അത്ര തമാശയല്ല ഈ കക്കൂസ് വിപ്ലവം


അഡ്വ. ജലീൽ 

തിയേറ്ററുകളിൽ തകർത്തോടിക്കൊണ്ടിരിക്കുന്ന കുന്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ ഒരു സീൻ ഉണ്ട്. ആ പഞ്ചായത്തിലെ തന്നെ ഏറ്റവും മോശമെന്ന് ഇളയവൻ പറയുന്ന, നാല് സഹോദരന്മാർ മാത്രമുള്ള, വാതിലുകൾക്കു പകരം പഴയ സാരി കൊണ്ട് മറയിട്ട, തേച്ചിട്ടില്ലാത്ത, പൂച്ചയേയും പട്ടിയെയും കൊണ്ട് കളയുന്ന, തീട്ടപ്പറന്പിനടുത്തൂടെ വഴിയുള്ള കുന്പളങ്ങിയിലെ തുരുത്തിലെ ഒരു വീട്. അവിടേക്കു രണ്ടാമത്തെ സഹോദരൻ തന്റെ കാമുകിയെ വിളിച്ചു കൊണ്ട് വരാൻ ആലോചിക്കുന്പോ ഇളയവൻ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘അതിനിവിടെ ഒരു കക്കൂസുണ്ടോ?’

ആ ചോദ്യം നമുക്കൊന്നും അത്ര പരിചിതമായ ചോദ്യമല്ല. ഇത് വായിക്കുന്ന ആരും തന്നെ കക്കൂസില്ലാത്ത ഒരിടത്ത് ജീവിച്ചിട്ടുണ്ടാവണമെന്നില്ല. എന്നാൽ 2014ൽ സ്വച്ഛ ഭാരത് മിഷൻ തുടങ്ങുന്നത് വരെ ഇന്ത്യയിൽ കക്കൂസുകൾ ഉപയോഗിക്കുന്നവർ വെറും 38% ആയിരുന്നു. മറ്റെന്തൊക്കെ വിമർശനങ്ങൾ ഉണ്ടെങ്കിലും നരേന്ദ്ര മോദി സർക്കാരിന്റെ ഏറ്റവും വലിയ ഭരണ നേട്ടം അത് 80 ശതമാനമായി ഉയർത്തി എന്നതാണ്. (സ്വച്ഛ ഭാരത് വെബ് സൈറ്റിൽ അത് 98% ആയി എന്നാണു കാണുന്നത്, ആ കണക്കിലെ പോരായ്മയെ കുറിച്ച് വഴിയേ പറയാം) നമ്മുടെ കക്കൂസുകൾ കാണാൻ വിദേശികൾ വരുന്ന കാലമുണ്ടാകും എന്ന് പ്രധാനമന്ത്രി പറഞ്ഞതിനോടനുബന്ധിച്ചു ധാരാളം ട്രോളുകളും തമാശകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണല്ലോ. ഗാന്ധിജിയുടെ നൂറ്റന്പതാം ജന്മവാർഷികമായ 2019ൽ 100% എത്തണം എന്ന ലക്‌ഷ്യം വെച്ച് നീങ്ങുന്ന പൊതു സ്ഥല വിസർജ്ജന നിർമാർജ്ജന യജ്ഞത്തിന്റെ (Open Defecation Free (ODF) Program)ഫലശ്രുതി എന്താണെന്ന് പരിശോധിക്കുകയാണിവിടെ. 

