ആത്മ നവീകരണത്തിന്റെ കർമ്മ കാണ്ധങ്ങൾ


കഴിഞ്ഞ ആഴ്ച്ചയിലെ സായന്തനങ്ങൾ വ്യക്തിത്വ രൂപാന്തരീകരണത്തെ സംബന്ധിച്ച ഉൾക്കാഴ്ച്ചകൾ പകർന്നു തന്നവയായിരുന്നു.ചിന്മയ സൊസൈറ്റി ബഹറിൻ ആസൂത്രണം ചെയ്ത ‘നിങ്ങളുടെ വിധിയെ പുനർസൃഷ്ട്ടിക്കുക’ എന്ന പ്രഭാഷണ പരന്പരയിൽ എല്ലാ ദിവസവും പങ്കെടുത്തു. വിഷയാവതാരകൻ സ്വാമി സ്വരൂപാനന്ദ അതിന്റെ സൂക്ഷ്മ തലങ്ങളെ ഏറ്റവും രണ്ജകമായ രീതിയിൽ ജനമനസ്സുകളിൽ എത്തിക്കുന്നതിൽ ഏറെ  വിജയിച്ചു. ആധ്യാത്മികതയും പ്രായോഗികതയും തികച്ചും അക്കദമിക് ആയ വിഷയ സമീപനവും ആനുപാതികമായി സമ്മേളിച്ച ഈ പ്രഭാഷണപരന്പരയിൽ സംബന്ധിച്ചവർക്ക് ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ സ്വാംശീകരിക്കാനായി. അല്പ്പംകൂടി നല്ല മനുഷ്യരാകാൻ പഠിപ്പിച്ചു എന്നതിലാണ് ഞാൻ  അതിന്റെ അനുഭൂതി ഉൾക്കൊണ്ടത്. അവ  പൂർണമായും വിഷയത്തിന്റെ ഗഹനതയിൽ ഒതുങ്ങിനിന്ന പ്രഭാഷണങ്ങളായിരുന്നു.അതിൽ രാഷ്ട്രീയത്തിന്റെയോ  മതത്തിന്റെയോ അതിപ്രസരം കടന്നുവന്നില്ല. യാതൊരു തരത്തിലുമുള്ള വിഭാഗീയതയെപ്പറ്റി ഒരു ചിന്തപോലും അതിൽ പങ്കെടുത്ത ആരുടെയും മനസ്സിൽ മുളപോട്ടിയില്ല. എന്നു മാത്രമല്ല കാലഘട്ടത്തിൽ നടമാടുന്ന രാഷ്ട്രീയ സാമൂഹിക ദുർവ്രുത്തികളേപ്പറ്റിയുള്ള ചിന്തകളൊന്നും മനസ്സിലേക്ക് കടന്നുവരാതെ അത്രയും സമയം മാനവനവീകരണം എന്ന ഒരു ചിന്തയിൽ മാത്രം ഒതുങ്ങിയിരിക്കുവാൻ ഒരവസരം ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. അത്രയും വികാര വിമലീകരണം അനുഭവവേദ്യമാക്കിയ സ്വാമി സ്വരൂപാനന്ദയൊട് അതുകൊണ്ടുതന്നെ കൃതജ്ഞത തോന്നി.

വിധി എന്നത് എന്താണ്, ആരാണതിന് ഉത്തരവാദി എന്ന ചിന്തയിലൂടെ വിഷയം തുടങ്ങി. ശാസ്ത്ര സിദ്ധാന്തങ്ങളും ജീവിതത്തെ സംബന്ധിച്ചുള്ള പ്രാപഞ്ചിക നിയമങ്ങളും അലംഘ്യമായ ഒരേ പാന്ധാവിലൂടെ  പോകുന്നതായി വ്യക്തമാക്കപ്പെട്ടു. ഇന്നത്തെ നന്മയോ തിന്മയോ മുൻപെങ്ങൊ ചെയ്ത നന്മയുടെയോ തിന്മയുടെയോ പുനരവതാരം തന്നെയെന്ന് സ്ഥാപിക്കുന്നതിലൂടെ കൂടുതൽ നന്മയെ മുൻനിർത്തിയുള്ള  കർമ്മകാണ്ഡത്തിൽ ചരിക്കേണ്ടത് ആത്യന്തികമായി അവനവന് വേണ്ടിത്തന്നെയെന്ന് ഉദ്ബോധിപ്പിക്കപ്പെട്ടു. ഒരു പുഴയെന്നപൊൽ ഒഴുകിക്കൊണ്ടേ ഇരിക്കുന്ന മനസ്സിനെ ദുഷ്ചിന്തകളിൽ കെട്ടിനിർത്താതെ ഒഴുകാൻ അനുവദിക്കുക. ഒഴുകുന്ന ജലം തുടരെത്തുടരെ മാലിന്യങ്ങൾ കലർത്താതിരുന്നാൽ സ്വാഭാവികമായി അതിന്റെ ശുദ്ധിയെ പ്രാപിക്കും. മനോമാലിന്യങ്ങളെയും അങ്ങിനെ നിരന്തരമായ പ്രവാഹത്തിന്റെ ഭാഗമായി  ഒഴുക്കിക്കളഞ്ഞ് വിമലീകരിക്കാവുന്നതാണ്.  

