പാകിസ്ഥാനികൾ ഗൾഫ് മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ദുബൈ സെക്യൂരിറ്റി ചീഫ്
ദുബൈ : പാകിസ്ഥാനികൾ ഗൾഫ് മേഖലയ്ക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്ന് ദുബൈ സെക്യൂരിറ്റി ചീഫ് ലഫ്റ്റനന്റ് ജനറൽ ദഹി ഖൽഫാൻ. പാകിസ്ഥാനിൽ നിന്ന് ജോലിക്കായുള്ള റിക്രൂട്ട്മെന്റ് നിർത്തേണ്ടത് ദേശീയതലത്തിൽ തന്നെ അനിവാര്യതയായി മാറിയിരിക്കുകയാണെന്ന് ദഹി ഖൽഫാൻ അഭിപ്രായപ്പെട്ടു. ദുബൈയിൽ നടന്ന ലഹരിമരുന്നുവേട്ടയിൽ ഒരു സംഘം പാകിസ്ഥാനികൾ പിടിയിലായ സാഹചര്യത്തിലാണ് അദ്ദേഹം ട്വിറ്ററിൽ ഇക്കാര്യം കുറിച്ചത്.
പാകിസ്ഥാനികൾക്കിടയിൽ പരിശോധന കർശ്ശനമാക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്വീറ്റുകളോടൊപ്പം മയക്കുമരുന്നുമായി പിടിയിലായ പാകിസ്ഥാനികളുടെ ചിത്രവും അദ്ദേഹം പങ്കുവെച്ചു. 2013 വരെ ദുബൈ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചിരുന്ന ദഹി ഖൽഫാന്റെ ട്വീറ്റുകൾ പാകിസ്ഥാനിലെ ദേശീയ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യക്കാർ അച്ചടക്കമുള്ളവരാണെന്നുംഅതേസമയം, അലസതയും കുറ്റകൃത്യങ്ങളും കള്ളക്കടത്തുമാണ് പാകിസ്ഥാൻ സമൂഹത്തിൽ വ്യാപകമായുള്ളതെന്നും അദ്ദേഹം കുറിച്ചു. ഗൾഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്ന പാകിസ്ഥാനികൾ മേഖലയ്ക്ക് ഗുരുതരമായ ഭീഷണിയാണ്. പാകിസ്ഥാനികളെ ജോലിക്കുവെക്കരുതെന്ന് രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം തുടർന്ന് ട്വീറ്റ് ചെയ്തു.
അതേസമയം ട്വീറ്റിനെതിരെ വിമർശനവുമായി നിരവധി പാക്കിസ്ഥാനികൾ രംഗത്തെത്തി. തങ്ങൾക്കെതിരായ ആരോപണ ത്തിന് ട്വീറ്ററിലൂടെത്തന്നെയാണ് പാകിസ്ഥാനികൾ മറുപടി നൽകിയത്.

