ട്വന്‍റി-20 ലോകകപ്പ്; ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് വിജയം

ട്വന്‍റി-20 ലോകകപ്പ് സെമി ഫൈനലിലെ അവശേഷിക്കുന്ന ഒരു സ്ഥാനത്തിനായി നടന്ന വാശിയേറിയ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് വിജയം. പരാജിത ടീം നോക്കൗട്ട് ദുർവിധി നേരിടുമെന്നുറപ്പിച്ചിറങ്ങിയ മത്സരത്തിൽ അഞ്ച് വിക്കറ്റിന്‍റെ ജയമാണ് പാക് പട സ്വന്തമാക്കിയത്.
നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 128 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ജയം സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനായി ഓപ്പണർ നജ്മുൽ ഹുസൈൻ ഷാന്‍റോ(54) മികച്ച തുടക്കം നൽകിയെങ്കിലും മറ്റ് ബാറ്റർമാരിൽ നിന്ന് യാതൊരു വിധ പിന്തുണയും ലഭിച്ചില്ല. 48 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പെടുന്ന ഇന്നിംഗ്സിലൂടെയാണ് ഷാന്‍റോ അർധ സെഞ്ചുറി തികച്ചത്.
24 റൺസ് നേടിയ ആഫിഫ് ഹുസൈനാണ് ബംഗ്ലാ നിരയിലെ രണ്ടാമത്തെ മികച്ച സ്കോറിനുടമ. 10.4 ഓവറിൽ 73-2 എന്ന നിലയിലായിരുന്ന ബംഗ്ലാദേശിന് അടുത്ത ഒന്പത് ഓവറിൽ 54റൺസ് മാത്രമാണ് നേടാനായത്. നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ ഷഹീൻ അഫ്രീദിയാണ് ബംഗ്ലാ ബാറ്റർമാരെ ഒതുക്കിയത്. ഷദാബ് ഖാൻ രണ്ടും ഇഫ്തിഖർ അഹ്മദ്, ഹാരിസ് റൗഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
സെമിയിലേക്ക് നിസാരമായി ബാറ്റ് വീശുമെന്ന് കരുതിയ പാക്കിസ്ഥാനെ മധ്യനിര ബാറ്റർമാർ ഒരു വേള ആശങ്കയിലാക്കിയിരുന്നു. ആദ്യ ഓവറിൽ ജീവൻ തിരിച്ചുകിട്ടിയ ഓപ്പണർ മുഹമ്മദ് റിസ്വാൻ(32), നായകൻ ബാബർ അസം(25) എന്നിവർ മികച്ച തുടക്കമാണ് നൽകിയത്.
ചെറിയ സ്കോറിനെ പ്രതിരോധിക്കാൻ കിണഞ്ഞ് പരിശ്രമിച്ച ബംഗ്ലാ ബൗളർമാരുടെ മുന്നിൽ പാക് ബാറ്റർമാർ പതറിയെങ്കിലും ഷാൻ മസൂദ്(24) ടീമിനെ വിജയത്തിലെത്തിച്ചു. നാസും അഹ്മദ്, ഷാക്കിബ് അൽ ഹസൻ, മുസ്തഫിസുർ റഹ്മാൻ, എബാദത്ത് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ജയത്തോടെ ആറ് പോയിന്‍റുമായി പാക്കിസ്ഥാൻ സെമി ബെർത്ത് ഉറപ്പിച്ചപ്പോൾ നാല് പോയിന്‍റുള്ള ബംഗ്ലാദേശിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു.
ോ