അനധികൃതമായി പാർക്കിംഗ് സ്ഥലങ്ങൾ കൈയ്യേറുന്നതായി പരാതി
മനാമ: മുനിസിപ്പാലിറ്റി അധികൃതരിൽ നിന്ന് യാതൊരു വിധത്തിലുമുള്ള അംഗീകാരം എടുക്കാതെ ചില സ്ഥാപനങ്ങൾ പാർക്കിംഗ് സ്ഥലങ്ങൾ സ്വന്തമാക്കുന്നതായി പരാതി. മുനിസിപ്പാലിറ്റിയിൽ നിന്ന് പണം അടച്ച് പ്രത്യേകം അനുമതി വാങ്ങിയതാണെന്ന വ്യാജേനയാണ് ഇത്തരത്തിൽ ചിലർ സ്ഥലം വളച്ചു കെട്ടുന്നത്. ബഹ്‌റൈനിലെ ചില റെസ്റ്റോറന്റ് ഉടമകളാണ് ഇങ്ങിനെ അനധികൃതമായി സ്ഥലം കൈവശപ്പെടുത്തുന്നവരിൽ മുന്നിൽ നിൽക്കുന്നത്. സ്ഥാപനങ്ങളുടെ മുന്പിലുള്ള പൊതുവായ പാർക്കിങ്ങ് സ്പേസിൽ ഉപഭോക്താക്കൾ അല്ലാത്തവർ പാർക്ക് ചെയ്തു കഴിഞ്ഞാൽ പലപ്പോഴും അവരോട് വഴക്കുണ്ടാക്കുകയും തട്ടിക്കയറുകയും ചെയ്യുന്നത് ഇവിടെ നിത്യ സംഭവമായി മാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം റിഫയിലെ ഒരു റെസ്റ്റോറന്റിന് മുന്നിൽ വാഹനം പാർക്ക് ചെയ്ത് അടുത്ത സ്ഥാപനത്തിലേയ്ക്ക് പോയ മലയാളിയെ മറ്റൊരു മലയാളിയായ റെസ്റ്റോറന്റ് ഉടമ അസഭ്യം പറഞ്ഞതിനെ തുടർന്ന് സംഭവം പോലീസ് കേസ് വരെ ആയിട്ടുണ്ട്. മനാമ, ഗുദൈബിയ, ഹൂറ, ഉമ്മൽഹസം തുടങ്ങിയ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള പാർക്കിംഗ് കയ്യേറ്റങ്ങൾ വ്യാപകമാണ്. ഗുദൈബിയ പോലീസ് േസ്റ്റഷന് സമീപത്തെ ഒരു റെസ്റ്റോറന്റിൽ ഉപഭോക്താക്കൾക്കായി പാർക്കിംഗ് സ്ഥലം പിടിച്ചുവെക്കാൻ പ്രത്യേകം ജീവനക്കാരെ തന്നെ നിയമിച്ചിട്ടുണ്ട്. പാർക്കിംഗ് സ്ഥലം ഒഴിയുന്പോൾ തന്നെ വാട്ടർ കാൻ, ഉപയോഗശൂന്യമായ ഇരിപ്പിടങ്ങൾ എന്നിവ ഉപയോഗിച്ച് സ്ഥലം വളച്ചു കെട്ടുന്നു. ഇതിനാൽ മറ്റ് വാഹങ്ങൾ നിർത്തിയിടാൻ സ്ഥലം ലഭിക്കില്ല. തിരക്ക് പിടിച്ച മേഖലകളിൽ റെസ്റ്റോറന്റുകളിൽ ഉപഭോക്താക്കൾ ഇല്ലാത്ത സമയത്ത് പോലും മറ്റുള്ളവർക്ക് വാഹനം നിർത്തിയിടാൻ കഴിയാതാവുകയും അതേസമയം റെസ്റ്റോറന്റിന് മുന്നിലെ പാർക്കിംഗ് സ്ഥലം വെറുതെ കിടക്കുകയും ചെയ്യുന്ന അവസ്ഥയും സംജാതമാകുന്നു.
രാജ്യത്തിന്റെ പല പൊതുപാർക്കിംഗ് പ്രദേശങ്ങളും പേ പാർക്കിംഗ് സംവിധാനമാക്കി മാറ്റി വരികയാണ്. തലസ്ഥാനമായ മനാമ, ഗുദൈബിയയിലെ ഇന്ത്യൻ ക്ലബ്ബ്, അവാൽ സിനിമാ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾ പേ പാർക്കിംഗ് സംവിധാനം നിലവിൽ വന്നിരിക്കുകയാണ്. വാഹനം പാർക്ക് ചെയ്യുന്നതിന് പണം ഈടാക്കുന്നെങ്കിലും പാർക്കിംഗിന് വേണ്ടി മണിക്കൂറുകളോളം ചുറ്റിത്തിരിയേണ്ട അവസ്ഥയ്‌ക്ക് ഇതിലൂടെ ചെറിയൊരു മോചനം ഉണ്ടായതായി ഈ ഭാഗത്തെ താമസക്കാർ പറയുന്നു.
പാർക്കിംഗ് സ്ഥലം സ്വന്തമാണെന്ന വ്യാജേന ചില താമസക്കാരും ചില പ്രദേശങ്ങളിൽ കൈയ്യേറ്റം നടത്തി വരുന്നുണ്ട്. നോ പാർക്കിംഗ് ബോർഡുകൾ വെക്കുക, ഇരുന്പ് ഗെയ്റ്റ് സ്ഥാപിക്കുക, ലോക്കുകൾ ഉള്ള തൂണുകൾ സ്ഥാപിക്കുക തുടങ്ങി പല നിയമവിരുദ്ധ പ്രവർത്തികളും താമസക്കാരും ചെയ്തു വരുന്നുണ്ട്. പാർക്കിംഗ് സ്ഥലങ്ങളുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ പലയിടങ്ങളിലും ഇപ്പോൾ പതിവായി വരുന്നുണ്ട്. നഗരസഭയുടെ അനുവാദത്തോടെയുള്ള പാർക്കിംഗ് ആണെന്നുള്ളത് അധികാരികളോ, സ്ഥാപന ഉടമകളോ, ഫ്‌ളാറ്റ് ഉടമകളോ വ്യക്തമാക്കാത്തിടത്തോളംകാലം ഇത്തരം സ്ഥലങ്ങൾ അനധികൃത പാർക്കിംഗ് എന്ന രീതിയിൽ തന്നെ തുടരുകയും ഇടയ്ക്കിടെ ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നഗരസഭാ അധികൃതരിൽ നിന്നുള്ള ഇടപെടൽ ഉണ്ടാകണമെന്നാണ് പൊതുവെയുള്ള ആവശ്യം.