ടോയ്‌ലറ്റ് − ഏക് പ്രേം കഥ 

അക്ഷയ് കുമാറിന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ പണം വാരിയ സിനിമയാണ് 2017ൽ ഇറങ്ങിയ ‘ടോയ്‌ലറ്റ് − ഏക് പ്രേം കഥ’. കഥാസാരം ഇത്രയുമാണ്. കക്കൂസുകൾ ഇല്ലാത്ത ഒരു ഗ്രാമത്തിലേക്ക് അക്ഷയ്കുമാർ അഭിനയിച്ച കഥാപാത്രത്തിന്റെ ഭാര്യയായി ഒരു നഗരവാസി പെണ്ണ് എത്തുന്നു. ആദ്യരാത്രി കഴിഞ്ഞു നേരം വെളുക്കും മുന്നേ വീട്ടിലുള്ള പെണ്ണുങ്ങൾ കയ്യിൽ റാന്തൽ വിളക്കുമായി അവളെയും കൊണ്ട് കുറച്ചകലെയുള്ള വെളിന്പ്രദേശത്തേക്കു മൊന്തയിൽ വെള്ളവുമായി കൊണ്ട് പോകുന്പോൾ ആണ് ആ വീട്ടിൽ കക്കൂസില്ല എന്ന് കുട്ടി മനസ്സിലാക്കുന്നത്. പിന്നീട് അക്ഷയ്കുമാറിന്റെ കഥാപാത്രം വീട്ടിൽ ഒരു ടോയ്‌ലറ്റ് കെട്ടാൻ വേണ്ടി നടത്തുന്ന പെടാപ്പാടുകളും കോടതി വ്യവഹാരങ്ങളുമാണ് ഹാസ്യത്തിന്റെ മേന്പൊടിയിൽ സിനിമ പറയുന്നത്. കഥ കേൾക്കുന്പോൾ നിങ്ങൾക്ക് തോന്നും ഈ കഥ നടന്നത് അത്യന്തം ദരിദ്രമായ കക്കൂസ് കെട്ടാൻ കൂടി വകയില്ലാത്ത ഒരു കുടുംബ പശ്ചാത്തലാത്തിലാണെന്ന്. നിങ്ങൾക്ക് തെറ്റി. നായകന് ബൈക്കും മൊബൈൽ ഫോണും കൃഷിയും പശുക്കളും ഒക്കെയുള്ള ഒരു സന്പന്നനാണ്. എന്നിട്ടും എന്ത് കൊണ്ട് കക്കൂസ് കെട്ടൽ ഇത്ര വലിയ വിഷയമാകുന്നു എന്ന് അറിഞ്ഞാൽ മാത്രമേ സ്വച്ഛ് ഭാരത്തിനു കീഴിലുള്ള ODF പദ്ധതിയുടെ വ്യാപ്തിയും തടസ്സങ്ങളും മനസ്സിലാവൂ. അത് മനസ്സിലാക്കാൻ വ്യക്തിപരമായ ഒരു അനുഭവം കൂടി പറയാം.

2009ൽ ഞാനും സുഹൃത്ത് ആബിദും കൂടെ ഊട്ടി നഗരപരിധിക്ക് പുറത്തുള്ള അധികറെട്ടി എന്ന ഗ്രാമത്തിൽ ആബിദിനോടൊപ്പം പഠിക്കുന്ന ഒരു കൂട്ടുകാരന്റെ വീട്ടിലേക്കു ഒരു യാത്ര പോയി. നല്ല വൃത്തിയും വെടിപ്പുമുള്ള മുറ്റത്തു കോലങ്ങൾ വരച്ച, ചെറിയ കോൺക്രീറ്റ് വീടുകളുടെ ഒരു പാടിയാണത്. കൂട്ടുകാരന്റെ വീട്ടിൽ വൈദ്യുതിയും, ടിവിയും മിക്സിയും ഒക്കെയുണ്ട്. പക്ഷെ കക്കൂസില്ല. അവിടെ മാത്രമല്ല ആ പാടിയിൽ ഒരു വീട്ടിലും കക്കൂസില്ല. സ്ത്രീകളും കുട്ടികളുമൊക്കെ അടങ്ങുന്ന സർവ്വ ജനങ്ങളും കാര്യം സാധിക്കുന്നത് പാടിക്കു ചുറ്റുമുള്ള തേയിലത്തോട്ടത്തിലാണ്. ഇരുട്ട് മാറുന്നതിനു മുന്നേ സ്ത്രീകൾ പോകും പിന്നെ പുരുഷന്മാരും. മൂന്നു ദിവസം ഞങ്ങൾ അവിടെ താമസിച്ചിരുന്നു. ആദ്യ ദിവസത്തെ വിമ്മിട്ടം പ്രകൃതിയുടെ വിളിയിൽ അങ്ങ് മാറി. മലയുടെ മുകളിലുള്ള സ്ഥലമായതിനാൽ തന്നെ വെള്ളത്തിന്റെ ലഭ്യത വളരെ കുറവാണ്. വീട്ടിൽ വരുത്തുന്ന മാസികകളുടെ പേജുകൾ അല്ലെങ്കിൽ ഇരിക്കുന്നിടത്തു നിന്നും പറിക്കുന്ന തേയിലയിലകൾ. അതാണ് വൃത്തിയാക്കാൻ ആകെയുള്ള മാർഗ്ഗം. ഇത്രേം സൗകര്യങ്ങൾ ഉണ്ടായിട്ടും എന്തേ കക്കൂസുകൾ മാത്രം കിട്ടുന്നില്ല എന്ന് ചോദിച്ചപ്പോൾ കൂട്ടുകാരൻ പറഞ്ഞതിതാണ്. ‘ഇത് ദേവീസാന്നിദ്ധ്യമുള്ള പാടിയാണ്. വീടുകളുടെ പുറംചുമരുകളിൽ ഒക്കെയും കാണുന്ന ചുവർചിത്രങ്ങൾ ഒക്കെയും ദേവീ ദേവന്മാരുടേതാണ്. അവിടെ എങ്ങിനെയാണ് അമേദ്യം ടാങ്ക് കെട്ടി നിർത്തുക. വൃത്തികേടല്ലേ അത്’ വളരെക്കുറച്ചു മാത്രം പ്രവേശനം കിട്ടുന്ന മദ്രാസ് ഫൈൻ ആർട്സ് കോളേജിൽ എൻട്രൻസ് എഴുതി പാസ്സായി അവിടുത്തെ ടോയ്‌ലറ്റ് ഉള്ള ഹോസ്റ്റലിൽ താമസിക്കുന്ന ആ ചെറുപ്പക്കാരനും അവിടെ കക്കൂസ് പണിയുന്നത് ചിന്തിക്കാനേ പറ്റുന്ന കാര്യമല്ല. ഇത് തന്നെയാണ് നേരത്തെ പറഞ്ഞ സിനിമയിൽ അക്ഷയ്കുമാറിന്റെ അച്ഛൻ കഥാപാത്രവും പറയുന്നത്. ‘തുളസിത്തറ കെട്ടി തൊഴുന്നിടത്താണോടാ കക്കൂസ് കെട്ടേണ്ടത് എന്ന്’. 

