രാജ്യാന്തര പെട്രോളിയം എക്സിബിഷനും സമ്മേളനവും ആരംഭിച്ചു
അബുദാബി : അബുദാബി രാജ്യാന്തര പെട്രോളിയം എക്സിബിഷനും സമ്മേളനത്തിനും (അഡിപെക്) പ്രൗഢോജ്വല തുടക്കം. നാഷണൽ എക്സിബിഷൻ സെന്ററിലാണ് പരിപാടി അരങ്ങേറുന്നത്. യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന അഡിപെക് 16നാണ് സമാപിക്കുക.
അബുദാബി നാഷനൽ ഓയിൽ കന്പനിയുടെ (അഡ്നോക്) ആതിഥേയത്വത്തിൽ നടക്കുന്ന പ്രദർശനത്തിലും സമ്മേളനത്തിലും എണ്ണ ഉൽപാദന വിതരണ രാജ്യങ്ങളിലെ ഊർജ മന്ത്രിമാരും ആഗോള സി.ഇ.ഒമാരും ഉൾപ്പെടെയുള്ള വിദഗ്ദ്ധർ പങ്കെടുക്കുന്നു.
എണ്ണ−വാതക മേഖലയിലെ പുതിയ സാങ്കേതിക വൈഭവങ്ങളുമായി 135 രാജ്യങ്ങളിലെ 2,000 പ്രദർശന കന്പനികളാണ് പങ്കെടുക്കുന്നത്. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്, ഓയിൽ ഇന്ത്യ ലിമിറ്റഡ്, ഗെയ്ൽ, ഒ.എൻ.ജി.സി ഇന്ത്യ, പെട്രൊനാസ് തുടങ്ങിയ കന്പനികളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.


