ബലി പെരുന്നാൾ ആഘോഷിക്കാൻ എത്തിയ സഞ്ചാരികൾക്ക് ഉജ്ജ്വല വരവേൽപ്
ദുബായ്∙ ദുബായിലേയ്ക്ക് ബലി പെരുന്നാൾ ആഘോഷിക്കാൻ എത്തിയ സഞ്ചാരികൾക്ക് ഉജ്ജ്വല വരവേൽപ് നൽകി സ്വീകരിച്ചു. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലുടെ എത്തിയ സഞ്ചാരികളെ എമിഗ്രേഷൻ തലവൻ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി, ഉപമേധാവി ഉബൈദ് ബിൻ സുറൂർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചു. ആശംസകൾ നേർന്നും മധുരവും മറ്റു സമ്മാനങ്ങളും നൽകിയാണ് എമിഗ്രേഷൻ അധിക്യതർ യാത്രക്കാരെ ദുബായിലേക്ക് വരവേറ്റത്. ഇവർക്ക് സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി അഭിനന്ദിച്ചു. ആഘോഷങ്ങളുടെ നാടായ ദുബായിലേക്ക് പെരുന്നാൾ ആഘോഷിക്കാൻ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. ഇവർക്ക് വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ലളിതമായി എമിഗ്രേഷൻ നടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന സ്മാർട് ഗേറ്റുകളുടെ സാന്നിധ്യം നടപടികൾ കൂടുതൽ വേഗത്തിലാക്കി. എവിടെയും കാല താമസത്തിന് ഇടവരുത്താതെ ഏറ്റവും സന്തോഷകരമായ സേവനങ്ങളാണ് ദുബായ് എമിഗ്രേഷൻ വകുപ്പ് ബലി പെരുന്നാൾ ദിവസം യാത്രക്കാർക്ക് നൽകിയത്.
അതിനിടയിൽ പെരുന്നാൾ ദിനത്തിൽ രാവിലെ എമിഗ്രേഷൻ വകുപ്പിെൻറ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിനെ സന്ദർശിച്ച് ആശംസകൾ നേർന്നു.