കാശുണ്ടായിട്ടും കക്കൂസ് കെട്ടാത്തതെന്തു കൊണ്ട്?

നരവംശ ശാസ്ത്രജ്ഞയായ ഡിയാനെ കോഫേ(Diane Coffey)യും സാന്പത്തിക വിദഗ്ദനായ ഡീൻ സ്പിയേഴ്സും (Dean Spears) 2013ൽ ഈ വിഷയത്തിൽ നടത്തിയ ഒരു പഠനമുണ്ട്. അവരുടെ റിപ്പോർട്ട് പ്രകാരം, ചൈനയിൽ ജനസംഖ്യയുടെ ഒരു ശതമാനവും, ബംഗ്ലാദേശിൽ നാല് ശതമാനവും ഇന്ത്യയേക്കാൾ ജലലഭ്യതയിലും സാന്പത്തിക സ്ഥിതിയിലും വളരെ പിന്നിൽ നിൽക്കുന്ന സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ പോലും ഇരുപത്തി അഞ്ചു ശതമാനവും ആളുകൾ മാത്രം പൊതു സ്ഥലത്തു വിസർജ്ജനം നടത്തുന്പോൾ ഇന്ത്യയിൽ അത് അറുപതു ശതമായിരുന്നു. ഇതിന്റെ കാരണം തേടി ആറോളം ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ അവർ നടത്തിയ ഗവേഷണത്തിന്റെ ഫലം ഞെട്ടിക്കുന്നതായിരുന്നു. ആ ഗ്രാമങ്ങളിലെ പാവപ്പെട്ട മുസ്ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും കുടുംബങ്ങൾ കക്കൂസുകൾ ഉപയോഗപ്പെടുത്തുന്പോൾ ഹിന്ദുക്കളിലെ സാന്പത്തികമായി ഉയർന്നു നിൽക്കുന്ന ഉയർന്ന ജാതിക്കാരും ദരിദ്രരായ തീരെ താഴ്ന്ന ജാതിക്കാരും തുറന്ന സ്ഥലത്താണ് വിസർജ്ജനം നടത്തുന്നത്. ലോക ശരാശരിയേക്കാൾ ഉയർന്ന ജല ലഭ്യതയും കൃഷിക്ക് പോലും മോട്ടോർ പന്പുകൾ ഉപയോഗിക്കുന്ന ഗ്രാമങ്ങളിലെ അവസ്ഥയാണിത്. 

