മെസി പി.എസ്.ജി വിടും


നിലവിലെ കരാർ അവസാനിക്കുന്നതോടെ ലയണൽ മെസി പാരീസ് സെന്റ് ജെർമെയ്ൻ വിടുമെന്ന് റിപ്പോർട്ട്. അർജന്റീനിയൻ സൂപ്പർ താരവുമായുള്ള കരാർ പിഎസ്ജി പുതുക്കില്ലെന്നാണ് വിവരം. മെസിയുടെ അനധികൃത സൗദി യാത്ര, താരവും ക്ലബും തമ്മിലുള്ള ബന്ധം തകർത്തതായി പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ടീം വിടാനുള്ള തീരുമാനം മെസിയുടെ പിതാവും ഏജന്റുമായ ജോർജ് മെസി പിഎസ്ജിയെ അറിയിച്ചതായി ട്രാൻസ്ഫർ വിദഗ്ധൻ ഫാബ്രിസിയോ റൊമാനോ അവകാശപ്പെടുന്നു. ക്ലബ്ബിന്റെ അനുമതിയില്ലാതെ മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്തതിന്, മെസിക്ക് ഫ്രഞ്ച് ഭീമന്മാർ രണ്ടാഴ്ചത്തെ സസ്‌പെൻഷൻ നൽകിയതിന് പിന്നാലെയാണ് ഈ വാർത്ത വരുന്നത്. ഞായറാഴ്ച ലോറിയന്റിനോട് പിഎസ്ജിയുടെ ഹോം തോൽവി(3-1) ഏറ്റുവാങ്ങിയതിന് പിന്നാലെ, 35-കാരൻ മിഡിൽ ഈസ്റ്റിലേക്ക് യാത്ര പോയിരുന്നു. ഗൾഫ് രാജ്യങ്ങളുടെ ടൂറിസം അംബാസഡർ എന്ന നിലയിലുള്ള തന്റെ ചുമതലയുടെ ഭാഗമായാണ് മെസി യാത്ര നടത്തിയതെന്നാണ് കരുതുന്നത്. എന്നാൽ അന്ന് പരിശീലനം നിശ്ചയിച്ചിരുന്നതിനാൽ യാത്രയ്ക്ക് ക്ലബ് അനുമതി നൽകിയിരുന്നില്ല. പിന്നാലെയാണ് രണ്ടാഴ്ചത്തെ സസ്പെൻഷൻ ഏർപ്പെടുത്തിയത്.

സസ്പെന്‍ഷന്‍ കാലത്ത് മെസിക്ക് കളിക്കാനും പരിശീലിക്കാനും അനുമതിയില്ല. ഈ കാലയളവില്‍ പ്രതിഫലവും ക്ലബ്ബ് നല്‍കില്ല. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസ്സിക്ക് ഈ സീസണില്‍ ഇനി കളിക്കാനാകുക മൂന്നു മത്സരങ്ങള്‍ മാത്രമാകും. പിഎസ്ജിക്ക് വേണ്ടി 71 മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ മെസി നേടിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed