അക്കാദമിക മികവിന് ഗോൾഡൻ വിസ നേടുന്ന ആദ്യ മലയാളിയായി അമൻ
അക്കാദമിക മികവിന് ഗോൾഡൻ വീസ നേടുന്ന ആദ്യ മലയാളിയായി അമൻ.കുട്ടി സംസാരിച്ചു തുടങ്ങിയാൽ ഒരോ ദിനവും അദ്ഭുതത്തിന്റേതാകുമെന്ന് ഡോക്ടർമാർ വർഷങ്ങൾക്ക് മുൻപ് പറഞ്ഞത് സത്യമാകുന്നതിന്റെ സന്തോഷത്തിലാണ് എറണാകുളം സ്വദേശി മഖ്ബൂലും ഭാര്യ അനിതയും. ഇപ്പോഴിതാ നിശ്ചയദാർഢ്യക്കാരായ കുട്ടികളിൽ അക്കാദമിക മികവിന് ഗോൾഡൻ വീസ നേടുന്ന ആദ്യ മലയാളിയാവുകയാണ് മകൻ അമൻ മഖ്ബൂൽ. ദുബായിൽ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിൽ ബിഎസ്‌സി ഇൻഫർമേഷൻ സിസ്റ്റം ആൻഡ് മാനേജ്മെന്റിൽ രണ്ടാം സെമസ്റ്റർ വിദ്യാർഥിയാണ് മഖ്ബൂൽ. കഴിഞ്ഞദിവസം യുഎഇയുടെ ഗോൾഡൻ വീസ ലഭിച്ചപ്പോൾ മറ്റൊന്നു കൂടി മനസ്സിലായി. ഓട്ടിസം ബാധിച്ച കുട്ടികളെ വളരെ ചെറുപ്പത്തിലേ കണ്ടെത്തി പരിശീലിപ്പിച്ചാൽ അവർ നേട്ടങ്ങൾ കൊയ്യുന്നവരാകുമെന്ന സത്യം. ഇങ്ങനെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും മകന്റെ നേട്ടം പ്രചോദനമാകട്ടെ എന്നാണ് മഖ്ബൂലും അനിതയും പറയുന്നത്. ഷാർജ ഡിപിഎസ് നിന്ന് പത്തിൽ 94.2% ഉം 12-ാം ക്ലാസിൽ 95% ഉം മാർക്ക് നേടിയാണ് അമൻ വിജയിച്ചത്. പ്ലസ്ടുവിലെ പഠന മികവിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്.

