ബഹ്റൈനിൽ ഈന്തപ്പഴ സീസൺ സജീവം: വിപണിയിൽ പ്രിയമേറി 'ഖലാസ്'; തണ്ണിമത്തനും മറ്റ് വേനൽക്കാല പഴങ്ങൾക്കും വൻ ഡിമാൻഡ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈന്റെ വിപണികളിൽ ഈന്തപ്പഴ സീസൺ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നു. വിപണിയിലെ താരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉയർന്ന ഗുണനിലവാരമുള്ള 'ഖലാസ്' ഈന്തപ്പഴം കിലോയ്ക്ക് 2.5 ബഹ്റൈനി ദീനാർ നിരക്കിൽ വിപണിയിലെത്തി. വരും ആഴ്ചകളിൽ വിളവെടുപ്പ് സജീവമാകുന്നതോടെ വിലയിൽ കുറവുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

ജൂലൈ ആദ്യ വാരത്തിന് ശേഷം വിപണിയിലെത്തുന്ന ഖലാസ് ഈന്തപ്പഴങ്ങൾക്ക് ഓഗസ്റ്റ് മാസത്തോടെയാണ് കൂടുതൽ ലഭ്യതയുണ്ടാകാറുള്ളത്. നിലവിൽ കിലോയ്ക്ക് 2 ദീനാർ നിരക്കിൽ ലഭിക്കുന്ന 'ഖുനൈസി' , 1 ദീനാറിന് ലഭിക്കുന്ന 'ഗുറ' എന്നീ ഇനങ്ങൾക്കൊപ്പമാണ് ഖലാസ് വിൽപ്പന നടക്കുന്നത്. വിവിധ ഇനം ഈന്തപ്പഴങ്ങൾ ഒന്നിനുപിറകെ ഒന്നായി പഴുത്തെത്തുന്നതാണ് ഈ സീസണിന്റെ പ്രത്യേകത.

ഈന്തപ്പഴങ്ങൾക്ക് പുറമെ ചൂടുകാലത്ത് ആശ്വാസമേകുന്ന മറ്റ് വേനൽക്കാല പഴങ്ങൾക്കും മാർക്കറ്റിൽ വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. തണ്ണിമത്തൻ, പീച്ച്, ആപ്രിക്കോട്ട്, ചെറി, മെലൺ, മാമ്പഴം തുടങ്ങിയവയാൽ സമൃദ്ധമാണ് രാജ്യത്തെ ഫ്രൂട്ട് സ്റ്റാളുകൾ. ഇതിൽ തന്നെ തണ്ണിമത്തനാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. ജോർദാൻ, ഒമാൻ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള തണ്ണിമത്തനും ഇവിടെ ലഭ്യമാണ്. സാധാരണ തണ്ണിമത്തന് 5 കിലോയ്ക്ക് 1 ദീനാർ നിരക്കിലും പ്രീമിയം ഇനങ്ങൾക്ക് 3 കിലോയ്ക്ക് 1 ദീനാർ നിരക്കിലുമാണ് വിൽപ്പന നടക്കുന്നത്.

വിപണിയിൽ പീച്ച്, ആപ്രിക്കോട്ട്, ചെറി എന്നിവ കിലോയ്ക്ക് 1 ദീനാർ മുതലും ഏത്തപ്പഴം കിലോയ്ക്ക് ഏകദേശം 2.5 ദീനാർ നിരക്കിലുമാണ് വിൽപ്പന നടത്തുന്നത്. കൂടാതെ ഈജിപ്ഷ്യൻ മാമ്പഴങ്ങളും വ്യാപകമായി ലഭ്യമാണ്. ഇന്ത്യ, പാകിസ്താൻ, ഈജിപ്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള നെക്ടറിൻ, പീച്ച്, ചെറി, വിവിധ തരം മാമ്പഴങ്ങൾ എന്നിവയും സ്റ്റോക്കുണ്ട്.

article-image

efef

You might also like

  • Lulu Exchange
  • Straight Forward

Most Viewed