ദുബൈ എക്സ്പോയിൽ പ്രാതിനിധ്യമുറപ്പിച്ച് ഓസ്ട്രേലിയ
ദുബൈ : ദുബൈ 2020 എക്സ്പോയിൽ പങ്കെടുക്കു മെന്ന് ഓസ്ട്രേലിയ ഔദ്യോഗികമായി യു.എ.ഇയെ അറിയിച്ചു. വ്യാപാര, നിക്ഷേപ, വിദ്യാഭ്യാസ മേഖലകളിലടക്കം യു.എ.ഇയുമായി അടുത്തബന്ധമുള്ള രാജ്യമാണ് ഓസ്ട്രേലിയ. എക്സ്പോയിൽ പങ്കെടുക്കുമെന്ന് 170 രാജ്യങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
യു.എ.ഇയിലെ ഓസ്ട്രേലിയൻ സ്ഥാനപതി ആർതർ സ്പിറോയാണ് യു.എ.ഇ രാജ്യാന്തര സഹകരണ സഹമന്ത്രിയും ദുബൈ എക്സ്പോ 2020 ഡയറക്ടർ ജനറലുമായ റീം അൽ ഹാഷിമിയെ ഇക്കാര്യം അറിയിച്ചത്. 2020 ഒക്ടോബർ മുതൽ 2021 ഏപ്രിൽവരെ നടക്കുന്ന വേൾഡ് എക്സ്പോയിൽ വന്പൻ പദ്ധതികളുമായി ഇന്ത്യയുമുണ്ട്.
നിർമ്മാണമേഖലകളിലടക്കം ഇന്ത്യൻ കന്പനികൾ സജീവമാണ്. എക്സ്പോയുമായി ബന്ധപ്പെട്ട പദ്ധതികളിൽ ഒട്ടേറെ ഓസ്ട്രേലിയൻ കന്പനികളും പ്രവർത്തിക്കുന്നുണ്ട്. ടൂറിസം, വിദ്യാഭ്യാസം, വാണിജ്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ സഹകരണം നിലനിൽക്കുന്നു.
യു.എ.ഇയിൽ 350 ഓസ്ട്രേലിയൻ കന്പനികൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞവർഷം 2.79 ലക്ഷം വിനോദസഞ്ചാരികൾ അവിടെനിന്നെത്തി. കാർഷിക മേഖലയിലടക്കം ഓസ്ട്രേലിയ കൈവരിച്ച നേട്ടങ്ങൾ എക്സ്പോയിൽ പങ്കെടുക്കുന്ന ലോകരാജ്യങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ കഴിയും.
മധ്യപൂർവദേശം, ആഫ്രിക്ക, യൂറോപ്പ്, അമേരിക്കൻ ഭൂഖണ്ധം എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങളുടെ പ്രാതിനിധ്യം ഗൾഫ് മേഖലയിൽ ആദ്യമായി അരങ്ങേറുന്ന മേളയ്ക്കു മുതൽക്കൂട്ടാകും. ഏറ്റവും അടുത്ത സുഹൃദ് രാജ്യത്തു നടക്കുന്ന രാജ്യാന്തര മേളയിൽ പങ്കെടുക്കാൻ കഴിയുന്നത് അഭിമാനമായി കരുതുന്നുവെന്ന് ഓസ്ട്രേലിയൻ സ്ഥാനപതി പറഞ്ഞു.

