ഷാർജ പുസ്തകോത്സവം : ഇത്തവണ സന്ദർശിച്ചത് 23.8 ലക്ഷം പേർ
ഷാർജ : മുപ്പത്തിയാറാമത് അന്താരാഷ്ട്ര പുസ്തകോത്സവം സന്ദർശിച്ചത് 23.8 ലക്ഷം പേർ. കഴിഞ്ഞ വർഷം 23.1 ലക്ഷം പേരായിരുന്നു എത്തിയത്. സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർദ്ധനപുസ്തകങ്ങളുടെ വിൽപ്പനയിലും പ്രതിഫലിച്ചു. 206 ദശലക്ഷം ദിർഹത്തിന്റെ പുസ്തക വിൽപ്പനയാണ് പതിനൊന്നുദിവസത്തെ മേളയിൽ നടന്നത്. മുൻവർഷത്തേക്കാൾ 17 ശതമാനം കൂടുതലാണ് ഈ തുക. മേളയുടെ 35 വർഷത്തെ ചരിത്രത്തിലെ റെക്കോഡാണ് ഈ കണക്കുകൾ.
പുസ്തകോത്സവം വേറെയും ചില വിശേഷം പങ്കുവെക്കുന്നുണ്ട്. യു.എ.ഇ. കാബിനറ്റ് യോഗത്തിനും ഈ മേള വേദിയായി എന്നതാണ് ആ കൗതുകം. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷ തയിലായിരുന്നു യോഗം.
ഷാർജ പുസ്തകമേള എന്നത് കേവലം ഒരു പുസ്തകോത്സവം മാത്രമല്ലെന്നും വിവിധജനവിഭാഗങ്ങളെ കൂട്ടിയിണക്കുകയും ഒരുമിപ്പിക്കുകയും ചെയ്യുന്ന സാംസ്‌കാരികോത്സവമായി മാറിക്കഴിഞ്ഞുവെന്നും ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ പറഞ്ഞു.
60 രാജ്യങ്ങളിൽനിന്നുള്ള 1690 പ്രസാധകരാണ് ഇത്തവണത്തെ മേളയിൽ അണിനിരന്നത്. 15 ലക്ഷത്തിലേറെ ശീർഷകങ്ങളിലുള്ള പുസ്തകങ്ങളാണ് അവർ അണിനിരത്തിയത്. 39 രാജ്യങ്ങളിൽ നിന്നുള്ള 158 അതിഥികൾ മുന്നൂറിലേറെ സാംസ്‌കാരികപരിപാടികൾക്കായി എത്തി. അനുബന്ധ പരിപാടികൾക്കായും നൂറുകണക്കിന് അതിഥികളെത്തി.


