾ തുറക്കുകയാണ്. അതിൽ ഏറ്റവും കൂടുതൽ ഗുണമനുഭവിക്കുക ഏതു മാറ്റങ്ങൾക്കനുസരിച്ചും സ്വയം പരുവപ്പെടാൻ അസാമാന്യ ശേഷിയുള്ള മലയാളിയായിരിക്കും. ആറാം തമ്പുരാനിലെ ഡയലോഗ് പോലെ 'സഫറോം കി സിന്ദഗി......."

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed