ദുബായ് ബസ് അപകടം: കുറ്റസമ്മതം നടത്തി ഡ്രൈവർl
ദുബായ് : കഴിഞ്ഞ പെരുന്നാൾ അവധിക്കാലത്ത് ഏഴ് മലയാളികളുൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണം തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് ഡ്രൈവറുടെ കുറ്റസമ്മതം. ഒമാൻ സ്വദേശിയായ 53കാരനാണ് ഡ്രൈവർ. തന്റെ പിഴവാണ് അപകടകാരണമെന്ന് ഡ്രൈവർ സമ്മതിച്ചതായി എമിറേറ്റ്സ് ട്രാഫിക് പ്രോസിക്യൂഷൻ അഡ്വക്കേറ്റ് ജനറൽ സലാഹ് ബു ഫറുഷ അൽ ഫലാസി വ്യക്തമാക്കി.
കേസിന്റെ തുടർ വിചാരണ ഇൗ മാസം ഒൻപതിലേക്ക് മാറ്റി. ഡ്രൈവർ ഏഴ് വർഷം തടവു അനുഭവിക്കുകയും മരിച്ചവരുടെ ആശ്രിതർക്ക് 34 ലക്ഷം ദിർഹം (ഏകദേശം 6.4 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദയാധനം (ബ്ലഡ് മണി) നൽകുകയും വേണമെന്ന് സലാഹ് ബു ഫറൂഷ അൽ ഫലാസി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ജൂൺ ആറിന് ഒമാനിൽ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്ന മുവസലാത്ത് ബസ് വൈകിട്ട് 5.40ന് അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന ഇരുമ്പു തൂണിൽ ഇടിച്ചായിരുന്നു അപകടം.

