സുരക്ഷാ, തന്ത്രപ്രധാന സഹകരണം ശക്തമാക്കാൻ ബഹ്റൈനും യുകെയും; ലണ്ടനിൽ നിർണായക ചർച്ച
പ്രദീപ് പുറവങ്കര
ലണ്ടൻ: മേഖലയിലെ സംഘർഷങ്ങൾ, ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം, ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ സംയുക്ത പ്രവർത്തനം എന്നിവ കേന്ദ്രീകരിച്ച് ബഹ്റൈനും യുണൈറ്റഡ് കിങ്ഡവും (യുകെ) തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി. സുരക്ഷാ-തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാൻ ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.
ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, യുകെ വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡുമായി വിദേശകാര്യ ഓഫീസിലാണ് കൂടിക്കാഴ്ച നടത്തിയത്. കോംപ്രഹെൻസീവ് സെക്യൂരിറ്റി ഇന്റഗ്രേഷൻ ആൻഡ് പ്രോസ്പെരിറ്റി അഗ്രീമെന്റിന്റെ (C-SIPA) പുരോഗതി ഇരുമന്ത്രിമാരും വിലയിരുത്തി. ബഹ്റൈൻ-യുകെ സ്ട്രാറ്റജിക് ഡയലോഗിന്റെ ഫലങ്ങൾ അവലോകനം ചെയ്ത നേതാക്കൾ, നിലവിലുള്ള കരാറുകളിലൂടെയും ധാരണാപത്രങ്ങളിലൂടെയും പരസ്പര സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തു.
മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ ചർച്ചയിൽ പ്രധാന വിഷയമായി. ബഹ്റൈനു നേരെയും മേഖലയിലെ മറ്റ് രാജ്യങ്ങൾക്ക് നേരെയും ഉണ്ടായ ഇറാനിയൻ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങൾ കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. കൂടാതെ, ഹോർമുസ് കടലിടുക്ക് അടച്ചതും അത് സമുദ്ര ഗതാഗതം, അന്താരാഷ്ട്ര വ്യാപാരം, ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവയിലുണ്ടാക്കുന്ന ആഘാതങ്ങളും ചർച്ചയായി.
ഇറാനിയൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈന് യുകെയുടെ പൂർണ്ണ പിന്തുണ എഡ് മിലിബാൻഡ് ആവർത്തിച്ചു വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ബഹ്റൈൻ നടത്തുന്ന ശ്രമങ്ങൾക്ക് അദ്ദേഹം യുകെയുടെ പിന്തുണ വാഗ്ദാനം ചെയ്തു. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ ബഹ്റൈന്റെ അംഗത്വ കാലയളവിൽ സമിതിക്ക് മുന്നിലെത്തുന്ന പ്രധാന വിഷയങ്ങളിൽ യുകെയും ബഹ്റൈനും തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും കാഴ്ചപ്പാടുകൾ പങ്കുവെച്ചു.
vdgdfg

