മോദിയുടെ യു.എ.ഇ സന്ദർശനം : 14 സുപ്രധാന കരാറുകൾക്ക് സാധ്യത
അബുദാബി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ യു.എ.ഇ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും ബഹിരാകാശ മേഖലയിൽ ഉൾപ്പെടെ 14 പ്രധാന കരാറുകളിൽ കൂടി ഒപ്പുവയ്ക്കുമെന്ന് റിപ്പോർട്ട്. ബഹിരാകാശരംഗത്തു കൂടുതൽ ഉയരങ്ങൾ ലക്ഷ്യമിടുന്ന യു.എ.ഇ, ഈ മേഖലയിൽ വൈജ്ഞാനിക മുന്നേറ്റം നടത്തിയ ഇന്ത്യയുമായി കൂടുതൽ സഹകരിക്കും. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ.രാധാകൃഷ്ണൻ യു.എ.ഇ ബഹിരാകാശ ഏജൻസിയിൽ ചേരുമെന്നും റിപ്പോർട്ടുണ്ട്. 2014ൽ ഐ.എസ്.ആർ.ഒയിൽ നിന്നു വിരമിച്ച കെ.രാധാകൃഷ്ണൻ ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരിലൊരാളാണ്.
കഴിഞ്ഞ വർഷം യു.എ.ഇയുടെ ഉൾപ്പെടെ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിക്ഷേപ പദ്ധതികളുമായി യു.എ.ഇ മുന്നോട്ടു പോകുകയാണ്. കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ യു.എ.ഇയിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനും സഹകരണം സഹായകമാകും. ടൂറിസം രംഗത്ത് ഇരുരാജ്യങ്ങളിലും ഒട്ടേറെ സാധ്യതകൾ തുറന്നുകിടക്കുന്നു. ഇന്ത്യയിലേക്കു നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ പ്രധാന പങ്കുവഹിക്കുന്ന രാജ്യങ്ങളിലൊന്നാണു യു.എ.ഇ.
കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ജൂൺവരെ 6.1 കോടി ഡോളറിന്റെ നിക്ഷേപമുണ്ടായതായാണു കണക്കുകൾ. ഇന്ത്യയിൽ 250 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നു കഴിഞ്ഞ ഒക്ടോബറിൽ യുഎഇയിലെ നിക്ഷേപകർ പ്രഖ്യാപിച്ചിരുന്നു. അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (എ.ഡി.ഐ.എ) യാണ് ഇതിൽ നൂറുകോടിയുടെ നിക്ഷേപം നടത്തുക. ആന്ധ്രപ്രദേശിൽ 46 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നു ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നത്തെ നിലയ്ക്കു തുടർന്നാൽ 2020 ആകുന്പോഴേക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാട് 10,000 കോടി ഡോളർ ആകുമെന്നാണു സൂചന. നിലവിൽ ഇത് 5300 കോടി ഡോളറാണ്. 2000 മുതൽ ക്രമാനുഗത വളർച്ച രേഖപ്പെടുത്തുന്നു. അടുത്ത അഞ്ചുവർഷത്തിനകം 60 ശതമാനത്തിലേറെ വളർച്ച കൈവരിക്കുകയാണു ലക്ഷ്യം. ജി.സി.സി− ഇന്ത്യ സൗജന്യ വ്യാപാര കരാർ കൂടി യാഥാർത്ഥ്യമാകുന്നതോടെ നിക്ഷേപരംഗത്തു വൻ കുതിപ്പുണ്ടാകുമെന്നാണു പ്രതീക്ഷ.
എണ്ണയിതര മേഖലയിലേക്കു യു.എ.ഇ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനു കൂടുതൽ സാധ്യതകൾ വളർത്തുന്നു. യു.എ.സിനേക്കാളും യൂറോപ്പിനേക്കാളും വിവിധ മേഖലകളിൽ ഇന്ത്യയുമായി സഹകരിക്കാൻ കഴിയുമെന്നു യു.എ.ഇ തിരിച്ചറിയുന്നതായി വാണിജ്യ− വ്യാപാര രംഗത്തുള്ളവർ വിലയിരുത്തുന്നു. 2015 ആഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിൽ എത്തിയപ്പോൾ ധാരണയായ 7500 കോടി ഡോളറിന്റെ യു.എ.ഇ−-ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചരിത്രപ്രധാനമാണ്.




