സ്വർണം പൂശിയ ലോഹകഷണങ്ങൾ വിറ്റ സംഘം അറസ്റ്റിൽ
യഥാർഥ സ്വർണമാണെന്ന് തെറ്റിദ്ധരിപ്പിച്ചു സ്വർണം പൂശിയ ലോഹക്കഷ്ണങ്ങൾ വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്ത ഏഷ്യൻ സംഘത്തെ ഷാർജ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റ് പിടികൂടി. 12 ഏഷ്യൻ വംശജരടങ്ങുന്ന സംഘത്തെയാണു പിടികൂടിയത്. കബളിപ്പിക്കപ്പെട്ടതായി ഒട്ടേറെ പേരിൽ നിന്നു പരാതികൾ ലഭിച്ചതിനെ തുടർന്നാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. അജ്ഞാതരായ ഏഷ്യക്കാർ വ്യാജ സ്വർണം വാങ്ങി താമസക്കാരെ കബളിപ്പിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ അധികൃതർക്ക് ലഭിച്ചതായി ഷാർജ പൊലിസിലെ സി ഐ ഡി ഡയറക്ടർ കേണൽ ഒമർ അഹമ്മദ് അബു അൽ സൗദ് പറഞ്ഞു. മാർക്കറ്റുകളിൽ വ്യാപാരികളുമായി ഇടപെഴകിയ ശേഷം തുടക്കത്തിൽ കുറഞ്ഞ നിരക്കിൽ മൊബൈൽ ഫോണുകൾ വിൽക്കുന്നതാണ് രീതി. ഇത്തരത്തിൽ വിശ്വാസ്യത നേടിയെടുത്ത ശേഷമാണ് വ്യാജ സ്വർണം വിൽക്കുന്നത്. സംശയം തോന്നാതിരിക്കാൻ ഇടപാടുകൾക്കിടയിൽ മതിയായ ഇടവേളകൾ പാലിച്ചാണ് സംഘം തട്ടിപ്പ് നടത്തിയതെന്നു കേണൽ ഒമർ അഹമ്മദ് അബു അൽസൗദ് പറഞ്ഞു. ഇത്തരത്തിൽ പറ്റിക്കപ്പെട്ടവരാണ് പൊലീസിൽ പരാതി നൽകിയത്.

