കണ്ടൽക്കാടുകളിൽനിന്ന് 500 കിലോ മാലിന്യം നീക്കി
അബുദാബി : അബുദാബി കോർണിഷ് റോഡിന് സമീപമുള്ള കണ്ടൽക്കാടുകളിൽ നിന്ന് 500 കിലോ മാലിന്യം നീക്കം ചെയ്തു. പരിസ്ഥിതി വകുപ്പ്, അനന്തര ഈേസ്റ്റൺ മാംഗ്രൂവ്‌സ് ഹോട്ടലും എമിറേറ്റ്‌സ് ഡൈവിംഗ് അസോസിയേഷനും അൽ മഹാറ ഡൈവിംഗ് സെന്ററുമായി ചേർന്നാണ് ശുചീകരണ പ്രവർത്തനം നടത്തിയത്.
തിങ്കളാഴ്ച വൈകീട്ട് നാല് മണി മുതൽ ആറ് മണി വരെ നൂറ്റിയന്പതോളം സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
അബുദാബി വേസ്റ്റ് മാനേജ്‌മെന്റ് സ്ഥാപനമായ തദ്വീർ, അബുദാബി മുനിസിപ്പാലിറ്റി, ഗതാഗതവകുപ്പ്, പോലീസ്, എമിറേറ്റ്‌സ് ആണവോർജ കോർപ്പറേഷൻ, അബുദാബി ഫണ്ട് ഡെവലപ്‌മെന്റ്, എൻ.എം.സി ഹോസ്പിറ്റൽ, സ്പാർക്ക് സെക്യൂരിറ്റി സർവീസ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർ സേവന പ്രവർത്തനങ്ങളിൽ പ്രധാനമായും പങ്കെടുത്തു.
പ്ലാസ്റ്റിക്, മരക്കഷണങ്ങൾ, ഇരുന്പ്, ചില്ലുകഷണങ്ങൾ എന്നിവയാണ് മാലിന്യങ്ങളിൽ അധികവും. അബുദാബിയുടെ ജൈവ വൈവിധ്യം ഏറെ നിലനിൽക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് കണ്ടൽക്കാടുകളെന്നും അവയുടെ സംരക്ഷണം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും പരിസ്ഥിതി വകുപ്പ് ആക്ടിംഗ് ഡയറക്ടർ ഖൻസ അൽ ബ്ലൂകി പറഞ്ഞു. പല പക്ഷിവർഗങ്ങളും മുട്ടയിടാനെത്തുന്ന കേന്ദ്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
അബുദാബിയിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നായ ഈേസ്റ്റൺ മാംഗ്രൂവ്‌സ് പലതരം പക്ഷികളുടെയും വിവിധയിനം മത്സ്യങ്ങളുടെയും വിഹാരകേന്ദ്രം കൂടിയാണ്. ദേശാടനക്കിളികളുടെ ഇഷ്ടതാവളമായ ഇവിടം പരിസ്ഥിതി പ്രവർത്തകരുടെ പഠനങ്ങൾക്ക് കൂടി വേദിയാണ്.