അവർ സംസാരിച്ച മിക്ക ഗ്രാമീണരും പറഞ്ഞത് വീടും തൊടിയും ദൈവസാന്നിധ്യമുള്ളതാണ്. അവിടെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അതിന്റെ പരിപാവനതയെ നശിപ്പിക്കും. ഇപ്പറഞ്ഞതിൽ അവരുടെ വിശ്വാസരൂഢത മനസ്സിലാക്കണമെങ്കിൽ മറ്റൊന്ന് കൂടി പറയാം. അവരിന്നും തൊട്ടുകൂടായ്‌മയിലും താഴ്ന്ന ജാതിക്കാരൻ ഉപയോഗിച്ച പാത്രങ്ങളിൽ കഴുകിയാൽ പോലും ഭക്ഷണം കഴിക്കാൻ പാടില്ല എന്നും രൂഢമായി വിശ്വസിക്കുന്നു!! രണ്ടാമതായി അവരുടെ പ്രശ്നം കക്കൂസ് കുഴികൾ നിറഞ്ഞാൽ എന്ത് ചെയ്യുമെന്നായിരുന്നു. അതിനേക്കാൾ ഒക്കെയും ഭേദം ആളുകളെ വെളുപ്പിനെ എഴുന്നേൽപ്പിക്കുന്ന, കൂടുതൽ നേരം ശുദ്ധവായു (അവർ വിശ്വസിക്കുന്ന) ശ്വസിപ്പിക്കുന്ന തുറന്ന വിസർജ്ജനം തന്നെയാണെന്ന് അവർ ശങ്കയേതുമില്ലാതെ കരുതുന്നു. ഈയൊരു സാമൂഹിക അന്തരീക്ഷത്തിലേക്കാണ് മോദി കക്കൂസ് വിപ്ലവവുമായി വരുന്നത്.

നിർമൽ ഭാരത് അഭിയാൻ പരാജയപ്പെട്ടതെങ്ങിനെ?

സ്വച്ഛ് ഭാരത് പദ്ധതിയുടെ ആദ്യരൂപം 1999ൽ വാജ്‌പേയ് മന്ത്രിസഭാ കൊണ്ട് വന്ന സാർവത്രിക ശുചിത്വ പ്രചാരണ പദ്ധതിയായിരുന്നു. അത് മൻമോഹൻ സിംഗ് മന്ത്രി സഭ തുടരുകയും 2012ൽ നിർമൽ ഭാരത് അഭിയാൻ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. അടിമുടി അഴിമതിയിലും ഫണ്ട് ഉപയോഗത്തിന്റെ അമാന്തത്തിലും ലക്‌ഷ്യം തെറ്റിയ പദ്ധതി എന്നാണു 2015ൽ കംപ്ട്രോളർ & ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ ഇതിനെ വിശേഷിപ്പിച്ചത്. അഞ്ചു വർഷം കൊണ്ട് 10000 കോടിയോളം മുടക്കി നിർമ്മിച്ച 370 ലക്ഷത്തോളം വരുന്ന കക്കൂസുകളിൽ 30 ശതമാനവും നിർമ്മാണം പൂർത്തിയാക്കാതെയോ ഗുണനിലവാരമില്ലാത്തതോ ആയിരുന്നു എന്ന് സിഎജി നിരീക്ഷിച്ചു. റിപ്പോർട്ടിലെ ഏറ്റവും ഗുരുതരമായ ഒരു കണ്ടെത്തൽ, കേന്ദ്ര ജലവിഭവ വകുപ്പ് പതിനാറ് സംസ്ഥാനങ്ങളിലായി 693.92 ലക്ഷം നിർമ്മിച്ച് എന്ന് അവകാശപ്പെടുന്നിടത്ത് യഥാർത്ഥത്തിൽ 367.53 ലക്ഷം കക്കൂസുകൾ മാത്രമേ ഉണ്ടാക്കിയിരുന്നുള്ളൂ എന്നതായിരുന്നു. അഴിമതിയെക്കാളുപരി ആ മിഷൻ പരാജയപ്പെടാൻ കാരണം ഉണ്ടാക്കിയ കക്കൂസുകൾ ആളുകളെ കൊണ്ട് ഉപയോഗിപ്പിക്കാൻ വേണ്ടുന്ന ബോധവൽക്കരണം നടത്തിയില്ല എന്നതാണ്. ബോധവൽക്കരണത്തിന് വകയിരുത്തിയ ഫണ്ട് മറ്റു പല വകയിലുമാണ് ചെലവായത്. 

