യുഎഇയിൽ കാലാവധി കഴിഞ്ഞ റസിഡൻസി പെർമിറ്റുകൾ പിഴകൂടാതെ പുതുക്കാം; മൂന്നുമാസം സമയം
അബുദാബി: യുഎഇയിൽ റസിഡൻസി പെർമിറ്റ് കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ മൂന്നുമാസത്തെ സമയപരിധി അനുവദിച്ചു. ജൂലൈ 12 മുതൽ മൂന്നു മാസത്തേക്ക് പിഴകൂടാതെ പെർമിറ്റ് പുതുക്കാമെന്ന് റിപ്പോർട്ട്. യുഎഇ ഫെഡറൽ അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ഖാമിസ് അൽ ഖാബി ഇക്കാര്യം സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് വിസ കാലാവധി ഡിസംബർ 31വരെ നീട്ടാനുള്ള തീരുമാനം കഴിഞ്ഞ ദിവസം യുഎഇ പിൻവലിച്ചിരുന്നു.
മാർച്ച് ഒന്നിന് ശേഷം പെർമിറ്റിന്റെ കാലാവധി അവസാനിച്ചവർക്കാകും പുതുക്കാൻ മൂന്നുമാസത്തെ സമയം ലഭിക്കുക. രാജ്യത്തിന് പുറത്തുള്ളവർ മടങ്ങിയെത്തുമ്പോൾ പിഴ കൂടാതെ പെർമിറ്റ് പുതുക്കാൻ ഒരു മാസത്തെ സമയം അനുവദിക്കും. സന്ദർശകർക്കും ടൂറിസ്റ്റ് വിസയിൽ രാജ്യത്തുള്ളവർക്കും ജൂലൈ 12 മുതൽ ഒരു മാസം മടങ്ങിപ്പോകാൻ സമയം ലഭിക്കുമെന്നും ബ്രിഗേഡിയർ അൽ ഖാബി പറഞ്ഞു.
വിസ, തിരിച്ചറിയൽ കാർഡ് എന്നിവ പുതുക്കുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട അതോറിറ്റികൾ സ്വീകരിച്ചു തുടങ്ങി. മാർച്ചിനും ഏപ്രിലിനും ഇടയിൽ തിരിച്ചറിയൽ കാർഡ്, താമസ പെർമിറ്റ് എന്നിവയുടെ കാലാവധി അവസാനിച്ചവരിൽ നിന്നാണ് ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നത്. മെയ് മാസത്തിൽ കാലാവധി കഴിഞ്ഞവർക്ക് ഓഗസ്റ്റ് എട്ടുമുതൽ പുതുക്കുന്നതിന് അപേക്ഷിക്കാം.

