യു.എ.ഇയിൽ കനത്ത മൂടൽ മഞ്ഞ് : വിമാന സർവ്വീസുകൾ താളംതെറ്റി
ദുബൈ : യു.എ.ഇയിൽ കനത്ത മൂടൽ മഞ്ഞ് വ്യോമ, റോഡ് ഗതാഗതം താറുമാറാക്കി. പല വിമാനങ്ങളും 12 മണിക്കൂറിലേറെ വൈകിയത് യാത്രകാരെ ദുരിതത്തിലാക്കി. നിരവധി റോഡപകടങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളം കനത്ത മൂടൽ മഞ്ഞിനെതുടർന്ന് യു.എ.ഇയിലെ വിവിധ വിമാനതാവളങ്ങളിലായി 22 വിമാന സർവ്‍വീസുകൾ വൈകി.
ദുബൈ, ഷാർജ, അബുദാബി അന്താരാഷ്ട്ര വിമാനതാവളങ്ങളിലെ സർവ്‍വീസുകളെയാണ് കനത്ത മഞ്ഞ് ബാധിച്ചത്. ദുബൈയിൽ നിന്ന് രാവിലെ ആറുമണിക്ക് ശേഷം പുറപ്പെടേണ്ട 13 വിമാനങ്ങൾ വൈകി. മൂടൽ മഞ്ഞ് വ്യക്തമായ കാഴ്ചയ്ക്ക് തടസ്സം സൃഷ്ടിച്ചതുമൂലമാണ് വിമാന സർവ്‍വീസുകൾ വൈകിയതെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ മൂന്ന് മണിക്ക് ദുബൈയിൽ നിന്ന് നെടുന്പാശ്ശേരിയിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് പത്തുമണിക്കൂർ വൈകിയും പുറപ്പെട്ടില്ല.
യു.എ.ഇയിലെ വിമാനതാവളങ്ങളിലിറങ്ങേണ്ട പല വിമാനങ്ങളും ഒമാനിലേക്ക് വഴിതിരിച്ചു വിട്ടു. പുലർച്ചെ തുടങ്ങിയ മൂടൽ മഞ്ഞ് റോഡ് ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട് ദുബൈ-അബുദാബി റോഡുകളിൽ നിരവധി വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹനങ്ങൾ ഓടിക്കുന്നവർജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വേഗത കുറക്കാനും റോഡിൽ വാഹനങ്ങൾ തമ്മിൽ വലിയ അകലം പാലിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

