സ്വദേശികൾക്കായി ഒമാനിൽ ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നു
മസ്്ക്കറ്റ് : ഒമാനിൽ താഴ്ന്നവരുമാനക്കാരായ സ്വദേശികൾക്ക് സർക്കാർ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നു. 100 ദശലക്ഷം ഒമാനി റിയാലിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇന്ധന വിലവർദ്ധനവിനെ തുടർന്നുണ്ടായ ജീവിതച്ചെലവ് പരിഹരിക്കാനാണു പദ്ധതികളെന്ന് ഒമാൻ മന്ത്രിസഭാ കൗൺസിൽ അറിയിച്ചു. 2018ൽ പദ്ധതികൾ പ്രാബല്യത്തിൽ വരും.
താഴ്ന്നവരുമാനക്കാരായ ഒമാൻ സ്വദേശികൾ ക്ക് ഉണ്ടാകുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാനും പരിഹാരം നിർദ്ദേശിക്കാനും മന്ത്രിസഭ കൗൺസിൽ പ്രത്യേകസമിതിയെ ഈ വർഷം ആദ്യം നിയോഗിച്ചിരുന്നു. സമിതിയുടെയും അനുബന്ധവകുപ്പുകളുടെയും നിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരിക്കും പദ്ധതിക്ക് ആവശ്യമായ 100 ദശലക്ഷം ഒമാനി റിയാൽ അനുവദിക്കുക.
ഇന്ധന വിലയിലെ വർദ്ധന ബാധിച്ച രാജ്യത്തെ ദുർബലവിഭാഗക്കാരെ സംരക്ഷിക്കാൻ ഈ പദ്ധതി നടപ്പാക്കുന്നത് വഴി സാധിക്കുമെന്നും മന്ത്രിസഭാ കൗൺസിൽ വിലയിരുത്തി. 2016 ജനുവരിയിലാണ് ആദ്യമായി ഒമാനിൽ ഇന്ധനവിലയുടെ നിയന്ത്രണം നീക്കിയത്.


