കേരളത്തിലെ പ്രളയത്തിന് കാരണം പശ്ചിമഘട്ട സംരക്ഷണത്തിലെ വീഴ്ചയെന്ന് മാധവ് ഗാഡ്‍ഗിൽ
മുംബൈ: കേരളത്തിൽ വീണ്ടും പ്രളയമുണ്ടാക്കാൻ കാരണം പശ്ചിമഘട്ട സംരക്ഷണത്തിൽ വരുത്തിയ വീഴ്ച കൊണ്ടാണെന്ന് ഗാഡ്ഗിൽ കമ്മീഷൻ അദ്ധ്യക്ഷൻ മാധവ് ഗാഡ്ഗിൽ. കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് തെറ്റുപറ്റി. ഒരു ചെറിയ വിഭാഗത്തിന്‍റെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടേയും പരിസ്ഥിതിയുടേയും ഭാവിയെക്കുറിച്ച് സർക്കാർ മറന്നുവെന്നും ഗാഡ്ഗിൽ വിമർശിക്കുന്നു.
വലിയ ക്വാറികൾക്ക് പോലും ഇപ്പോൾ കേരളത്തിൽ നിർബാധം ലൈസൻസ് നൽകുകയാണ് സംസ്ഥാന സർക്കാർ. പരിസ്ഥിതി സംരക്ഷണത്തിന് പുതിയ നിയമങ്ങളല്ല വേണ്ടത് ഉള്ള നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണം.
കേരളത്തിൽ കഴിഞ്ഞ പ്രളയ കാലത്തു സംഭവിച്ചതിന് സമാനമായ സാഹചര്യമാണ് മഹാരാഷ്ട്ര − കർണാടക അതിർത്തിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ഗാഡ്ഗിൽ ചൂണ്ടിക്കാട്ടി. മഴ തുടർച്ചയായി പെയ്തിട്ടും വടക്കൻ കർണാടകത്തിലെ ഡാമുകൾ കൃത്യസമയത്ത് തുറന്നുവിടാൻ അധികൃതർ തയ്യാറായില്ല. കൃഷ്ണ നദീതടത്തിലെ ഡാം മാനേജ്മെന്റിന് പിഴവ് പറ്റിയതാണ് ഇരു സംസ്ഥാനങ്ങളിലും പ്രളയത്തിനു ഇടയാക്കിയതെന്നും ഗാഡ്ഗിൽ പറയുന്നു.

