ജന്തർ മന്തറിൽ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ പ്രതിഷേധം ഇരമ്പുന്നു: എം.എ. ബേബിയും എ.എ. റഹീമും ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ
ശാരിക
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ വൻ സംഘർഷം. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, ബൃന്ദ കാരാട്ട്, പി.ബി. അംഗങ്ങൾ, കേരളത്തിൽനിന്നുള്ള എം.പിമാർ ഉൾപ്പെടെയുള്ളവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡി.വൈ.എഫ്.ഐ നേതാക്കളായ എ.എ. റഹീം, ജെയ്ക് സി. തോമസ് എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഒരു സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുമ്പോഴും മറ്റുള്ളവർ ജന്തർ മന്തറിലേക്ക് വീണ്ടും പ്രതിഷേധവുമായി എത്തുന്നുണ്ട്.
തങ്ങളെയല്ല, ഗ്യാനേഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് നേതാക്കൾ പ്രതികരിച്ചു. ആളുകളുടെ വോട്ടുകൾ വെട്ടിക്കുറച്ച ക്രിമിനൽ പ്രവർത്തനത്തിന് ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് എം.എ. ബേബി പറഞ്ഞു. സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ വിവിധ ഇടതു സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
കേരളത്തിൽ നിന്നുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകർ മാർച്ചുമായി ജന്തർ മന്തറിലേക്ക് എത്തിയതോടെ പൊലീസ് മാർച്ച് തടയുകയായിരുന്നു. ജന്തർ മന്തറിലേക്കെത്തിയ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റാൻ പൊലീസ് ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തതും നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കിയതും.
പ്രതിഷേധം കണക്കിലെടുത്ത് ജന്തർ മന്തറിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ പൊലീസ് റോഡുകൾ പൂർണ്ണമായി അടച്ചിരുന്നു. ഡൽഹിയിൽ പ്രമുഖ മെട്രോ സ്റ്റേഷനുകളും പ്രധാന റോഡുകളും അടച്ചുപൂട്ടി. ജൻപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, സേവാ തീർഥ്, മണ്ഡി ഹൗസ്, ലോക് കല്യാൺ മാർഗ്, ഐഎൻഎ, ചൗരി ബസാർ, രാമകൃഷ്ണ ആശ്രമ മാർഗ്, ന്യൂഡൽഹി എന്നിവയുൾപ്പെടെ 11 മെട്രോ സ്റ്റേഷനുകളാണ് ഡൽഹി മെട്രോ അടച്ചത്. പ്രദേശത്ത് ഇന്റർനെറ്റ് സേനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജന്തർ മന്തറിലേക്കുള്ള എല്ലാ പ്രധാന പാതകളിലും കൂറ്റൻ ബാരിക്കേഡുകൾ ഉയർത്തി പ്രദേശം പൂർണമായും അടച്ചിട്ട നിലയിലാണ്.
ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വിവിധ ഇടതുപക്ഷ സംഘടനകൾ സമരത്തിന് ആഹ്വാനം നൽകിയത്.
േ്ിേ്ി