കേരളം മുന്നോട്ടു വെച്ച മാതൃക 

രണ്ടു വർഷം മുൻപേ ഉള്ള കേരളപ്പിറവി ദിനത്തിലാണ് കേരളം 100 ശതമാനം ‘ഓപ്പൺ ഡിഫെക്കേഷൻ ഫ്രീ’ സംസ്ഥാനം ആയി കേന്ദ്രം പ്രഖ്യാപിക്കുന്നത്. അതിനും വർഷങ്ങൾ മുൻപേ മലയാളി പൊതു സ്ഥലത്തെ വിസർജ്ജനം ഉപേക്ഷിച്ചിരുന്നു. സ്വച്ഛ്‌ ഭാരത് മിഷനുമൊക്കെ വളരെ മുൻപ് വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കുന്പോൾ ആണ് കേരള ശുചിത്വ മിഷൻ ആരംഭിക്കുന്നത്. കേരള ശുചിത്വ മിഷന്റെ മുഖ്യ വെല്ലുവിളി പൊതുസ്ഥലത്തെ ഖര മാലിന്യവും ഗാർഹിക മാലിന്യവും സംസ്കരിക്കുക എന്നതായിരുന്നു. അതിനു കേരളം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ, അയൽക്കൂട്ടം പോലുള്ള പ്രാദേശിക കൂട്ടായ്മയുടെയും സഹായം തേടി. മാലിന്യം ശേഖരിക്കുന്നതിന് പരിശീലിപ്പിക്കപ്പെട്ട ഒരു തൊഴിലിന്റെ സ്റ്റാറ്റസ് നൽകാൻ ഇതിനായി. ഗാർഹിക ശുചിത്വത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായ മലയാളിയെ പൊതു സ്ഥല ശുചീകരണത്തിന് കാര്യത്തിൽ ബോധവൽക്കരിക്കാൻ നിരവധി പ്രചാരണ പ്രവർത്തനങ്ങൾ നടന്നു. ഒരു തരത്തിൽ കേരള ശുചിത്വ മിഷന്റെ പ്രവർത്തന രീതികൾ ആണ് സ്വച്ഛ്‌ ഭാരത് മിഷനും പ്രാവർത്തികമാക്കുന്നത്. 

