ദുബൈയിൽ താമസ വിസയുള്ളവർക്ക് ഇനി എമിറേറ്റിലേക്ക് മടങ്ങിയെത്താം
ദുബൈ: ദുബൈയിൽ താമസ വിസയുള്ളവർക്ക് ഇന്ന് മുതൽ എമിറേറ്റിലേക്ക് മടങ്ങിയെത്താം. വിമാന സർവ്വീസുകൾ സാധാരണ നിലയിലായ രാജ്യങ്ങളിലുള്ളവർക്കാണ് ഇപ്പോൾ മടങ്ങിവരാൻകഴിയുക. ദുബൈ gdrfa.ae എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് മടങ്ങാൻ അനുമതി. താമസവിസയിലുള്ളവർ തിരിച്ചെത്തുന്പോൾ പിസിആർ ടെസ്റ്റ് നിർബന്ധമായും നടത്തണം. കൊവിഡ് 19 പോസിറ്റീവെന്ന് കണ്ടെത്തിയാൽ 14 ദിവസത്തേക്കാണ് ക്വാറന്റീൻ. വീടുകളിൽ സ്വന്തമായി ഒരു മുറിയും ശുചിമുറിയും ഉള്ളവർക്ക് ഹോം ക്വാറന്റീൻ അനുവദിക്കും.അല്ലാത്തവർ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിൽ പോകണം. ഇതിനുള്ള ചെലവ് അവരവർ വഹിക്കണം. വിമാനത്താവളത്തിൽ എത്തിയാൽ കൊവിഡ്19 dxb ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം.
ജുലൈ ഏഴ് മുതൽ വിനോദസഞ്ചാരികൾക്കും ദുബൈയിലെത്താൻ അനുമതി നൽകിയിട്ടുണ്ട്. പുറപ്പെടുന്നതിന് 96 മണിക്കൂർ മുന്പെടുത്ത കൊവിഡ് 19 പിസിആർ ടെസ്റ്റ് നെഗറ്റീവാണെന്ന റിപ്പോട്ട് കൈവശം ഉണ്ടായിരിക്കണം.
അല്ലെങ്കിൽ ദുബൈ വിമാനത്താവളത്തിൽ പിസിആർ ടെസ്റ്റ് നടത്തണം. പോസിറ്റീവെന്ന് കണ്ടെത്തിയാൽ 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ പോകണം. ജൂൺ 23 മുതൽ സ്വദേശികൾക്കും വിദേശികൾക്കും വിദേശയാത്രയ്ക്ക് അനുമതി നൽകിയിട്ടുണ്ട് യുഎഇ. കൊവിഡ് മാനദണ്ധങ്ങൾ പാലിച്ചാകും അനുമതി നൽകുക. ഇവർ തിരിച്ചെത്തുന്പോൾ കൊവിഡ് ടെസ്റ്റ് നടത്തണം.

