വേട്ട...

എഴുതാനിരിക്കുന്പോൾ മനസ്സിൽ നിറയുന്നത് വേട്ട എന്ന വാക്കു മാത്രമാണ്. മുപ്പതിലെത്താതെ അവസാനിച്ച ഒരു മാസം ഏറെ പ്രതിഭകളെ വേട്ടയാടി കവർന്നെടുത്തതിൻ്റെ നടുക്കം ഇനിയും വിട്ടു മാറിയിട്ടില്ല. കലണ്ടറിലെ അടുത്ത മാസം മാർച്ചു തുടങ്ങുന്നത് പുതിയ ദിശയിലാവട്ടെ എന്നു പ്രത്യാശിച്ചുകൊണ്ടാണ് ഉറക്കമുണർന്നത്. ‘നേതാക്കളാരുമില്ലാതെ ഒരു മാർച്ചിന് ഇന്നു തുടക്കമെന്ന്’ പ്രിയ സുഹൃത്ത് ഹരീഷ് മേനോൻ്റെ സോഷ്യൽ മീഡിയക്കുറിപ്പ്. പുതിയ ‘മാർച്ചിൻ്റെ’ തുടക്കത്തിലും പക്ഷേ വിധി വേട്ട തുടരുന്ന വർത്തമാനം വൈകാതെയെത്തി. വേട്ടയുടെ സംവിധായകനെ മരണം കവർന്നിരിക്കുന്നു. ഇതൊരു ആവർത്തനമാണ്. വേട്ടയുടെ സംവിധായകൻ്റെ മരണം കഴിഞ്ഞ മാസത്തെ പ്രധാന നഷ്ടങ്ങളിലൊന്നായിരുന്നു. വിരലെണ്ണാവുന്ന ചിത്രങ്ങൾകൊണ്ട് മലയാള സിനിമാ ലോകത്ത് സ്വന്തമിടം സന്പാദിച്ച സംവിധായക പ്രതിഭ രാജേഷ് പിള്ളയുടെ മരണം വേട്ട എന്ന അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രം റിലീസായതിൻ്റെ പിറ്റേന്നായിരുന്നു. ഇന്നത്തെ വാർത്തയിലെ വേട്ടയുടെ സംവിധായകൻ രാജേഷ് പിള്ളയല്ല മോഹൻ രൂപാണ്.
പഴയ തലമുറയിലെ സംവിധായകനായ മോഹൻ രൂപ് വേട്ട തൊട്ടിങ്ങോട്ട് നിരവധി ചിത്രങ്ങളുടെ സൃഷ്ടാവാണ്. 1984ലായിരുന്നു ആ വേട്ട പുറത്തിറങ്ങിയത്. ഇന്നത്തെ സൂപ്പറുകളായ മമ്മൂട്ടിയും മോഹൻലാലും സാക്ഷാൽ ശ്രീമാൻ ശ്രീനിവാസനും ആദ്യമായി ഒന്നിച്ചഭിനയിച്ച ചലച്ചിത്രമെന്ന ബഹുമതി ആ വേട്ടയ്ക്കാണ്. ഇരുപത്തി ഒന്നാം വയസ്സിൽ അങ്ങനെയൊരു ചിത്രം എഴുതി നിർമ്മിച്ചു സംവിധാനം ചെയ്തുകൊണ്ടു തുടക്കം കുറിച്ച അദ്ദേഹത്തിൻ്റെ ചിത്രങ്ങളെല്ലാം ഏതെങ്കിലുമൊക്കെത്തരത്തിൽ വേറിട്ടതായിരുന്നു. തമിഴിലും അദ്ദേഹം ചിത്രങ്ങൾ ചെയ്തു. അങ്ങനെയൊരു ചിത്രത്തിന് ഭാരതീയ ലളിതകലാ അക്കാദമിയുടെ ഡോക്ടർ അംബദ്കർ പുരസ്കാരവും ലഭിച്ചു.
വേട്ടയുടെ സംവിധായകനായ മോഹൻ രൂപിനെ തൃശൂർ മിഷൻ ക്വാർട്ടഴ്സിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാലമെത്തും മുന്പുള്ള നിയതിയുടെ മറ്റൊരു വേട്ട. ഇതിനൊന്നും യുക്തമായൊരു വിശദീകരണവും നൽകാൻ സാധാരണക്കാരായ നമുക്കാവില്ല. എല്ലാം വിധിയുടെ തമാശയെന്നു മാത്രം കരുതി ആശ്വസിക്കാം. പലതും ചിരിച്ചു തള്ളാനായാലേ നമുക്കൊക്കെ അതിജീവനം സുഗമമാകൂ. ഇതു തിരിച്ചറിഞ്ഞാണ് അജ്ഞാത നാമാവായ ഏതോ ഒരു വിരുതൻ ഫെബ്രുവരിയുടെ നഷ്ടമെന്ന തലക്കെട്ടിൽ ഒരു തമാശക്കുറിപ്പെഴുതി വാട്സാപ്പിലിട്ടത്. അത് ഇങ്ങനെയാണ്:− നടി: കൽപ്പന, കഥ: അക്ബർ കക്കട്ടിൽ, ഗാന രചന: ഒ.എൻ.വി, സംഗീതം: ഷാൻ ജോൺസൺ, പശ്ചാത്തല സംഗീതം: രാജാമണി, ഛായാഗ്രഹണം: ആനന്ദക്കുട്ടൻ, സംവിധാനം രാജേഷ് പിള്ള...
