വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കാൻ ‘ദുബൈ പാസ്’
ദുബൈ : ദുബൈയിയുടെ വിസ്മയങ്ങളും വിനോദ കേന്ദ്രങ്ങളും സന്ദർശിക്കാൻ ദുബൈ പാസ് എന്ന പുതിയ സംവിധാനവുമായി ടൂറിസം വകുപ്പ്. ദുബൈയിലെ പ്രധാനപ്പെട്ട 33 ആകർഷണങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റപാസ് മതിയാകും. ദുബൈ ടൂറിസം വകുപ്പ് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മേയ് 16 മുതൽ ദുബൈ പാസ് ലഭ്യമാകും. രണ്ടു തരത്തിലുള്ള പാക്കേജുകളാണ് ദുബൈ പാസ്്വഴി ലഭിക്കുക.− ദുബൈ സെലക്ട്, ദുബൈ അൺലിമിറ്റഡ് എന്നിവയാണ് പാക്കേജുകൾ.
ബുർജ് ഖലീഫ, വൈൽഡ് വാദി വാട്ടർ പാർക്ക്, ഡെസേർട്ട് സഫാരി, ഐഫ്ലൈ, ഐ.എം.ജി. വേൾഡ്, ലെഗോ ലാൻഡ്, മോഷൻ ഗേറ്റ്, സ്കി ദുബൈ, ബോളിവുഡ് പാർക്ക്സ്, ദുബൈ അക്വേറിയം, ദുബൈ സഫാരി, വണ്ടർ ബസ്, ഡോൾഫിനേറിയം, ദുബൈ ഫ്രെയിം തുടങ്ങിയവയെല്ലാം ദുബൈ പാസ് വഴി സന്ദർശിക്കാം.
www.iventurecard.com/ae എന്ന വെബ്സൈറ്റിൽ നിന്ന് പാസ് വാങ്ങാം. ഇ−മെയിൽ ആയും ചില തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും പാസ് കൈപ്പറ്റാം. തിരഞ്ഞെടുത്തിരിക്കുന്ന പാക്കേജ് അനുസരിച്ച് പാസ് കാണിച്ച് പ്രധാന ആകർഷണങ്ങളെല്ലാം കാണാൻ സാധിക്കും.
പേര് സൂചിപ്പിക്കുന്നതിനുപോലെ മൂന്ന് വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുന്ന വിനോദങ്ങളോ പരിപാടികളോ സന്ദർശിക്കാനാണ് ദുബൈ സെലക്ട് അവസരം നൽകുക. ഓരോ വിഭാഗത്തിൽ നിന്ന് ഏതെങ്കിലും ഒരു വിനോദം തിരഞ്ഞെടുക്കാം. ഏഴുദിവസമാണ് ദുബൈ സെലക്ടിന്റെ കാലാവധി. മുതിർന്നവർക്ക് 399 ദിർഹവും കുട്ടികൾക്ക് 389 ദിർഹവുമാണ് നിരക്ക്.
മൂന്ന് ദിവസമാണ് ദുബൈ അൺലിമിറ്റഡിന്റെ കാലാവധി. ഇതുപയോഗിക്കുന്നവർക്ക് ദുബൈയിലെ 33 വിനോദകേന്ദ്രങ്ങളും ആകർഷണങ്ങളും സന്ദർശിക്കാമെന്നതാണ് സവിശേഷത. മുതിർന്നവർക്ക് 899 ദിർഹവും കുട്ടികൾക്ക് 846 ദിർഹവുമാണ് ദുബൈ അൺലിമിറ്റഡിന്റെ നിരക്ക്.
