തദ്ബീർ കേന്ദ്രങ്ങളുടെ വർദ്ധന : ഇന്ത്യൻ തൊഴിലാളികളുടെ റിക്രൂട്മെന്റ് ചിലവ് കുറയും
ദുബൈ : യു.എ.ഇയിൽ പുതുതായിതുടങ്ങുന്ന തദ്ബീർ കേന്ദ്രങ്ങൾ ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളി റിക്രൂട്മെന്റിന്റെ ചിലവു കുറയ്ക്കും. ഇതോടെ ഇന്ത്യയിൽനിന്നുള്ള തൊഴിൽ അന്വേഷകർക്കു കുറഞ്ഞ ചെലവിൽ നടപടികൾ പൂർത്തിയാക്കി സുരക്ഷിതമായി ജോലി ചെയ്യാൻ അവസരമൊരുങ്ങും. യു.എ.ഇ മാനവവിഭവശേഷി−സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ ഉന്നതതല പ്രതിനിധിസംഘം ഇതുസംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി.
റിക്രൂട്ടിംങ് തട്ടിപ്പുകളിൽനിന്നു ഗാർഹിക തൊഴിലാളികളെ രക്ഷിക്കാനും തൊഴിൽ അവകാശങ്ങൾ ഉറപ്പാക്കാനും ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലാണ് കൂടുതൽ തദ്ബീർ സെന്ററുകൾ തുറക്കുക. തൊഴിലാളികൾ യു.എ.ഇയിൽ എത്തും മുന്പ് മാതൃരാജ്യങ്ങളിൽ നിന്നുതന്നെ അഭിമുഖം നടത്തുക, തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുക, പരിശീലനം നൽകുക, തൊഴിലാളികളുടെ താമസയിടങ്ങളുടെ നിലവാരം പരിശോധിക്കുക തുടങ്ങിയവയാണ് തദ്ബീർ സെന്ററുകളുടെ ചുമതല. തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ്, എമിറേറ്റ്സ് ഐഡി തുടങ്ങിയവ ഉറപ്പാക്കാനും സാധിക്കും.
ഒട്ടേറെ ഇന്ത്യൻ തൊഴിലാളികളുള്ള യു.എ.ഇയിൽ പുതിയ സംവിധാനം തൊഴിൽ പരിരക്ഷ ഉറപ്പുവരുത്തുകയും വ്യാജ ഏജൻസികളിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും. ഊഷ്മളമായ ഉഭയകക്ഷി ബന്ധം സംയുക്ത പദ്ധതികൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന സഹകരണത്തിന് തുടക്കമിട്ടതോടെ ഇരുരാജ്യങ്ങളിലെയും പ്രതിനിധികൾ പരസ്പരം സന്ദർശനം നടത്തി തുടർനടപടിക്രമങ്ങൾ വിലയിരുത്തിവരുകയാണ്.
ഇന്ത്യയുമായുള്ള ബന്ധം ഏറെ പ്രാധാന്യത്തോടെയാണു കാണുന്നതെന്നും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും യു.എ.ഇ സംഘത്തിലെ ഇന്റേണൽ റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ.ഒമർ അൽ നുഐമി പറഞ്ഞു. ഗാർഹിക തൊഴിലാളികൾക്ക് വേതനത്തോടു കൂടിയ അവധി, ആഴ്ചയിലൊരു അവധി എന്നിവ ഉറപ്പാക്കാൻ യു.എ.ഇ നിയമത്തിനു രൂപം നൽകിയിട്ടുണ്ട്. ഗാർഹിക തൊഴിലാളികളുടെ ഉൾപ്പെടെ റിക്രൂട്മെന്റ് സുതാര്യമാക്കാനും തൊഴിലവകാശങ്ങൾ സംരക്ഷിക്കാനും 2015ൽ ഇന്ത്യ ഇ−മൈഗ്രേറ്റ് സംവിധാനത്തിനു രൂപം നൽകിയിരുന്നു.