ദൈവത്തിന് ഒരു നല്ല സിനിമ കാണാൻ തോന്നിക്കാണും... എന്നവസാനിക്കുന്ന ആ കുറിപ്പ് ഒരു കറുകത്ത തമാശയാണ്. ആ പട്ടികയിലേക്കിപ്പോൾ മാർച്ചിന്റെ നഷ്ടമായി മോഹൻരൂപിന്റെ പേരു കൂടി ചേർക്കപ്പെട്ടിരിക്കുന്നു. പ്രത്യേകതകളുള്ള നിരവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടും അർഹിക്കുന്ന പ്രശസ്തിയും ശ്രദ്ധയും മോഹൻ രൂപിനു ലഭിച്ചോ എന്നു സംശയം. മോഹൻ രൂപിന്റെ കാര്യത്തിലേതു പോലെ അർഹിക്കുന്ന വാർത്താ പ്രാധാന്യം പല വാർത്തകൾക്കും ലഭിക്കാറില്ല. അതിലൊന്നാണ് തൃശൂർ അഡീഷണൽ സെഷൻസ് കോടതിയുടെ ഇന്നത്തെ വിധികളിലൊന്ന്. ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ വിഷയങ്ങളിലൊന്നായിട്ടു കൂടി മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്രം തമസ്കരിച്ച വാർത്തയാണ് ഇത്. ഇതിനുമുണ്ട് ഒരു വേട്ട കണക്ഷൻ.
എത്ര സൗമ്യമാരുണ്ടായിട്ടും എത്ര നിർഭയമാർ ബലികൊടുക്കപ്പെട്ടിട്ടും നമ്മുടെ നാട്ടിൽ പെൺകുട്ടികൾക്കും സ്ത്രീജനങ്ങൾക്കുമെതിരായ വേട്ടകൾ അവസാനിക്കുന്നില്ല. തെമ്മാടികളാണെങ്കിലും എല്ലാത്തരത്തിലും ദ്രോഹികളാണെങ്കിലും കുറ്റവാളികളുടെ ജീവനെടുക്കാൻ രാജ്യത്തിനോ നിയമത്തിനോ അവകാശമുണ്ടോയെന്ന തർക്കം നമ്മുടെ നാട്ടിൽ നിലവിലുണ്ട്. ഇതിന്റെ കൂടി പിൻബലത്തിലാണ് സൗമ്യമാരെ വേട്ടയാടി ഇല്ലായ്മ ചെയ്ത ചാർളി തോമസ് കോവിന്ദച്ചാമിമാർ ജയിലുകളുടെ സംരക്ഷണത്തിൽ തിന്നു കൊഴുക്കുന്നത്. ഇത്തരക്കാരെ കൊല്ലണോ വേണ്ടയോ എന്ന ചർച്ച നമുക്കവസാനിപ്പിക്കാം. എന്നാൽ ഇവരുടെ ഭീഷണി സമൂഹത്തിന് ഒരിക്കലുമുണ്ടാകില്ലന്ന് ഉറപ്പാക്കുകയും വേണം. ഇതിനായി അവരുടെ ആപത്കരമായ വ്യക്തിത്വങ്ങളെ ആവുന്നത്ര കാലം കഠിന തടവു ശിക്ഷയിലൂടെ കതടവറകളുടെ കനത്ത ചുവരുകൾക്കുള്ളിൽ തളച്ചിടുകയാണു വേണ്ടത്.
ആ നിലയിലുള്ള വിധിയാണ് തൃശൂർ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടു വർഷംമുന്പ് 12 കാരിയായ ബാലികയെ ദേവാലയ മുറിയിൽ വെച്ചു മാനഭംഗം ചെയ്ത നരാധമനെ കോടതി നാൽപ്പതു വർഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്.
അയാളുടെ ജാതിയും മതവുമൊക്കെ പരിഗണിച്ചാണ് ചില മാദ്ധ്യമങ്ങൾ ആ വാർത്ത തൽക്കാലത്തേക്കെങ്കിലും മുക്കിയത്. അതു പാടില്ല. മനുഷ്യനെ ദ്രോഹിക്കാൻ ഒരു ജാതിയും മതവും പഠിപ്പിക്കുന്നില്ല. അങ്ങനെ വരുന്പോൾ മനുഷ്യത്വമില്ലാത്തവനെ ഏതെങ്കിലും മതത്തിന്റെയോ മനുഷ്യകുലത്തിൻ്റെയോ തന്നെ ഭാഗമായി പരിഗണിക്കുന്നതിലും അർത്ഥമില്ല. സമൂഹത്തെ വേട്ടയാടാൻ അവരെ അനുവദിക്കരുത്. മറിച്ച് നിയമവും നീതിന്യായ വ്യവസ്ഥയും അവരെ വേട്ടയാടണം. അങ്ങനെ സംഭവിച്ചാലേ ലോകത്തിനു സ്വൈര്യ ജീവിതം സാദ്ധ്യമാകൂ.