വിസാ നിയമങ്ങൾ പരിഷ്കരിച്ച് യുഎഇ; പ്രവാസികൾക്ക് രേഖകൾ പുതുക്കാൻ സമയം അനുവദിക്കും


അബുദാബി: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി യുഎഇ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പുതിയ വിസാ നിയമങ്ങൾ കൊണ്ടുവന്ന് യുഎഇ മന്ത്രിസഭ. വിസ, എൻട്രി പെർ‍മിറ്റ്, ഐഡി കാർ‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും നടപ്പിലാക്കുന്നത് നിർത്തിവെയ്ക്കാനുള്ള നിർദേശത്തിനും അംഗീകാരമായി. ജൂലൈ 11 മുതൽ ഇത് പ്രാബല്യത്തില്‍വരും. സേവനങ്ങൾ‍ നൽകുന്നതിനുള്ള ഫീസ് ജൂലൈ 12 മുതൽ ഫെഡറൽ അതോരിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺ‍ഷിപ്പ് സ്വീകരിച്ചുതുടങ്ങും.

രാജ്യത്തുള്ള സ്വദേശികൾ, ജിസിസി പൗരന്മാർ‍, പ്രവാസികൾ എന്നിവർ‍ക്ക് തങ്ങളുടെ രേഖകൾ പുതുക്കാൻ മൂന്ന് മാസത്തെ സമയം അനുവദിക്കും. അതേസമയം ആറ് മാസത്തിൽ താഴെ മാത്രം വിദേശത്ത് തങ്ങിയിട്ടുള്ള ഇപ്പോൾ രാജ്യത്തിന് പുറത്തുള്ള യുഎഇ പൗരന്മാർക്കും ജി.സി.സി പൗരന്മാർക്കും പ്രവാസികൾ‍ക്കും രാജ്യത്ത് എത്തുന്ന ദിവസം മുതൽ ഒരു മാസം അവരുടെ രേഖകൾ പുതുക്കാൻ സമയം അനുവദിക്കും. 2020 മാർച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ച ഇപ്പോൾ യുഎഇക്ക് പുറത്തുള്ളവർ‍ക്കും അല്ലെങ്കിൽ ആറ് മാസത്തിലധികമായി യുഎഇയിക്ക് പുറത്തു നിൽക്കുന്നവര്‍ക്കും രാജ്യത്തേക്ക് മടങ്ങിവരാൻ പ്രത്യേക സമയപരിധി അനുവദിക്കും. വിവിധ രാജ്യങ്ങളുമായുള്ള വ്യോമഗതാഗതം ആരംഭിക്കുന്നത് അനുസരിച്ച് ഇതിനുള്ള തീയതി നിശ്ചയിക്കാനും യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇളവ് അനുവദിച്ച കാലയളവിലേക്ക് പിഴ ഈടാക്കില്ല. എല്ലാ സേവനങ്ങൾക്കും ജൂലൈ 12 മുതൽ ഫീസുകൾ സ്വീകരിച്ച് തുടങ്ങുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed