തൊഴിൽ നിയമലംഘനം : നടപടികൾ കടുപ്പിച്ച് അബുദാബി കോടതി
അബുദാബി : തൊഴിൽ നിയമലംഘകർക്കെതിരേ അബുദാബി കോടതി ശക്തമായ നടപടികളുമായി മുന്നോട്ട്. തൊഴിലുടമകളുമായി ഏതെങ്കിലും തരത്തിലുള്ള തർക്കമുണ്ടായാൽ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയവുമായോ തൊഴിൽ കോടതിയുമായോ ജുഡീഷ്യൽ വകുപ്പിന്റെ മൊബൈൽ കോടതിയുമായോ ബന്ധപ്പെടാമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് പ്രോസിക്യൂഷൻ വിഭാഗം ഡയറക്ടർ ഹസൻ മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു.
കഴിഞ്ഞ 15 മാസത്തിനിടയിൽ ജീവനക്കാർക്ക് വേതനം കൃത്യമായി നൽകാതിരുന്ന സ്ഥാപനങ്ങൾക്ക് 50 ലക്ഷം ദിർഹം വരെ കോടതി പിഴചുമത്തി. വേതനം നൽകാത്ത ഇരുപതിലേറെ സ്ഥാപനങ്ങൾക്കാണ് പിഴചുമത്തിയത്. തൊഴിൽ അനുബന്ധമായ അപകടങ്ങളെത്തുടർന്ന് പരിക്കേറ്റ തൊണ്ണൂറോളം കേസുകളാണ് 2016−ൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2017−ൽ ഇത് 48 ആയി കുറഞ്ഞു. തൊഴിൽ നിയമലംഘകർക്ക് വലിയ തുക പിഴയും തടവുമടക്കമുള്ള ശിക്ഷയാണ് യു.എ.ഇ.യിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏകദിന കോടതി സംവിധാനത്തിൽ പല പ്രശ്നങ്ങൾക്കും തീർപ്പുണ്ടാക്കും. 20,000 ദിർഹത്തിൽ താഴെയുള്ള തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ ഏകദിന കോടതി സംവിധാനത്തിലൂടെ കഴിയും. മുസഫ, മഫ്റഖ് എന്നിവിടങ്ങളിലുള്ള സേവന കേന്ദ്രങ്ങൾ വഴിയും തൊഴിലാളികളുടെ പ്രശ്ന ങ്ങൾക്ക് കോടതിയിലേക്ക് എത്തിക്കാം. വേതനത്തോടെയുള്ള 30 ദിവസത്തെ അവധിയും ആഴ്ചയിൽ ഒരവധിയും പാസ്പോർട്ടും സർട്ടിഫിക്കറ്റുകളുമടക്കമുള്ള രേഖകൾ കൈവശം വെക്കാനുള്ള അനുമതിയും മികച്ച തൊഴിൽ സാഹചര്യങ്ങളും യു.എ.ഇപ്രസിഡണ്ട് പുറപ്പെടുവിച്ച തൊഴിൽ നിയമത്തിൽ ഉറപ്പ് നൽകുന്നുണ്ട്.