മോദിയുടെ കക്കൂസ് വിപ്ലവം

ഒരു ഷോമാൻ എന്ന നിലയിൽ 2014 ഒക്ടോബർ രണ്ടിന് രാജ്ഘട്ടിൽ കരിയിലകൾ കൊണ്ടിട്ടു മോദി നേരിട്ട് ചൂലെടുത്തു തുടക്കം കുറിച്ച പദ്ധതി മറ്റു പദ്ധതികളെ പോലെ പ്രചാരണത്തിൽ ഒതുങ്ങുമെന്നായിരുന്നു കരുതപ്പെട്ടത്. പക്ഷെ സച്ചിൻ ടെണ്ടുൽക്കറെയും അമിതാബ് ബച്ചനേയും കമൽഹാസനെയും എന്തിനു നമ്മുടെ ശശി തരൂരിനെയടക്കമുള്ള വന്പന്മാരെക്കൊണ്ട് ഈ പദ്ധതിക്ക് വേണ്ടി ചൂലെടുപ്പിക്കാൻ മോദിക്ക് സാധിച്ചു. അതോടൊപ്പം ലക്ഷക്കണക്കിന് പഞ്ചായത്തു മെന്പർമാരെയും, വില്ലേജ് ഓഫീസർമാരെയും സർപഞ്ചുമാരെയും, പ്രാദേശിക സാമൂഹ്യപ്രവർത്തകരെയും ‘സ്വച്ഛാഗ്രഹി’കളായി അണിനിരത്തി പിന്നീട് നടന്നത് ഒരു നിശ്ശബ്ദ വിപ്ലവമാണ്. അവരുടെ പ്രവർത്തനം ഏകോപിപ്പിക്കാനും ബോധവൽക്കരണം നടത്തുവാനും പല സംസ്ഥാനങ്ങളും മൊബൈൽ ആപ്പുകൾ ഇറക്കി. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുമായി കൈ കോർത്തു ശൗചാലയുപയോഗത്തിന്റെയും നിലവാരത്തിന്റെയും പരിശോധനയ്ക്കായി എല്ലാ വർഷവും സ്വച്ഛ് സർവേക്ഷണ സർവേ നടത്തി ഗ്രാമങ്ങളെയും പട്ടണങ്ങളെയും നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്തു പദ്ധതി നടത്തിപ്പിൽ ഒരു മത്സരസ്വഭാവം ഉണ്ടാക്കി. കൂടാതെ പിന്നീട് നടന്ന എല്ലാ തെരെഞ്ഞെടുപ്പ് പ്രചാരങ്ങളിലും സ്വച്ഛ് ഭാരത് ഒരു വിഷയമായി ഉയർത്തിപ്പിടിച്ച മോദി, പ്രതിപക്ഷ കക്ഷികൾക്ക് ഒഴിഞ്ഞു മാറാൻ പറ്റാത്തവിധം പദ്ധതിയെ പരിഗണനവിഷയമായി ഏറ്റെടുപ്പിച്ചു. (യോഗയുടെ പ്രചാരണവുമായി ബന്ധപ്പെട്ടു മോദി നടത്തിയതും ഇതേ പോലുള്ള ഒരു തന്ത്രമാണ്). ഓരോ ബഡ്ജറ്റിലും പതിനയ്യായിരത്തോളം കോടിയുടെ പദ്ധതി വിഹിതം നീക്കി വെക്കുകയും അത് കണ്ടെത്താനായി സ്വച്ച് ഭാരത് സെസ്സ് ഈടാക്കുകയും ചെയ്തത് പദ്ധതി നടത്തിപ്പിന് വേഗത കൂട്ടി. ബാക്കിയുള്ള പണം ലോക ബാങ്കിന്റെ ലോണിലൂടെയും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതികളായും കണ്ടെത്തുകയും ചെയ്തു. ഈ പ്രവർത്തനങ്ങളുടെയൊക്കെ ഫലം ഞെട്ടിക്കുന്നതായിരുന്നു. സർക്കാർ കണക്കുകൾ അവകാശപ്പെടുന്നത് പ്രകാരം അഞ്ച് വർഷം കൊണ്ട് 9 കോടി കക്കൂസുകൾ നിർമ്മിച്ച് കഴിഞ്ഞു. ഒഡിഷ ഒഴികെ മുഴുവൻ സംസ്ഥാനങ്ങളും പൊതുസ്ഥല വിസർജ്ജനമുക്തമായി (ODF)പ്രഖ്യാപിക്കപ്പെട്ടു. 2014ലെ 38.7 ശതമാനത്തിൽ നിന്നും കക്കൂസ് ഉപയോഗിക്കുന്നവരുടെ എണ്ണം 98.9 ആയി ഉയരുകയും ചെയ്തു. സ്വന്തന്ത്ര ഭാരതത്തിൽ ഒരു പദ്ധതിയും ചെറിയ സമയം കൊണ്ട് ഇത്ര ബൃഹത്തായ സാമൂഹ്യമാറ്റം ഉണ്ടാക്കിയിട്ടില്ല. 

സർക്കാർ കണക്കിൽ പതിരുണ്ടോ?

2018ൽ സിഎജി പാർലമെന്റിൽ വെച്ച റിപ്പോർട്ട് പ്രകാരം പുറത്തു പറഞ്ഞിട്ടുള്ള കണക്കുകൾ ഒന്നും പൂർണ്ണമായും ശരിയല്ല. പല സംസ്ഥാനങ്ങളെയും ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുന്നതിന് സർക്കാർ അനാവശ്യ ധൃതി കാണിച്ചു എന്നാണു മുഖ്യ പരാതി. ഉദാഹരണത്തിന് ഗുജറാത്ത് 100 ശതമാനം കക്കൂസ് ഉപയോഗിക്കുന്ന സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതാണ്. പക്ഷെ സിഎജിയുടെ പരിശോധനയിൽ കണ്ടത് 30% കുടുംബങ്ങൾക്കും കക്കൂസ് ഇത് വരെ ഉണ്ടാക്കിയിട്ടില്ല. ഉണ്ടാക്കിയെന്ന് കാണിച്ചത്തിൽ പലതും താൽക്കാലികമായി കുഴി കുത്തി മറച്ചവയുമാണ്. കൂടാതെ പല സംസ്ഥാനങ്ങളിലും ഫണ്ട് വക മാറ്റി ചെലവഴിച്ചതായും, വ്യാജമായ അവകാശവാദങ്ങൾ ഉന്നയിച്ചതായും സിഎജി നിരീക്ഷിക്കുന്നു. 