ആരാണ് എന്താണ് ഞാൻ എന്ന ആത്മചിന്താപരമായ മനനം സ്വന്തം അസ്ഥിത്വത്ത്തിന്റെ ജൈവാവസ്ഥയെപ്പറ്റിയുള്ള ഗഹനമായ ചിന്തയെ ഉണർത്തുത്തുന്നതാണ്.വ്യക്തിത്വത്തിന്റെ അടിത്തട്ടിൽ നിരന്തരമായി സംഭവിക്കുന്ന ചിന്താപരവും ആത്മീയവുമായ പരിണാമങ്ങളിലൂടെ എങ്ങിനെ സ്ഥിരമായ ആനന്ദാനുഭൂതി ഉൾക്കൊള്ളാൻ സാധിക്കും എന്ന ഉദാത്ത ചിന്തയാണത്. സ്നേഹരഹിതമായ ലോകത്ത് സ്നേഹവും , അതിനേക്കാൾ വളരെ ഉദാത്തമായ പ്രേമവും   വേർതിരിച്ചറിയേണ്ടതാണ്. സ്നേഹത്തിലുള്ള അവനവനെപ്പറ്റിയുള്ള ചിന്ത അല്ലെങ്കിൽ സ്വാവബോധം  പ്രേമത്തിലില്ല. അതാണ് ആത്മസമർപ്പണം, പ്രേമത്തിന്റെ പരമാനുഭൂതി.

ഈ പ്രഭാഷണപരന്പര ജീവിതം−മുന്പും ശേഷവും എന്ന ചിന്തയിലൂടെ പരിസമാപ്തിയിലെത്തി. പോയ കാലത്തോ ജന്മത്തിലോ ചെയ്ത പ്രവൃത്തികളുടെ ന്യൂട്ടൻ ഇഫക്റ്റ് ഈ ജീവിതത്തിൽ ഇത്തരത്തിൽ നിഴലിക്കുന്നു എന്നതിന്റെ കർമ ഫല സിദ്ധാന്തത്തിൽ അടിസ്ഥാനപ്പെടുത്തിയ  പ്രപഞ്ച നീതിശാസ്ത്രവും അതിന്റെ യുക്തിപരമായ വിശകലനങ്ങളും  അവതരിപ്പിക്കപ്പെട്ടു. അതിലെ യുക്തിഭദ്രതയെയോ അയുക്തികതയെയൊ പറ്റി സ്വന്തം വിശ്വാസത്തിന്റെ തടവറയിൽ കുത്തിയിരിക്കുന്നവർക്ക്  ചർച്ചയോ വിവാദമോ ഉണ്ടാക്കാനല്ല,  മറിച്ച്  ആത്മനവീകരണത്തിലൂടെ  തെറ്റുകളുടെ വഴിയെ പോകാത്ത കറയറ്റ വ്യക്തിസത്തകളെ വാർത്തെടുക്കുവാൻ  വേണ്ടിയാണ്.സ്വാമി ചിന്മയാനന്ദന്റെ നാസ്ഥികത്വതിൽ നിന്നും സന്യാസത്തിലേക്കുള്ള പരമമായ രൂപാന്തരീകരണത്തെപ്പറ്റി  “ഒരു അന്വേഷണത്തിലൂടെ” എന്ന രണ്ടുമണിക്കൂർ സിനിമയുടെ പ്രദർശനത്തിലൂടെ സമാപിച്ചു ഈ സമഗ്രമായ പരന്പര...  സാന്ദ്രമായ അനുഭൂതിയുടെ  രാവുകൾ.

തരംതാണ രാഷ്ട്രീയത്തിന്റെ വിഴുപ്പുഭാണ്ഡങ്ങൾ മാത്രം തുറക്കുന്ന രാത്രിച്ചർച്ചകളുടെ വ്യർധതയിൽ  കളഞ്ഞുകുളിച്ച രാത്രികളിൽ നിന്നും അനുഭൂതിപ്രദമായ മാനവിക ചിന്തകളുടെ ഉദാത്തതയിൽ നിറഞ്ഞ രാവുകളെ ഓർത്ത് ആത്മഹര്ഷം മനസ്സിൽ നിറയുന്പോൾ അനുഭൂതികൾക്ക് നൈരന്തര്യം പകർന്നുകൊണ്ട് ഒരു കറയറ്റ വ്യക്തിത്വത്തെ വീണ്ടും കണ്ടുമുട്ടി. പി.യു. തോമസ് എന്ന വ്യക്തിത്വത്തെ സിറോ മലബാർ സൊസൈറ്റി ആദരിക്കുന്ന ചടങ്ങിൽ വച്ച് അദ്ദേഹം സ്വജീവിതത്തിൽ നിന്നും പെറുക്കിയെടുത്ത് കണ്ണീരുപ്പോടെ നേദിച്ച ഒർമച്ചിത്രങ്ങൾ ആ സാധാരണ മനുഷ്യനെ  ആകാശത്തോളം വലുതാക്കി 
അസാധാരണനാക്കി. ശ്രവിച്ച എല്ലാ മനസ്സുകളും അതനുഭവിച്ചു.

ജന്മം ധന്യമാവുന്ന അനുഭവമാണ് യഥാർഥ ആത്മഹർഷം. വൈരാഗ്യം,  സ്പർധ, അനൈക്യം ഇവയുടെ തനിയാവർത്തനം നിറഞ്ഞ വിഷയാസക്ത ലോകത്തുനിന്നും സ്വാർഥ താല്പ്പര്യങ്ങളുടെ മുള്ളുകളില്ലാത്ത ഇത്തരം ഉദാത്ത  ജീവിത വടവൃക്ഷങ്ങളുടെ തണലിൽ ഇറ്റു വിശ്രമിക്കുന്പോൾ  ആത്മാവിലേറ്റുവാങ്ങുന്ന നിർവൃതിയിൽ ഇത്തിരികൂടി മയങ്ങാൻ മോഹം,, ഗൃഹാതുരതയോടുള്ള കവിയുടെ മോഹം പോലെ...

 

You might also like

Most Viewed