ബിനോയി കോടിയേരിക്ക് ദുബൈ പോലീസിന്‍റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്
ദുബൈ : സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്ക് ദുബൈ പോലീസിന്‍റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്. വ്യാഴാഴ്ചത്തെ തിയ്യതിയിലാണ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്. നിലവിൽ ബിനോയിക്കെതിരെ കേസില്ലെന്ന് ദുബൈ പോലീസ് സർട്ടിഫിക്കറ്റിൽ വ്യക്തമാക്കുന്നു. ദുബൈ പോലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് ബിനോയി കോടിയേരിക്ക് ക്ലീയറൻസ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിനാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ക്ലിയറൻസ് നല്‍കിയിരിക്കുന്നത്.
തനിക്കെതിരെ ദുബൈയിൽ കേസുകളൊന്നും നിലവിലില്ലെന്നു സാന്പത്തിക തട്ടിപ്പ് വിവാദത്തിനു പിന്നാലെ ബിനോയ് വ്യക്തമാക്കിയിരുന്നു. അതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
അതേസമയം ബിനോയ് കോടിയേരിക്കെതിരായ ആരോപണം അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയിരുന്നു. ആരോപണം ദുരുദ്ദേശപരമാണ്. ബിനോയ് 15 വർ ഷമായി വിദേശത്താണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശദീകരിച്ചിട്ടുണ്ട്. വിഷയത്തിൽ പരാതികൾ ലഭിച്ചിട്ടില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന പോലെയൊരു അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സർക്കാരിന് മുന്നിൽ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്തയുടെ നിജസ്ഥിതി സർക്കാരിന് അറിയില്ലെന്നും പിണറായി പറഞ്ഞു.
ബിനോയ് കോടിയേരിയ്ക്ക് എതിരെയുള്ള സാന്പത്തിക ആരോപണം അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് എന്തോ മറച്ചുവെക്കാനുണ്ട് എന്നത് ഇതിൽ നിന്നും വ്യക്തമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