തൊഴിലാളികൾക്ക് അവധിയും മറ്റാനുകൂല്യങ്ങളും തൊഴിലുടമ ഉറപ്പുവരുത്തുക, കരാറിൽപെടാത്ത ജോലി ചെയ്യിക്കുകയോ മാന്യമായി പെരുമാറാതിരിക്കുകയോ ചെയ്താൽ കർശന നടപടി, പാസ്പോർട്ട് പിടിച്ചുവയ്ക്കാതിരിക്കുക തുടങ്ങിയ വ്യവസ്ഥങ്ങൾ ചൂഷണങ്ങളിൽനിന്നു രക്ഷപ്പെടാൻ സഹായകമാകും. വീട്ടുജോലിക്കാർ, സെക്യൂരിറ്റി ജീവനക്കാർ, ആട്ടിടയൻ, ഡ്രൈവർ, ബോട്ട് ജീവനക്കാർ, കുതിര പരിചാരകർ, പ്രാപ്പിടിയനെ പരിശീലിപ്പിക്കുന്നവർ, പരിചരിക്കുന്നവർ, വീട്ടിലേക്കു മാത്രമായുള്ള അധ്യാപകർ, നഴ്സുമാർ, കുട്ടികളെ പരിചരിക്കുന്നവർ, കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവർ, പൂന്തോട്ട ജോലിക്കാർ, വീട്ടിലെ പിആർഒ എന്നിവരാണ് പൊതുവെ ഗാർഹിക ജീവനക്കാരിൽ ഉൾപ്പെടുന്നത്.
വാഗ്ദാനം ചെയ്ത വേതനം നൽകാതെ തൊഴിലാളിയെ വഞ്ചിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ഇന്ത്യയുടെ ഇ മൈഗ്രേറ്റ് സംവിധാനവും യു.എ.ഇയുടെ മനുഷ്യവിഭവ ശേഷി−സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനങ്ങളും പരസ്പരം ബന്ധിപ്പിക്കുകയാണ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിനിടെ ധാരണയായിരുന്നു. ഏകോപനത്തിനായി സാങ്കേതിക ഗ്രൂപ്പും രൂപീകരിച്ചു. ഇ മൈഗ്രേറ്റ് സംവിധാനത്തിൽ സമർപ്പിച്ച അതേ കരാർ തന്നെ യു.എ.ഇയുടെ തൊഴിൽവകുപ്പ് സംവിധാനത്തിലും ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങളാണു പുരോഗമിക്കുന്നത്.
ഇതോടെ, രണ്ടായിരം ദിർഹം വേതനമെന്ന നിലയിൽ കരാർ ലഭിച്ച തൊഴിലാളി യു.എ.ഇയിൽ എത്തന്പോൾ അതിൽ കുറവു ലഭിക്കുന്ന സാഹചര്യങ്ങൾ ഒഴിവാകും. വിദേശകാര്യ മന്ത്രാലയത്തിന്റെ പട്ടികയിലുള്ള രാജ്യങ്ങളിൽ ഇന്ത്യൻ തൊഴിലാളികളെ നിയമിക്കണമെങ്കിൽ ഇ മൈഗ്രേറ്റ് സംവിധാനത്തിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് ഇന്ത്യയുടെ വ്യവസ്ഥ. വിദേശകാര്യമന്ത്രാലയത്തിലെ ഓവർസീസ് എംപ്ലോയ്മെന്റ് ഡിവിഷനിൽ റജിസ്റ്റർ ചെയ്ത റിക്രൂട്മെന്റ് ഏജന്റുവഴി ഇ മൈഗ്രേറ്റ് സംവിധാനത്തിലൂടെ തൊഴിലാളിയെ റിക്രൂട് ചെയ്യാം. തൊഴിൽ വാഗ്ദാന കരാർ ഇ മൈഗ്രേറ്റ് സംവിധാനത്തിൽ ഉൾപ്പെടുത്തും. ഈ കരാർ യു.എ.ഇയിലെ ഇലക്ട്രോണിക് സംവിധാനത്തിലും ലഭ്യമാകുമെന്നതാണു പ്രത്യേകത.