ഒരു കാര്യം ശരിയാണ് കക്കൂസുകളുടെ എണ്ണത്തിൽ ഗംഭീരമായ കുതിച്ചു ചാട്ടം രാജ്യത്ത് ഉണ്ടായിട്ടുണ്ട്. നേരത്തെ പറഞ്ഞത് പോലുള്ള മതപരവും ആചാരപരവുമായ കാര്യങ്ങളാൽ ഉണ്ടാക്കിയ കക്കൂസുകൾ ആളുകൾ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. 2017−18ലെ നാഷണൽ റൂറൽ സാനിറ്റേഷൻ സർവേ പ്രകാരം യഥാർത്ഥത്തിൽ 100% കക്കൂസുകൾ ഉപയോഗിക്കുന്ന ജനത എന്ന് അവകാശപ്പെടാൻ പറ്റുന്നത് കേരളത്തിനും മിസോറാമിനും മാത്രമാണ്. ദേശീയ ശരാശരി നല്ല രീതിയിൽ ഉയർന്നു 77 ശതമാനത്തിൽ എത്തിയിട്ടുണ്ടെന്നും സർവ്വേ പറയുന്നു. കുറവുകൾ എന്ത് തന്നെയുണ്ടെങ്കിലും ഇതൊരു ഗംഭീര വിജയമാണ്. 

വിദേശികൾ കാണാൻ വരുന്ന കക്കൂസുകൾ

കക്കൂസുകൾ ഉണ്ടാക്കിയിട്ടും ഉപയോഗിക്കാതിരുന്നപ്പോൾ കേന്ദ്ര ജലവിഭവ വകുപ്പ് കഴിഞ്ഞ മാസം ‘സ്വച്ഛ സുന്ദർ ശൗചാലയ’ എന്ന പേരിൽ വൃത്തിയിലും ഭംഗിയിലും വെക്കുന്ന കക്കൂസുകൾക്കായി ഒരു മത്സരം സംഘടിപ്പിച്ചു. ഒരു കോടിയോളം കക്കൂസുകൾ ജനങ്ങൾ ചിത്രപ്പണി കൊണ്ടും വർണ്ണപെയിന്റുകൾ അടിച്ചും കലാ രൂപങ്ങളാക്കി. അവ കണ്ടാണ് ഹരിയാനയിൽ മോദി പറഞ്ഞത് യൂറോപ്പിലെ ചിത്രപ്പണികൾ ചെയ്ത വീടുകൾ കാണാൻ വരുന്നത് പോലെ ഒരു ദിവസം ഈ ശൗചാലയങ്ങൾ കാണാൻ വിദേശികൾ വന്നേക്കാം എന്ന്. ഈ ശൗചാലയങ്ങൾ ഒരു കാഴ്ച വസ്തു എന്നതിന് പകരം നിത്യോപയോഗത്തിനുള്ള ഇടങ്ങളാവുന്പോൾ മാത്രമാണ് സ്വച്ഛ്‌ ഭാരത് മിഷൻ പൂർണ്ണ വിജയമാവുന്നുള്ളൂ. ലോക്സഭാ തെരെഞ്ഞെടുപ്പിൽ ശൗചാലയ വിജയം വലിയ രീതിയിൽ പ്രചാരണായുധമാകും എന്നുറപ്പാണ്. ക്രെഡിറ്റ് എടുക്കലുകൾക്കപ്പുറം പദ്ധതിയുടെ അടുത്ത ഘട്ടത്തെ എങ്ങിനെ കാണുന്നു എന്നതായിരിക്കണം വോട്ടർമാർ ഈ തെരെഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കേണ്ട ചോദ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed