സ്വർണക്കടത്ത് കേസ്; അന്വേഷണം ഊർജ്ജിതപ്പെടുത്താനൊരുങ്ങി യുഎഇ


ദുബൈ: ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണം കടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കാൻ യുഎഇ. കോൺസുലേറ്റിന്റെ യശസ്സിന് കളങ്കമേൽപ്പിച്ച സംഭവം അതീവ ഗൗരവമായാണ് യുഎഇ കാണുന്നത്. ഈ സാഹചര്യത്തിൽ പഴുതടച്ചുള്ള അന്വേഷണമാണ് യുഎഇ നടത്തുന്നത്.' യാഥാർത്ഥ്യം പുറത്തുവരികയെന്നത് ഞങ്ങളുടെ കൂടി താൽപര്യമാണ്. അതിനാൽ‌ ഒരിക്കലും ഇത്തരം സംഭവം ആവർത്തിക്കാത്ത രീതിയിൽ എല്ലാ പഴുതുകളും അടയ്ക്കാനും സത്യം പുറത്തുകൊണ്ടുവരാനുമാണ് ശ്രമം' - യുഎഇയിലെ ഉന്നതവൃത്തങ്ങൾ വെളിപ്പെടുത്തി.

ഇതിനിടെ, നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ സംഭവത്തില്‍ യുഎഇ അംബാസഡര്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെന്നാണ് വിവരം. 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. നയതന്ത്ര ബാഗേജ് വഴി കള്ളക്കടത്ത് നടത്തിയത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് യുഎഇ. ഏതെങ്കിലും തരത്തില്‍ തങ്ങളുടെ ഉദ്യോഗസ്ഥര്‍ ഇതിന്റെ ഭാഗമായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് സൂചനകള്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് യുഎഇ അംബാസിഡര്‍ നോട്ടീസ് നല്‍കിയത്. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

നേരത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള അനുമതി ചോദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് യുഎഇ വിശദീകരണം തേടിയിരിക്കുന്നത്. സ്വർണക്കടത്തിൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥനും പങ്കുണ്ടെന്നാണ് വിവരം. ഡിപ്ലോമാറ്റിക് ചാനൽ വഴി നടക്കുന്ന സ്വർണക്കടത്തിനെ കുറിച്ച് ഈ ഉദ്യോഗസ്ഥന് അറിവുണ്ടായിരുന്നുവെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. സ്വപ്ന സുരേഷും സരിത് കുമാറും സന്ദീപ് നായരും സ്വര്‍ണക്കടത്തിലെ കണ്ണികള്‍ മാത്രമാണെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. ഡിപ്ലോമാറ്റിക് ചാനല്‍ വഴി നടക്കുന്ന സ്വര്‍ണക്കടത്തിനെ കുറിച്ച് യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥന് വ്യക്തമായ അറിവുണ്ടായിരുന്നു. പിടിക്കപ്പെടാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ബാഗ് തിരിച്ചയക്കാന്‍ ഇയാൾ ശ്രമം നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed