ദുബൈയിൽ തൊഴിലാളികളുടെ ബസ്സുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു
ദുബൈ : തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ സുരക്ഷാക്രമീകരണങ്ങൾ ദുബൈ പോലീസ് ശക്തമാക്കുന്നു. ഇത്തരം വാഹനങ്ങൾ അപകടത്തിൽപെടുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ ദുബൈ പോലീസ് തീരുമാനിച്ചത്. തൊഴിലാളികള്‍ക്കായുള്ള വാഹനങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിൽ ആർ.ടി.എ. പ്രചാരണവും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി പരിശോധനയും ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് വാഹനത്തിലെ യാത്രക്കാർ എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിർബന്ധമാണ്. ഇത് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും ബാധകമാണെന്ന് ദുബൈ പോലീസിലെ ഗതാഗത സുരക്ഷാ വിഭാഗം മേധാവി മേജർ ജനറൽ അനസ് അൽ മത്രൂഷി വ്യക്തമാക്കി. ട്രാഫിക് വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ വാഹനങ്ങൾക്കും എല്ലാ സീറ്റുകളിലും സീറ്റ് ബെൽറ്റുകൾ ഉണ്ടാകണമെന്നും യാത്രക്കാർ ഇത്
ധരിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സീറ്റ് ബെൽറ്റിന്റെ പ്രാധാന്യം സംബന്ധിച്ച് തൊഴിലാളികൾക്കിടയിലും ബോധവൽക്കരണം നടത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തൊഴിലാളികളെ കൊണ്ടുപോകുകയായിരുന്ന മിനിബസ് പിക്കപ്പുമായി കൂട്ടിയിടിച്ച് ഏഴുതൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ടുവാഹനങ്ങളും കീഴ്‌മേൽ മറിഞ്ഞു. മിനിബസ്സിൽ സീറ്റ് ബെൽറ്റുകൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. 27 തൊഴിലാളികളെകൊണ്ടുപോകുകയായിരുന്ന മറ്റൊരു ബസ് ഓടിക്കൊണ്ടിരിക്കുന്പോൾ തീപിടിച്ചതും കഴിഞ്ഞയാഴ്ചയാണ്. യാത്രക്കാർ പെട്ടന്ന് പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.
നിർമ്മാണക്കന്പനികളുടെ തൊഴിലാളികൾക്കായുള്ള വാഹനങ്ങളിൽ നിരന്തരപരിശോധന നടത്തുന്നുണ്ടെന്ന് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ പാലിക്കാത്ത, നിയമ ലംഘനങ്ങൾ നടത്തിയ 2200 കന്പനികൾക്ക് പിഴയും വിധിച്ചിട്ടുണ്ട്.

