ട്വന്‍റി-20 ലോകകപ്പ്; സിംബാബ്‌വെ‌യെ പരാജയപ്പെടുത്തി ഇന്ത്യ


നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ദിനത്തിൽ മറ്റൊരു ക്രിക്കറ്റ് അത്ഭുതം പ്രതീക്ഷിച്ചവരെ നിരാശരാക്കി ട്വന്‍റി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരം. സെമി ഫൈനലിലേക്ക് പ്രവേശനം ഉറപ്പാക്കിയിരുന്ന ഇന്ത്യ 71 റൺസിനാണ് കുഞ്ഞന്മാരായ സിംബാബ്‌വെ‌യെ പരാജയപ്പെടുത്തിയത്.

സൂര്യകുമാർ യാദവിന്‍റെയും കെ. എൽ. രാഹുലിന്‍റെയും അർധ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ ഇന്നിംഗ്സ് 115 റൺസിൽ അവസാനിച്ചു.

സ്കോർ:
ഇന്ത്യ 186/5(20)
സിംബാബ്‌വെ 115/10(17.2)

ഫോം വീണ്ടെടുത്ത ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ രാഹുൽ, ടോസ് നേടി ബാറ്റ് ചെയ്യാനുള്ള നായകൻ രോഹിത് ശർമയുടെ തീരുമാനത്തെ പൂർണമനസോടെ സ്വീകരിച്ചു. 35 പന്തിൽ മൂന്ന് വീതം ഫോറും സിക്സും നേടിയ രാഹുൽ 51 റൺസാണ് അടിച്ചെടുത്തത്. പതിവ് തെറ്റിക്കാതെ നടത്തിയ വെടിക്കെട്ടിൽ ആറ് ഫോറും നാല് സിക്സും പറത്തി സൂര്യകുമാർ യാദവ് 25 പന്തിൽ 61* റൺസ് നേടി.

വൈഡ് ലൈനിന് സമീപത്തെത്തുന്ന പന്തിനെ സ്വീപ് ഷോട്ട് കണക്കെ ലെഗ് സൈഡിലേക്ക് സിക്സറിന് കോരിയിട്ട സ്കൈയുടെ മുന്നിൽ സിംബാബ്‌വെ ബൗളർമാർ നിഷ്പ്രഭരായെങ്കിലും ഷോൻ വില്യംസ് രണ്ട് ഓവറിൽ ഒന്പത് റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. റിച്ചാർഡ് ഗാരവ, ബ്ലെസിംഗ് മുസരബാനി, സിക്കന്ദർ റാസ എന്നിവരും വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ ഇടംനേടി.

മറുപടി ബാറ്റിംഗിൽ തുടക്കം മുതൽ തകർച്ച നേരിട്ട സിംബാബ്‌വെയുടെ ഏഴ് ബാറ്റർമാർ ഒറ്റയക്ക സ്കോറിനാണ് പുറത്തായത്. 22 പന്തിൽ 35 റൺസ് നേടിയ റയൻ ബേൾ മധ്യ ഓവറുകളിൽ റൺസ് കണ്ടെത്തിയെങ്കിലും ആർ. അശ്വിന്‍ കാസിൽ ചെയ്തതോടെ അദേഹത്തിന്‍റെ പോരാട്ടം അവസാനിച്ചു. സിക്കന്ദർ റാസ 34 റൺസ് നേടി.

മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടും അർഷ്ദീപ് സിംഗ്, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ജയത്തോടെ എട്ട് പോയിന്‍റുമായി പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും. മൂന്ന് പോയിന്‍റ് മാത്രമുള്ള സിംബാബ്‌വെ പട്ടികയിൽ അവസാന സ്ഥാനത്താണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed