കുട്ടികൾ ബാൽക്കണിയിൽ നിന്ന് വീഴാതിരിക്കാൻ മുൻകരുതലുമായി ഷാർജ മുനിസിപ്പാലിറ്റി
ഷാർജ : എമിറേറ്റിൽ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ നിന്ന് കുട്ടികൾ വീണ് മരിക്കുന്നത് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. ഷാർജയിൽ ചെറുതും വലുതുമായ കെട്ടിടങ്ങളിൽ നിന്ന് കുട്ടികൾ വീണുമരിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റി അധികൃതർ കാര്യമായ ഇടപെടൽ നടത്തുന്നത്. ഇതിനായി കെട്ടിടങ്ങളിൽ മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തും.
കുട്ടികളുടെ മരണം സംഭവിക്കാൻ ഇടയാക്കാവുന്ന കെട്ടിടങ്ങളുടെ സുരക്ഷിതത്വമില്ലായ്മ പരിശോധിച്ചാണ് അധികൃതർ പരിഹാരം നിർദ്ദേശിക്കുക. അതിനായി ഷാർജയിലെ പഴയ കെട്ടിടങ്ങളുടെ ഉടമകളെയും താമസക്കാരെയും നഗരസഭ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. കെട്ടിടങ്ങളുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കാനായി മുനിസിപ്പാലിറ്റി ആഴ്ചതോറുംനടത്തുന്ന ബോധവൽക്കരണത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
കഴിഞ്ഞ വർഷവും നിരവധി കുട്ടികളാണ് ഷാർജയിലെ വിവിധ കെട്ടിടങ്ങളിൽ നിന്ന് അബദ്ധത്തിൽ വീണുമരിച്ചത്. പ്രധാനമായും ബാൽക്കണിയുടെ സുരക്ഷിതത്വമില്ലായ്മയാണ് ദുരന്തങ്ങൾക്ക് കാരണമായതെന്ന് അധികൃതർക്ക് ബോധ്യംവന്നിട്ടുണ്ട്. ദുരന്തങ്ങൾ ആവർത്തിക്കുന്നതിനാൽ ചില കെട്ടിടങ്ങളിലെ ബാൽക്കണികളിൽ പ്രത്യേക സുരക്ഷിതകവചം നിർമ്മിക്കുകയും ചെയ്തിരുന്നു.
പഴയ കെട്ടിടങ്ങളിലെ ബാൽക്കണി, ജനൽ എന്നിവയുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കാനായി കർശന ഇടപെടൽ നടത്തുകയാണെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ താബിത് സലിം അറിയിച്ചു. കുട്ടികൾക്ക് കടക്കാൻ സാധിക്കാത്തനിലയിൽ തറയിൽ നിന്ന് ചുരുങ്ങിയത് 120 സെന്റീ മീറ്റർ ഉയരത്തിലായിരിക്കണം ജനലുകൾ സ്ഥാപിക്കേണ്ടതെന്നും അദ്ദേഹം നിർദ്ദേശം നൽകി.
അതിനായി സുരക്ഷാമാനദണ്ധ ങ്ങൾ അറിയിക്കുന്ന ലഘുലേഖകൾ എമിറേറ്റിൽ വിതരണം ചെയ്യാനും മുനിസിപ്പാലിറ്റി അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

