എക്സ്പോഷർ−2017 ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു
ഷാർജ : അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മേളയായ എക്സ്പോഷർ−2017 ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് ഏഴര വരെയാണു പ്രദർശനം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മുതൽ വൈകിട്ട് ഏഴര വരെയും. പ്രവേശനം സൗജന്യനമാണ്.
ഫോട്ടോഗ്രാഫി രംഗത്ത് യുവാക്കൾക്ക് പ്രോത്സാഹനം നൽകുകയും പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും മികവ് പുലർത്താൻ അവരെ പ്രാപ്തരാക്കുകയുമാണ് മേളയുടെ ലക്ഷ്യമെന്ന് ഡോ. ഷെയ്ഖ് സുൽത്താൻ പറഞ്ഞു. തുടർന്ന് അദ്ദേഹം പ്രദർശനത്തിലെ വിവിധ വിഭാഗങ്ങൾ സന്ദർശിച്ചു. ഫോട്ടോഗ്രാഫിയിലെ പുതിയ സങ്കേതങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്ന ശിൽപശാലകളും ഡോ. ഷെയ്ഖ് സുൽത്താൻ സന്ദർശിച്ചു.
അന്തരിച്ച യുദ്ധ ഫോട്ടോഗ്രാഫർ ആൻ ജെ. നേത്രങ്ങസിന് ആദരാഞ്ജലികളർപ്പിച്ച് പുലിറ്റ്സർ പുരസ്കാര ജേതാവ് മുഹമ്മദ് മുഹെയ്സനാണ് ഉദ്ഘാടന സെഷൻ ആരംഭിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലം ആർട്ടിക് മേഖലയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പ്രമുഖ കനേഡിയൻ ഫോട്ടോഗ്രാഫർ പോൾ നിക്കലെൻ സംസാരിച്ചു. ഷാർജ എക്സ്പോ സെന്ററിൽ നാല് ദിവസം നീളുന്ന പ്രദർശനത്തിൽ 23 ഫോട്ടോ പ്രദർശനങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന 35 ശിൽപശാലകൾ, 25 സെമിനാറുകൾ എന്നിങ്ങനെ നിരവധി പരിപാടികൾ നടക്കും.
മൾട്ടിമീഡിയ കലാകാരൻ ഗ്രഹാംഫിൻക് ഒരുക്കുന്ന ദൃശ്യ വിസ്മയങ്ങളും മേളയിൽ നടക്കും. ഇമറാത്തി ഫോട്ടോഗ്രാഫർ അലി ഖലീഫ ബിൻ തളിത്, ഈജിപ്തിൽ നിന്ന് അബ്ദുൽ റഹ്മാൻ ഖബ്ർ, ബ്രിട്ടിഷ് ഫോട്ടോ ഗ്രാഫർ ടിമോതി അല്ലൻ ഫോട്ടോ ജേണലിസ്റ്റ് ഏലി റീഡ് തുടങ്ങി നിരവധി പ്രശസ്തർ മേളയിൽ എത്തും. ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ ലോകോത്തര ബ്രാൻഡുകളുമായി ട്രേഡ് ഷോ ഇതോടനുബന്ധിച്ചു നടക്കും. ഷാർജ വിമാനത്താവളം, അൽ മജാസ് വാട്ടർ ഫ്രണ്ട്, സിറ്റിവാക്ക് ദുബൈ, മാൾ ഓഫ് ദി എമിറേറ്റ്സ് എന്നിവിടങ്ങളിൽ അനുബന്ധ പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.


